മാംസം ഉപേക്ഷിക്കേണ്ടതിന്റെ യുക്തിയെന്ത്
ഇസ്‌ലാം മാംസാഹാരം അനുവദിച്ചതിനു പിന്നില്‍ ഭൂമിശാസ്ത്രപരമായ കാരണങ്ങളുമുണ്ട്. ലഭ്യതയാണ് അതിന് ആധാരം. തീരപ്രദേശങ്ങളില്‍ വസിക്കുന്നവര്‍ക്കു ധാരാളം മത്സ്യം കിട്ടും. ആര്‍ട്ടിക് പ്രദേശത്തെ എക്‌സിമോകള്‍ മത്സ്യം മാത്രം കഴിച്ചു ജീവിക്കുന്നവരാണ്. മഴ ധാരാളം ലഭിക്കുന്ന സമതലപ്രദേശത്ത് അരിയാണ് പ്രധാന ഭക്ഷണം. പച്ചക്കറിയും ധാരാളം ഉപയോഗിക്കും. സസ്യലതാദികള്‍ തീരെ കുറഞ്ഞ മരുഭൂമികളില്‍ മാംസാഹാരത്തെ ആശ്രയിക്കാതെ വയ്യെന്നതാണു വാസ്തവം. സ്വാഭാവികമായും അറബിനാട്ടിലെ ജനങ്ങള്‍ മാംസാഹാരപ്രിയരായി.
ഇക്കാലത്ത് കേരളത്തില്‍ പകുതിയോളം ജനങ്ങള്‍ക്കുപോലും സസ്യാഹാരം കൊണ്ടു ജീവിക്കാന്‍ കഴിയില്ല. ആവശ്യമുള്ളതിന്റെ അഞ്ചുശതമാനം പോലും പച്ചക്കറി ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നില്ല. സ്വാഭാവികമായും വിലക്കുറവും ലഭ്യതയുമനുസരിച്ച് ആളുകള്‍ മാംസാഹാരം സ്വീകരിക്കും.
മത്സ്യമുള്‍പ്പെടെയുള്ള എല്ലാ ജീവജാലങ്ങള്‍ക്കും സസ്യങ്ങള്‍ക്കുപോലും വികാരമുണ്ടെന്നാണു ശാസ്ത്രം പറയുന്നത്. അക്കാരണത്താല്‍ പച്ചക്കറി കഴിക്കരുതെന്ന് ആരും പറയുന്നില്ല. മത്സ്യം കഴിക്കല്‍ മനഃസാക്ഷിയില്ലാത്ത നടപടിയാണെന്ന് ആരും ഇന്നുവരെ പറഞ്ഞിട്ടില്ല. തായ്‌വാനിലും മറ്റും പാമ്പിനെ ഭക്ഷിക്കുന്നവരുണ്ട്. അതും ആരും എതിര്‍ത്തിട്ടില്ല. അതേസമയം, മാംസം കഴിക്കുന്ന മുസ്‌ലിംകള്‍ പച്ചക്കറിയേ കഴിക്കാവൂവെന്നു ശഠിക്കുകയാണ്. അതിന്റെ യുക്തിയാണു മനസ്സിലാകാത്തത്.
ജീവികള്‍ക്ക് ഇന്ദ്രിയാനുഭവങ്ങളുള്ളതിനാല്‍ മൃഗബലി പാപമാണെന്നു പറയുന്നവര്‍, പുതിയ ശാസ്ത്രസിദ്ധാന്തമനുസരിച്ചു സസ്യങ്ങള്‍ക്കും ഇന്ദ്രീയാനുഭവമുണ്ടെന്ന സത്യത്തെ തമസ്‌കരിക്കുകയാണ്. സസ്യങ്ങള്‍ കരയുകയും പറയുകയും ചെയ്യുന്നുണ്ടെന്നു വിശുദ്ധ ഖുര്‍ആന്‍ നേരത്തേ പറഞ്ഞതാണ്.
