കൂടാളിയില്‍ പുലിയിറങ്ങിയെന്ന അഭ്യൂഹം പരിഭ്രാന്തി പരത്തി
ചക്കരക്കല്‍: കൂടാളി കോയ്യോട്ടുംചാലില്‍ പുലിയെ കണ്ടതായുള്ള അഭ്യൂഹം പ്രദേശവാസികളില്‍ പരിഭ്രാന്തി പരത്തി. പ്രദേശത്തു നിന്നു കണ്ടെത്തിയ കാല്‍പ്പാടുകള്‍ പുലിയുടേതല്ല വലിയ കാട്ടുപൂച്ചയുടേതാണെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചതോടെയാണ് പലരുടെയും ശ്വാസം നേരെ വീണത്. ഇന്നലെ പുലര്‍ച്ചെ നാലുമണിക്കാണ് ആയിക്കരയിലേക്ക് മത്സ്യമെടുക്കാന്‍ പോയ വാഹനങ്ങളിലുള്ളവര്‍ കോയ്യോടുംചാലില്‍ റോഡിനുകുറുകെ പുലിയെന്നു തോന്നിക്കുന്ന വലിയ ജീവി ചാടിമറയുന്നതു കണ്ടത്.
പരിഭ്രാന്തരായ ഇവര്‍ നാട്ടുകാരെ വിവരമറിയിച്ചു. പ്രദേശത്ത് വ്യാപകമായ തെരച്ചില്‍ നടത്തിയെങ്കിലും കാല്‍പ്പാടുകളല്ലാതെ ഒന്നും കണ്ടെത്തിയില്ല. മട്ടന്നൂര്‍ പൊലിസ് സ്ഥലത്തെത്തി. കാല്‍പ്പാടുകള്‍ പരിശോധിക്കുന്നതിനായി വനപാലകരുമെത്തി.
കാല്‍പ്പാടുകള്‍ പരിശോധിച്ച് ഒരുതരം വലിയ കാട്ടുപൂച്ചയുടെ കാല്‍പ്പാടുകളാണിതെന്ന നിഗമനത്തിലെത്തുകയായിരുന്നു.
പുലിപ്പേടിയെ തുടര്‍ന്ന് സലഫി ഉമര്‍ നഴ്‌സറി സ്‌കൂളിനും തൊട്ടടുത്തുള്ള മദ്‌റസയ്ക്കും അവധി നല്‍കിയുരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."