യു.എ.ഇ പൊതുമാപ്പ് തീരാന്‍ മൂന്നു ദിനം
മുഹമ്മദലി വാഫി തെന്നല
അബുദാബി നിയമവിരുദ്ധ താമസക്കാര്‍ക്ക് ശിക്ഷയില്ലാതെ രാജ്യം വിടാന്‍ യു.എ.ഇ പ്രഖ്യാപിച്ച മൂന്നു മാസത്തെ പൊതുമാപ്പ് ബുധനാഴ്ച അവസാനിക്കും. നിയമ ലംഘകര്‍ എത്രയും വേഗം അവസരം പ്രയോജനപ്പെടുത്തണമെന്നും കാലാവധി നീട്ടില്ലെന്നും ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് അറിയിച്ചു.
ഓഗസ്റ്റ് ഒന്നിന് പ്രഖ്യാപിച്ച മൂന്നു മാസത്തെ പൊതുമാപ്പാണ് ഈ മാസം 31 ന് അവസാനിക്കുന്നത്. ഇന്ത്യ അടക്കം വിവിധ രാജ്യക്കാരായ നൂറുകണക്കിന് ആളുകള്‍ ഇതോടകം പൊതുമാപ്പ് പ്രയോജനപ്പെടുത്തി രാജ്യം വിട്ടു. രേഖകള്‍ ശരിപ്പെടുത്തി ഇവിടെ തന്നെ തുടരുന്നവരും ഏറെ. പുതിയ വിസ കണ്ടെത്താന്‍ അധികൃതര്‍ അനുവദിച്ച ആറു മാസത്തെ താല്‍ക്കാലിക വിസ നേടിയവരില്‍ മലയാളികളും ഏറെയുണ്ട്.
പൊതുമാപ്പ് കാലയളവില്‍ രാജ്യം വിട്ടുപോകാന്‍ മുന്നോട്ടുവന്നവരുടെ പിഴ എത്ര വലുതാണെങ്കിലും അധികൃതര്‍ എഴുതി തള്ളുന്നുണ്ട്. 20 വര്‍ഷത്തിലേറെ അനധികൃതമായി യുഎഇയില്‍ തങ്ങിയ ശേഷം പൊതുമാപ്പ് ഉപയോഗപ്പെടുത്തി നാട്ടിലേക്ക് മടങ്ങാന്‍ മുന്നോട്ടുവന്നവരില്‍നിന്ന് ഒരു ഫില്‍സുപോലും പിഴ ഈടാക്കിയില്ല. മാത്രമല്ല രേഖകള്‍ എത്രയും വേഗം ശരിപ്പെടുത്തി നാട്ടിലേക്ക് അയക്കുകയായിരുന്നു. ലക്ഷങ്ങളുടെ പിഴയാണ് ഈയിനത്തില്‍ യു എ ഇ എഴുതിത്തള്ളിയത്.
പാക്കിസ്ഥാന്‍, ബംഗ്ലേദേശ്, ശ്രീലങ്ക, ആഫ്രിക്ക, ഇന്തോനീഷ്യ, ഫിലീപ്പീന്‍സ് രാജ്യക്കാരാണ് പൊതുമാപ്പ് ഉപയോഗപ്പെടുത്തിയവരില്‍ കൂടുതലും. മറ്റു രാജ്യക്കാരെ അപേക്ഷിച്ച് ഇത്തവണ പൊതുമാപ്പ് പ്രയോജനപ്പെടുത്തിയ ഇന്ത്യക്കാര്‍ കുറവായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."