സ്വാഗതപ്രാസംഗികയെച്ചൊല്ലി തര്‍ക്കം; മന്ത്രി പങ്കെടുത്ത ചടങ്ങ് അലങ്കോലപ്പെട്ടു
നെടുമങ്ങാട് (തിരുവനന്തപുരം): ആര്യനാട് ഗവ. സ്‌കൂളിലെ പുതിയ കെട്ടിട ഉദ്ഘാടനചടങ്ങ് സി.പി.എം കോണ്‍ഗ്രസ് സംഘര്‍ഷത്തെ തുടര്‍ന്ന് അലങ്കോലപ്പെട്ടു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പങ്കെടുത്ത പരിപാടിയാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ആര്യനാട് ഗവ. വൊക്കേഷനല്‍ ആന്‍ഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പുതിയ ഹയര്‍ സെക്കന്‍ഡറി ബ്‌ളോക്ക് ഉദ്ഘാടനത്തിനായി അച്ചടിച്ച പ്രോഗ്രാം നോട്ടിസില്‍ സ്വാഗത പ്രാസംഗികയായി പഞ്ചായത്ത് പ്രസിഡന്റ് ഷാമിലാ ബീഗത്തിന്റെ പേരാണ് ഉള്‍പ്പെടുത്തിയിരുന്നത്. പി.ടി.എ കമ്മിറ്റിയുമായി കൂടിയാലോചിക്കാതെ നോട്ടിസ് അച്ചടിച്ചെന്നും സ്വാഗത പ്രാസംഗികയെ ഏകപക്ഷീയമായി തീരുമാനിച്ചെന്നും ആരോപിച്ച് മന്ത്രി എത്തുന്നതിന് മുന്‍പ് തന്നെ തര്‍ക്കം തുടങ്ങിയിരുന്നു. ജില്ലാ പഞ്ചായത്ത് അംഗം ബിജുമോഹനെ സ്വാഗത പ്രാസംഗികനാക്കണമെന്നായിരുന്നു സി. പി. എം പ്രവര്‍ത്തകരുടെ ആവശ്യം. ഇതേ തുടര്‍ന്ന് സ്വാഗത പ്രസംഗം ഇല്ലാതെയാണ് പരിപാടികള്‍ ആരംഭിച്ചത്. ചടങ്ങില്‍ കെ.എസ് ശബരീനാഥന്‍ എം.എല്‍.എയുടെ അധ്യക്ഷ പ്രസംഗം തുടങ്ങിയതോടെ ഇതേ ചൊല്ലിയുള്ള തര്‍ക്കം മൂര്‍ഛിച്ചു. മന്ത്രിയുടെ ഉദ്ഘാടന പ്രസംഗത്തിന് പിന്നാലെ നന്ദി പറയാനായി പ്രിന്‍സിപ്പലിനെ എം.എല്‍.എ ക്ഷണിച്ചതോടെ സി.പി.എം പ്രവര്‍ത്തകര്‍ പ്രകോപിതരാവുകയും കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി ഏറ്റുമുട്ടുകയുമായിരുന്നു. ഇതിനിടെ വേദിയില്‍ നിന്ന് മന്ത്രിയെ പൊലിസും ശബരീനാഥന്‍ എം.എല്‍ .എയും ചേര്‍ന്ന് രക്ഷപ്പെടുത്തി കാറിനടുത്തെത്തിച്ചു.
കൈയാങ്കളിയില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.കെ രതീഷ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍, പ്രതാപന്‍ എന്നിവര്‍ക്കും സി.പി.എം ലോക്കല്‍ സെക്രട്ടറി ദീക്ഷിത്,നേതാക്കളായ ശ്രീനാഥ്, രാമചന്ദ്രന്‍ ,അശോകന്‍ എന്നിവര്‍ക്കും പരുക്കേറ്റു. സംഭവത്തില്‍ പ്രതിഷേധിച്ച് സി.പി.എം ആര്യനാട് ലോക്കല്‍ കമ്മിറ്റി പ്രദേശത്ത് ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ഉദ്ഘാടനചടങ്ങിനോടുള്ള പ്രതിഷേധം പ്രസംഗത്തിലൂടെ മന്ത്രിയുടെ സാന്നിധ്യത്തില്‍ പറയാനുള്ള അവസരം ഉണ്ടായിട്ടും കുട്ടികളുടെ മുന്നില്‍വച്ച് സി.പി.എം പ്രവര്‍ത്തകര്‍ കൈയൂക്ക് കാണിച്ചത് പ്രതിഷേധാര്‍ഹമാണെന്ന് കെ.എസ് ശബരീനാഥന്‍ എം. എ.ല്‍.എ പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."