വില ഉയര്‍ന്ന് ടാറും മെറ്റലും; റോഡ് നിര്‍മാണം സ്തംഭനാവസ്ഥയിലേക്ക്
എന്‍.സി ഷെരീഫ് കിഴിശ്ശേരി
മഞ്ചേരി: സാധന സാമഗ്രികളുടെ വിലവര്‍ധന കാരണം കരാറുകാര്‍ പ്രവൃത്തി നിര്‍ത്തിവെക്കാനൊരുങ്ങുന്നു. ടാറിന്റെ വിലവര്‍ധനമൂലം പൊതുമരാമത്ത്, നാഷണല്‍ ഹൈവേ, തദ്ദേശസ്വയംഭരണം, കിഫ്ബി തുടങ്ങിയ വകുപ്പുകള്‍ മുഖേന നടപ്പാക്കുന്ന പ്രവര്‍ത്തികള്‍ സ്തംഭനാവസ്ഥയിലേക്ക് നീങ്ങുകയാണ്.
വില കൂടിയതോടെ പൊതുമരാമത്ത് വകുപ്പില്‍ ഒരു കോടിക്ക് മുകളിലുള്ള പ്രവര്‍ത്തികള്‍ കരാറുകാര്‍ നിര്‍ത്തിവെക്കേണ്ടി സ്ഥിതിയിലാണ്. ഒരു കോടിക്കു മുകളില്‍ ഉള്ള ടാറിങ് പ്രവര്‍ത്തികള്‍ക്ക് എസ്റ്റിമേറ്റിലുള്ള തുക മാത്രമേ കരാറുകാരന് ലഭിക്കുകയുള്ളൂ. കൂടുതല്‍ വരുന്ന തുക കരാറുകാരന്‍ സ്വന്തമായി കണ്ടെത്തേണ്ടിവരും. ഒരു കോടിക്ക് താഴെവരുന്ന വര്‍ക്കുകള്‍ക്ക് പൊതുമരാമത്ത് വകുപ്പ് നേരിട്ട് കരാര്‍ വാങ്ങി നല്‍കുകയാണ്.
അതുകൊണ്ട് ഒരു കോടിക്ക് താഴെവരുന്ന പ്രവര്‍ത്തിയില്‍ കരാറുകാരന് നഷ്ടം വരികയില്ല. കിഫ്ബി പ്രവൃത്തികള്‍ക്കും കരാറുകാരന്‍ എസ്റ്റിമേറ്റ് നിരക്കില്‍ കൂടുതല്‍ വരുന്ന തുക സ്വന്തമായി കണ്ടെത്തേണ്ട അവസ്ഥയിലാണ്. കരാര്‍ എടുക്കുമ്പോള്‍ ടാറിനും മെറ്റലിനും ഉണ്ടാകുന്ന വിലയില്‍ നിന്നും വലിയ നിരക്കില്‍ വില ഉയരുന്നതാണ് കരാറുകാരെ പ്രയാസപ്പെടുത്തുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ടാറിംഗ് പ്രവര്‍ത്തികള്‍ ചെയ്യുന്ന കരാറുകാര്‍ക്ക് ടാറിന് എസ്റ്റിമേറ്റില്‍ ഉള്ള തുക മാത്രമേ ലഭിക്കുകയുള്ളൂ. ഇതുമൂലം കനത്ത നഷ്ടമാണ് കരാറുകാര്‍ നേരിടേണ്ടിവരുന്നത്.
