ചിറയിന്‍കീഴ് താലൂക്കാശുപത്രിയുടെ പദവിയുയര്‍ത്തുന്നു; അനുമതിയായി
കല്ലമ്പലം: ചിറയിന്‍കീഴ് താലൂക്കാശുപത്രിയെ ജില്ലാ ആശുപത്രി പദവിയിലേക്ക് ഉയര്‍ത്തുന്നതിനുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 50. 78 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍ അനുമതിയായി. കേരളത്തിലെ തിരഞ്ഞെടുത്ത അഞ്ച് താലൂക്ക് ആശുപത്രികളെയാണ് ജില്ലാ ആശുപത്രിയുടെ മാതൃകാ പദവിയിലേക്ക് ഉയര്‍ത്തുന്നത്.
ഈ പട്ടികയിലെ ആദ്യ ആശുപത്രി ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയാണ്. ആധുനിക സൗകര്യങ്ങളുള്ള ആശുപത്രികളോട് കിടപിടിക്കുന്ന രീതിയിലുള്ള മാറ്റമാണ് ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ നടപ്പിലാക്കുവാന്‍ പോകുന്നത്. പദ്ധതി നടത്തിപ്പിനായി കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഉത്തരവിറങ്ങിയതോടെ പദ്ധതിക്ക് സാധ്യത തെളിഞ്ഞു. ചിറയിന്‍കീഴ് താലൂക്കിലെ നിര്‍ധനരോഗികളുടെ ഏക ആശ്രയം ഈ ആശുപത്രിയാണ്. എന്നാല്‍ കഴിഞ്ഞ കുറേ കാലമായി ആശുപത്രിയുടെ പ്രവര്‍ത്തനം വിവിധ കാരണങ്ങളാല്‍ താറുമാറായി. രണ്ട് വര്‍ഷം മുമ്പാണ് ഡെപ്യുട്ടി സ്പീക്കര്‍ വി. ശശി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. സുഭാഷ്, എച്ച്.എം.എ.സി അധികൃതര്‍ എന്നിവര്‍ ചേര്‍ന്ന് ആശുപത്രിയെ ജില്ലാ ആശുപത്രി പദവിലേക്ക് ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ തുടങ്ങിയത്.
താലൂക്ക് ആശുപത്രിയുടെ സമഗ്ര വികസനത്തിനായി സര്‍ക്കാരിന് കോണ്‍സെപ്റ്റ് പേപ്പര്‍ സമര്‍പ്പിച്ച് പദ്ധതിക്ക് തുടക്കം കുറിച്ചു. താലൂക്കാശുപത്രിയിലെ പോരായ്മകള്‍ ഓരോന്നായി സര്‍ക്കാരിലും ആരോഗ്യ വകുപ്പിലും അവതരിപ്പിച്ച് പദ്ധതിക്ക് അംഗീകാരം നേടാനുള്ള ശ്രമവും ആരംഭിച്ചിരുന്നു. പദ്ധതിയെക്കുറിച്ച് പഠിക്കുന്നതിനും റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനുമായി കേരള സ്റ്റേറ്റ് ബില്‍ഡിങ് കോര്‍പ്പറേഷന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ചിറയിന്‍കീഴ് താലൂക്കാശുപത്രിയില്‍ പദ്ധതി നടപ്പിലാക്കുന്നതിന് തടസങ്ങള്‍ ഇല്ലെന്ന റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിച്ചതോടെ പദ്ധതിക്ക് സാധ്യത തെളിയുകയായിരുന്നു.
കിഫ്ബിയുടെ ഫണ്ട് വിനിയോഗിച്ചാണ് ആശുപത്രിയുടെ വികസനം നടത്തുക. കിഫ്ബിയുടെ മാനദണ്ഡങ്ങള്‍ പാലിച്ച് പദ്ധതി നടപ്പിലാക്കുന്നതിന് സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കുന്നു. പദ്ധതിയുടെ റിപ്പോര്‍ട്ട് കിഫ്ബിക്ക് ലഭിച്ചതോടെ ആശുപത്രിയിലേക്ക് ആവശ്യമായ പുതിയ കെട്ടിടം നിര്‍മിക്കുന്നതിനും അനുബന്ധ നിര്‍മാണം നടത്തുന്നതിനുമായുള്ള വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയാറാക്കി. ഇന്‍കെലിനായിരുന്നു ചുമതല. ഇന്‍കെലിന്റെ വിദഗ്ധസമിതി സ്ഥലം സന്ദര്‍ശിച്ച് പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കി സര്‍ക്കാറിന് സമര്‍പ്പിച്ചു.
പദ്ധതി സര്‍ക്കാര്‍ അംഗീകരിച്ചതോടെയാണ് നിര്‍മാണ പ്രവര്‍ത്തനത്തിനായി 50.78 കോടി രൂപ അനുവദിച്ചത്. അഞ്ചുനില കെട്ടിടമാണ് ആശുപത്രിയില്‍ നിര്‍മിക്കുന്നത്. ആശുപത്രിയുടെ പല ഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്ന വിവിധ വിഭാഗങ്ങളെ ഏകോപിപ്പിച്ച് ഒറ്റ മന്ദിരത്തില്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ സാധിക്കും. കൂടാതെ കെട്ടിടം പൂര്‍ത്തിയാകുന്ന മുറയ്ക്ക് 19.22 കോടി രൂപയുടെ ആധുനിക ഉപകാരങ്ങളും ആശുപത്രിയില്‍ സ്ഥാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."