ഇന്ന് ഇന്ദിരാ ഗാന്ധിയുടെ 34-ാം ചരമവാര്‍ഷികം; പുഷ്പാഞ്ജലി അര്‍പ്പിച്ച് കോണ്‍ഗ്രസ് നേതാക്കള്‍
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ 34-ാം ചരമവാര്‍ഷിക ദിനമായ ഇന്ന് സ്മൃതിമണ്ഡപത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പുഷ്പാഞ്ജലി അര്‍പ്പിക്കാനെത്തി.
''നമ്മുടെ മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ചരിമവാര്‍ഷികത്തില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിക്കുന്നു''- പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.
തന്റെ മുത്തശ്ശിയെ സന്തോഷത്തോടെ ഓര്‍ക്കുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. ''ദാദിയെ ഇന്ന് വളരെ സന്തോഷത്തോടെ ഓര്‍ക്കുന്നു. അവര്‍ എന്നെ കുറേ പഠിപ്പിക്കുകയും അനശ്വരമായ സ്‌നേഹം നല്‍കുകയും ചെയ്തു. അവരില്‍ ഞാന്‍ അഭിമാനിക്കുന്നു''- രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
രാഹുല്‍ ഗാന്ധി, യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധി, മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് എന്നിവരും 'ശക്തി സ്ഥലി'ല്‍ എത്തി 'ഉരുക്കു വനിത'യുടെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാഞ്ജലി അര്‍പ്പിച്ചു.
ലോകത്തു തന്നെ അറിയപ്പെട്ട ഇന്ത്യയുടെ ഭരണാധികാരിയായ ഇന്ദിരാ ഗാന്ധി, 1984 ഒക്ടോബര്‍ 31ന് അക്ബര്‍ റോഡിലെ തന്റെ വസതിയില്‍ വച്ച് സ്വന്തം അംഗരക്ഷകരുടെ വെടിയേറ്റു മരിക്കുകയായിരുന്നു. അമൃത് സറിലെ ഗോള്‍ഡല്‍ ടെംപിളില്‍ ഇന്ദിരാ ഗാന്ധിയുടെ നിര്‍ദേശപ്രകാരം സിഖ് തീവ്രവാദികളെ തുരത്താന്‍ നടത്തിയ 'ഓപ്പറേഷന്‍ ബ്ലൂ സ്റ്റാറി'നെത്തുടര്‍ന്നായിരുന്നു ഇത്. സിഖ് വിഭാഗത്തില്‍പ്പെട്ട അംഗരക്ഷകരാണ് ഇന്ദിരയെ വെടിവച്ചത്.
ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും കമല നെഹ്‌റുവിന്റെയും മകളായി 1917 നവംബര്‍ 19 നാണ് ഇന്ദിരാ ഗാന്ധി ജനിച്ചത്.
ഇന്ത്യ ഏറ്റവും കൂടുതല്‍ കാലം ഭരിച്ച രണ്ടാമത്തെ പ്രധാനമന്ത്രിയാണ് ഇന്ദിരാ ഗാന്ധി. മൂന്നു കാലയളവിലായി ഏതാണ്ട് 16 വര്‍ഷത്തോളം പ്രധാനമന്ത്രിയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."