സിറിയക്കാര്‍ക്ക് 'ജെയ്പൂര്‍ ഫൂട്ടി'ന്റെ സഹായഹസ്തം
ദമസ്‌കസ്: ആഭ്യന്തര യുദ്ധക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന സിറിയന്‍ ജനതയ്ക്കു സഹായവുമായി ഇന്ത്യയിലെ 'ജെയ്പൂര്‍ ഫൂട്ട് ' കമ്പനി. കൃത്രിമ അവയവങ്ങള്‍ നിര്‍മിക്കുന്ന ഇന്ത്യന്‍ കമ്പനിയുടെ മാതൃസ്ഥാപനമായ ഭഗവാന്‍ മഹാവീര്‍ വികലാങ് സഹായതാ സമിതി (ബി.എം.വി.എസ്.എസ്) സിറിയയില്‍ പ്രത്യേക ക്യാംപ് നടത്തും.
യുദ്ധത്തിനിടെ അംഗഭംഗം സംഭവിച്ചവരെ കണ്ടെത്തി കൃത്രിമാവയവങ്ങള്‍ നിര്‍മിച്ചുനല്‍കുകയാണ് ബി.എം.വി.എസ്.എസ് ലക്ഷ്യമിടുന്നത്. ഇതിനായി സിറിയന്‍ സംഘടന സെന്റ്. ജെയിംസ് ദി മ്യൂട്ടിലേറ്റഡു (എസ്.ജെ.എം)മായി ബി.എം.വി.എസ്.എസ് സഹകരണ കരാറില്‍ ഒപ്പുവച്ചു. കരാര്‍ പ്രകാരം ഇന്ത്യന്‍-സിറിയന്‍ വിദേശകാര്യ മന്ത്രാലയങ്ങളുടെ സഹായത്തോടെ സംഘടന സിറിയയില്‍ ആറു മാസത്തിനകം മെഡിക്കല്‍ ക്യാംപ് നടത്തും.
ആദ്യ ഘട്ടമായി ക്യാംപില്‍നിന്നു തെരഞ്ഞെടുക്കപ്പെടുന്ന 500 വികലാംഗര്‍ക്കു കൃത്രിമാവയവങ്ങള്‍ നിര്‍മിച്ചുനല്‍കും. അടുത്ത ഘട്ടങ്ങളിലായി കൂടുതല്‍ പേര്‍ക്ക് ഇത്തരത്തില്‍ സഹായം എത്തിക്കാനാണ് കരാറിലൂടെ ലക്ഷ്യമിടുന്നത്. 2011 മാര്‍ച്ചില്‍ ആരംഭിച്ച സിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍ ഇതുവരെ 1,16,720 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
ലക്ഷക്കണക്കിനു പേര്‍ക്കു പരുക്കേല്‍ക്കുകയും രോഗികളാകുകയും ചെയ്തു. ഇതില്‍ ഒരു ലക്ഷത്തിലേറെ പേര്‍ക്ക് അംഗഭംഗം സംഭവിച്ചതായി എസ്.ജെ.എമ്മിനു നേതൃത്വം നല്‍കുന്ന മദര്‍ ആഗ്നസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."