HOME
DETAILS
MAL
ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടി20 ഇന്ന്, മഴപ്പേടിയില്‍ മൊഹാലി
backup
September 17 2019 | 20:09 PM
മൊഹാലി: ആദ്യ ടി20 കവര്‍ന്ന മഴ ഇന്നും വില്ലനായെത്തരുതേ എന്ന പ്രാര്‍ഥനയോടെയാണ് ക്രിക്കറ്റ് ആരാധകര്‍ മൊഹാലിയില്‍ ഇന്ന് നടക്കുന്ന രണ്ടാം ടി20യെ ഉറ്റുനോക്കുന്നത്. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ടി20 ഇന്ന് രാത്രി മൊഹാലിയില്‍ നടക്കാനിരിക്കെ കാലാവസ്ഥ ഇന്ത്യക്ക് വില്ലനായുണ്ട്. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ മൂന്നു ഫോര്‍മാറ്റിലും പരമ്പര നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യയെങ്കില്‍ ലോകകപ്പിലെ ദുരന്തത്തിനു ശേഷം തിരിച്ചുവരവിനൊരുങ്ങുകയാണ് പുതിയ നായകന്റേയും ടീം മാനേജ്‌മെന്റിന്റേയും കീഴില്‍ ദക്ഷിണാഫ്രിക്ക.
മഴ ചതിക്കില്ല
ടോസ് പോലും ഇടാന്‍ കഴിയാതെയാണ് ധര്‍മശാലയില്‍ നടക്കേണ്ടിയിരുന്ന ആദ്യ ടി20 ഉപേക്ഷിച്ചത്. എന്നാല്‍ മൊഹാലിയില്‍ നിന്ന് ആരാധകര്‍ക്ക് അല്‍പ്പം ആശ്വാസം പകരുന്ന വാര്‍ത്തയാണ് ലഭിക്കുന്നത്. ഇവിടെ മഴ പെയ്യാന്‍ സാധ്യതയില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം. മഴ കളിക്ക് തടസമാവില്ലെന്നാണ് അറിയിപ്പെങ്കിലും ഇടയ്ക്ക് മഴ പെയ്യുമെന്ന സാധ്യതയും നിലനില്‍ക്കുന്നുണ്ട്.
മൂന്ന് മത്സരങ്ങളടങ്ങുന്ന പരമ്പരയിലെ രണ്ടാം മത്സരമാണിന്ന് നടക്കാനിരിക്കുന്നത്. ആയതിനാല്‍ മഴ അനൂകൂലമായാല്‍ ഇന്ന് ജയിക്കുന്ന ടീം പരമ്പരയില്‍ പരാജയപ്പെടില്ലെന്നതിനാല്‍ ഇന്നത്തെ കളി ഇരുടീമിനും നിര്‍ണായകം. താരതമ്യേന ബാറ്റിങ് പിച്ചാണ് മൊഹാലിയിലേത് എന്ന യാഥാര്‍ഥ്യം നിരത്തുമ്പോള്‍ റണ്‍മഴ ഒഴുക്കാന്‍ സാധ്യത കൂടുതലാണ്.
യുവതാരപ്രഭയില്‍ ഇരു ടീമും
ഇരു ടീമും ലോകകപ്പില്‍ സ്ഥാനം കണ്ടെത്താനായി യുവതാരങ്ങള്‍ക്ക് അവസരം നല്‍കുന്നുണ്ട്. ഇന്ത്യയുടെ ബൗളിങ് ത്രയങ്ങളായ ബുംറ, ഭുവനേശ്വര്‍, ഷാമി എന്നിവരെ പുറത്തിരുത്തി പുത്തന്‍ത്രയങ്ങളായ നവ്ദീപ് സൈനി, ഖലീല്‍ അഹമദ്, രാഹുല്‍ ചഹര്‍ എന്നിവരെ കൊണ്ടുവരുമ്പോള്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ്‌നിരയെ എറിഞ്ഞിടുമോ എന്ന് കണ്ടുതന്നെ അറിയണം.
അതേസമയം, കോഹ്‌ലി, രോഹിത്, ധവാന്‍ എന്നീ സീനിയര്‍ താരങ്ങള്‍ ബാറ്റിങില്‍ ഇടം പിടിച്ചതിനാല്‍ അവരെ വീഴ്ത്താന്‍ യുവതാരപ്രഭയുള്ള പ്രോട്ടിയന്‍സിന് ഇത്തിരി വിയര്‍ക്കേണ്ടി വരും. ഇവര്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഇന്ത്യക്കായി ബാറ്റിങിനിറങ്ങും. മത്സരത്തില്‍ രവീന്ദ്ര ജഡേജയെ ഉള്‍പ്പെടുത്തിയേക്കും. ബാറ്റില്‍ നിന്ന് റണ്ണൊഴുക്കുന്ന ബൗളര്‍മാരെയാണ് ഇന്ന് ആവശ്യമെന്ന കോഹ്‌ലിയുടെ അഭിപ്രായം കണക്കിലെടുത്താണിത്.
അതേസമയം, ഡു പ്ലെസിസില്‍നിന്നും നായകസ്ഥാനമേറ്റെടുത്ത ക്വിന്റണ്‍ ഡി കോക്കിന്റെ താരനിര അടിമുടി മാറ്റത്തോടെയാണ് ഇറങ്ങുന്നത്. ഹാഷിം അംലയും ഡു പ്ലെസിസും ഇല്ലാതെ പോരാട്ടത്തിനൊരുങ്ങുന്ന ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ഐ.പി.എല്‍ വെടിക്കെട്ട് വീരന്‍ ഡേവിഡ് മില്ലര്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ടെംബ ബാവുമയും ടീമിനൊപ്പമുണ്ട്. എറിഞ്ഞിടാന്‍ കഗീസോ റബാദ കൂടി വരുമ്പോള്‍ ഇന്ത്യ കരുതി തന്നെയാണ്. ഇന്ത്യ എയ്‌ക്കെതിരായ മത്സരത്തിലെ മികച്ച പ്രകടനത്തോടെയാണ് റീസ ഹെന്‍ഡ്രിക്‌സും ആന്റിച്ച് നോര്‍ദെയും ബ്യൂറന്‍ ഹെന്‍ഡ്രിക്‌സും ദേശീയ താരങ്ങള്‍ക്കെതിരേ പാഡണിയുന്നത്.
സാധ്യതാ ടീം:
ഇന്ത്യ: രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രാഹുല്‍ ചഹര്‍, ഖലീല്‍ അഹമ്മദ്, ദീപക് ചഹാര്‍, നവ്ദീപ് സെയ്‌നി.
ദക്ഷിണാഫ്രിക്ക: ക്വിന്റണ്‍ ഡി കോക്ക്, റാസി വാന്‍ ഡെര്‍ ദുസന്‍, റീസ ഹെന്‍ഡ്രിക്‌സ്, ഡേവിഡ് മില്ലര്‍, ജോര്‍ജ് ലിന്‍ഡെ, ഡ്വെയ്ന്‍ പ്രിട്ടോറിയസ്, ആന്‍ഡെല്‍ പെഹ്‌ലുകായോ, ആന്റിച്ച് നോര്‍ദെ, കഗീസോ റബാദ, ബ്യൂറന്‍ ഹെന്‍ഡ്രിക്‌സ്, തബ്രൈസ് ഷംസി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."