ബക്കര്‍ എടക്കഴിയൂര്‍ നിര്യാതനായി
ചാവക്കാട്: അറബന മുട്ട് ആചാര്യന്‍ ബക്കര്‍ എടക്കഴിയൂര്‍ (77) നിര്യാതനായി. അറബനമുട്ട് എന്ന കലാരൂപത്തെ ജനകീയമാക്കുന്നതില്‍ പ്രധാനിയായിരുന്നു. അറബന മുട്ട് കേരളാ സ്‌കൂള്‍ കലോത്സവങ്ങളിലെ ഇഷ്ട കലയാക്കി മാറ്റിയതില്‍ വലിയ പങ്ക് വഹിച്ചു.
ദൂരദര്‍ശന്‍, ആകാശവാണി എന്നിവയിലുള്‍പ്പടെ രാജ്യത്തും വിദേശത്തും അറബന മുട്ട് അവതരിപ്പിച്ചിട്ടുണ്ട്. ആനുകാലികങ്ങളില്‍ അറബനമുട്ടിനെക്കുറിച്ചെഴുതാറുണ്ടായിരുന്ന ബക്കര്‍, സുവര്‍ണ കല, അറബന മുട്ട് ചിട്ടകളും പാട്ടുകളും എന്നീ പുസ്തകങ്ങളും രചിട്ടിട്ടുണ്ട്. മാപ്പിള കലാരംഗത്ത് നല്‍കിയ മഹത്തായ സംഭാവനകളെ മാനിച്ച് 2003ല്‍ സംഗീത നാടക അക്കാദമി പുരസ്‌കാരം നല്‍കി ആദരിച്ച ബക്കര്‍ എടക്കഴിയൂരിന് ഫോക് ലോര്‍ അക്കാദമി പുരസ്‌കാരം, മോയിന്‍കുട്ടി വൈദ്യര്‍ സാഹിത്യ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
തിരുവനന്തപുരം ദൂരദര്‍ശന്‍, പൊന്നാനി കേരള മാപ്പിള കലാ പിരിശീലന കേന്ദ്രം, എക്കോസ് തുടങ്ങി നിരവധി സ്ഥാപനങ്ങളും സംഘടനകളും അദ്ദേഹത്തിന് ഉപഹാരവും പ്രശസ്തി പത്രവും നല്‍കി ആദരിച്ചിട്ടുണ്ട്. മരണ വിവരമറിഞ്ഞ് കെ.വി അബ്ദുല്‍ ഖാദര്‍ എം.എല്‍.എ, മാപ്പിളപ്പാട്ട് ഗവേഷകന്‍ ഫൈസല്‍ എളേറ്റില്‍, മഹാകവി മോയീന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമി സെക്രട്ടറി റസാഖ് പയംബ്രോട്ട്, കാര്‍ട്ടൂണിസ്റ്റ് കുട്ടി എടക്കഴിയൂര്‍ തുടങ്ങിയവര്‍ എന്നിവര്‍ അന്ത്യോപചാരമര്‍പ്പിക്കാനെത്തി. എടക്കഴിയൂര്‍ പരേതനായ ഉണിക്കണ്ടത്ത് മമ്മുവാണ് പിതാവ്. ഭാര്യ: കോലയില്‍ ഖദീജ. മക്കള്‍: പരേതനായ സുധീര്‍, ബനാസിര്‍, ഷാഹിന. മരുമക്കള്‍: അഷ്‌റഫ്, ഉമര്‍, ഹഫ്‌സത്ത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."