പകര്‍ച്ചവ്യാധി നിയന്ത്രണം: കര്‍ശന നടപടികള്‍ക്ക് നിര്‍ദേശം
തിരുവനന്തപുരം: പകര്‍ച്ചവ്യാധികള്‍ പടരുന്ന സാഹചര്യത്തില്‍ പ്രതിരോധത്തിനും ചികിത്സയ്ക്കും കര്‍ശന നടപടികളുമായി ആരോഗ്യ വകുപ്പ്. കൊതുകു നിവാരണവും ശുചീകരണ പ്രവര്‍ത്തനങ്ങളും ഏറ്റെടുക്കാത്ത വാര്‍ഡുകളില്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ അടിയന്തര ഇടപെടല്‍ ഈ മേഖലകളില്‍ ആവശ്യമാണെന്നും ആരോഗ്യവകുപ്പ് സബ്‌സെന്റര്‍ മുതല്‍ മെഡിക്കല്‍ കോളജുകള്‍ വരെ രോഗപ്രതിരോധത്തിനും ചികിത്സക്കുമുള്ള തയാറെടുപ്പുകള്‍ കൂടുതല്‍ ശക്തമാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. താലൂക്ക്, ജില്ലാ ആശുപത്രികളില്‍ പനി ബാധിച്ചെത്തുന്നവര്‍ക്കായി തയാറെടുപ്പുകള്‍ നടത്തണം. രോഗികളുടെ എണ്ണം കൂടുന്നുവെങ്കില്‍ പനി വാര്‍ഡുകള്‍ സജ്ജമാക്കണം.
തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുമായും ജനപ്രതിനിധികളുമായും ബന്ധപ്പെട്ട് കൊതുകു വലകള്‍ പോലുള്ള സംവിധാനങ്ങള്‍ ഒരുക്കണം. ഡോക്ടര്‍മാരുടെ അവധി കര്‍ശനമായി നിയന്ത്രിക്കും. സര്‍ക്കാര്‍ അനുമതിയില്ലാതെ നിസാരമായ കാരണങ്ങള്‍ക്ക് അവധിയില്‍ പോകാന്‍ അനുവദിക്കില്ല.
ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങളും മുന്‍കരുതലുകളും പൊതുജനങ്ങള്‍ കൃത്യമായിപാലിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. ആയുഷ് വകുപ്പ് ആയുര്‍വേദ, ഹോമിയോ പ്രതിരോധ സംവിധാനങ്ങളുമായി സജീവമായി രംഗത്തുണ്ട്. ഇത് പരമാവധി ഉപയോഗപ്പെടുത്താന്‍ പൊതു ജനങ്ങള്‍ തയാറാകണം.
തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍, ജനപ്രതിനിധികള്‍ മുഖേന അതിനുള്ള അവസരം ജനങ്ങള്‍ക്ക് ഉണ്ടാക്കികൊടുക്കണം. ഈ കാര്യങ്ങള്‍ ദിവസവും പരിശോധിക്കുന്നതിന് ആരോഗ്യവകുപ്പ് മന്ത്രിയുടെ ഓഫിസ്, ആരോഗ്യവകുപ്പ് ഡയറക്ടറുടെ കാര്യാലയം, മെഡിക്കല്‍ കോളജുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പ്രത്യേക മോണിറ്ററിങ് സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും പകര്‍ച്ചവ്യാധി നിയന്ത്രിക്കുന്നതിന് കൂടുതല്‍ ശക്തമായ ഇടപെടലുകള്‍ നടത്തണമെന്ന് ആരോഗ്യ, ആയുഷ് വകുപ്പുകള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."