നഷ്ടം പരിഹരിക്കുന്നതിന് സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കരാറുകാര്‍ രംഗത്തെത്തിയിട്ടുണ്ട്. പാറ, മെറ്റല്‍, എംസാന്‍ഡ് എന്നിവക്ക് ക്രഷര്‍ ഉടമകള്‍ അന്യായമായി വില വര്‍ധിപ്പിച്ചതും കരാറുകാരെ പ്രയാസപ്പെടുത്തുകയാണ്. സംസ്ഥാനത്ത് 25 ശതമാനം മുതല്‍ 50 ശതമാനം വരെയാണ് ശരാശരി വില വര്‍ധന ഉണ്ടായിട്ടുള്ളത്. കരിങ്കല്‍ ക്വാറികള്‍ അടച്ചുപൂട്ടിയതോടെ നിര്‍മാണ ആവശ്യത്തിനുള്ള സാധനങ്ങള്‍ക്ക് ക്ഷാമം നേരിടുകയാണ്. എന്നാല്‍ ചെറിയ ക്രഷറുകള്‍ അടച്ചുപൂട്ടിയ അവസരം മുതലെടുത്ത് വന്‍കിട ക്രഷര്‍ ഉടമകള്‍ യാതൊരു മാനദണ്ഡവും പാലിക്കാതെ വില വര്‍ധിപ്പിക്കുകയാണ്.
ക്വാറികളിലെ ന്യായവില നടപ്പാക്കി വിലവര്‍ധന പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാരിന് സാധിക്കുമെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
ചരക്കു സേവനികുതി നടപ്പിലാക്കിയപ്പോള്‍ നാല ശതമാനമായിരുന്നു വില്‍പ്പനികുതി. എന്നാല്‍ ഇപ്പോള്‍ 12 ശതമാനമായി വര്‍ദ്ധിച്ചിരിക്കുകയാണ്. പൊതുമരാമത്ത്, നാഷണല്‍ ഹൈവേ ഇറിഗേഷന്‍, എല്‍.എസ്.ജി.ഡി, ഹാര്‍ബര്‍ തുടങ്ങിയ വകുപ്പുകളില്‍ പണിയെടുക്കുന്ന കരാറുകാര്‍ക്ക് നിയമപരമായി സര്‍ക്കാറാണ് ജി.എസ്.ടി അടക്കാനുള്ള തുക നല്‍കേണ്ടത്. എന്നാല്‍ ഇതിന് സര്‍ക്കാര്‍ തയ്യാറാവാതിരുന്നതോടെ ജി.എസ്.ടി അടയ്‌ക്കേണ്ട 12 ശതമാനം തുകയും കരാറുകാരന്‍ തന്നെ കണ്ടെത്തേണ്ട അവസ്ഥയാണ്.
വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ധനകാര്യമന്ത്രി, വ്യവസായവകുപ്പ് മന്ത്രി, പൊതുമരാമത്ത്, തദ്ദേശസ്വയം ഭരണവകുപ്പ് എന്നിവര്‍ക്ക് കരാറുകാര്‍ നേരിട്ട് നിവേദനം നല്‍കിയിരുന്നെങ്കിലും നടപടി ഉണ്ടായിട്ടില്ല. കരാറുകാരുടെ പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ വഴി ഒരുക്കിയില്ലെങ്കില്‍ 15 മുതല്‍ ടാറിംഗ് ഉള്‍പ്പെടെയുള്ള എല്ലാം നിര്‍മ്മാണ പ്രവര്‍ത്തികളും നിര്‍ത്തിവെക്കാനാണ് കേരളം ഗവ കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ തീരുമാനം. പ്രളയാനന്തര കേരളത്തിന്റെ പുനസൃഷ്ടിയില്‍ വലിയൊരു പങ്കാണ് റോഡ് നിര്‍മാണത്തിനുള്ളത്.
നിര്‍മാണ ആവശ്യ സാധനങ്ങളുടെ വിലക്കയറ്റം മൂലം പ്രവൃത്തികള്‍ നിര്‍ത്തിവക്കാന്‍ കരാറുകാര്‍ നിര്‍ബന്ധിതരായാല്‍ റോഡ് നിര്‍മാണം താളംതെറ്റും. ജി.എസ്.ടി ഇനത്തില്‍ അടക്കേണ്ട 12 ശതമാനം തുകയുടെ കാര്യത്തിലെങ്കിലും സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് അനുകൂല തീരുമാനം ഉണ്ടായാല്‍ പ്രതിസന്ധികള്‍ക്ക് ചെറിയ രൂപത്തിലെങ്കിലും പരിഹാരം കാണാന്‍ സാധിക്കുമെന്ന് ഗവ കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."