മനുഷ്യന്റെ ശ്രവണശേഷി സെക്കന്റില്‍ 15 മുതല്‍ 18,000 ശബ്ദതരംഗം അഥവാ സൈക്കിള്‍ ആണ്. അതിനേക്കാള്‍ ഏറിയതോ കുറഞ്ഞതോ ആയ തരംഗദൈര്‍ഘ്യമുള്ള ശബ്ദം കേള്‍ക്കാന്‍ മനുഷ്യനു കഴിയില്ല. അതിനര്‍ഥം, നമ്മുടെ കേള്‍വിയില്‍ സസ്യങ്ങള്‍ ശബ്ദരഹിതരാണെന്നു മാത്രമാണ്. ബധിരരും ഊമകളുമുള്‍പ്പെടുന്ന അംഗപരിമിതരാണ് ആരോഗ്യദൃഢഗാത്രരായ മനുഷ്യരേക്കാള്‍ സഹതാപമര്‍ഹിക്കുന്നതെങ്കില്‍ മൃഗങ്ങളേക്കാള്‍ സഹതാപമര്‍ഹിക്കുന്നതു സസ്യങ്ങളാണെന്നു ബോധ്യമാകും.
ഒരു മൃഗം നൂറുപേര്‍ക്കു ഭക്ഷണമാകും. നൂറുപേര്‍ക്കു ഭക്ഷണമാകാന്‍ എത്ര സസ്യങ്ങള്‍ വേണ്ടിവരും. മൃഗങ്ങളെ അറക്കുന്നതു മനഃസാക്ഷിയെ സംബന്ധിച്ച് എന്താണോ അതുതന്നെയാണു സസ്യഛേദനത്തിലുമുള്ളത്. ഒരു ഹിംസയും ഇന്ത്യന്‍ മതങ്ങള്‍ അനുവദിക്കുന്നില്ലെന്നതു സൈദ്ധാന്തികമായി ശരിയല്ല. വേദകാലത്തും തുടര്‍ന്നും ദേവന്മാര്‍ മാംസം കഴിച്ചിരുന്നതിനു പരാമര്‍ശമുണ്ട്. ബ്രാഹ്മണര്‍ ബലിമൃഗത്തിന്റെ മാംസം ഭക്ഷിച്ചതിനും തെളിവുണ്ട്.
'ബ്രഹ്മാവ് മൃഗങ്ങളെ സൃഷ്ടിച്ചത് മനുഷ്യര്‍ക്കുവേണ്ടിയാണ്. ഭക്ഷിക്കാവുന്ന ഏതു മൃഗത്തിന്റെയും മാംസം മനുഷ്യനു ഭക്ഷിക്കാവുന്നതാണ്.' (മനുസ്മൃതി-അധ്യായം- 5 ശ്ലോകം- 30), 'പശു, പോത്ത്, കാളക്കുട്ടി, കുതിര എന്നിവയെ ഇന്ദ്രന്‍ ഭക്ഷിച്ചിരുന്നു.' (ഋഗ്വേദം-67), 'പൗരാണിക കാലത്തു പശുവിറച്ചി കഴിക്കാത്തവരെ ഉത്തമഹിന്ദുക്കളായി കണക്കാക്കിയിരുന്നില്ല.'(സ്വാമീവിവേകാനന്ദന്‍) ഇത്തരം പരാമര്‍ശങ്ങള്‍ക്കുകൂടി അവര്‍ മറുപടി പറയേണ്ടതുണ്ട്.
അഹിംസ രാഷ്ട്രീയായുധമാക്കിയ രാഷ്ട്രപിതാവ് യങ് ഇന്ത്യയില്‍ ചൂടുവെള്ളമോ തിളപ്പിച്ചാറിയ വെള്ളമോ മാത്രമേ കുടിക്കാനാവൂ എന്നുപദേശിച്ചിട്ടുണ്ട്. ഒരു ഗ്ലാസ് പച്ചവെള്ളം ചൂടാക്കുമ്പോള്‍ കോടിക്കണക്കിനു ബാക്ടീരിയ ചത്തുപോകും. ബാക്ടീരിയ ജീവിയല്ലെന്ന വാദമുണ്ടാകില്ലല്ലോ. രക്തമൊഴുക്കുന്ന ഏതു കൃത്യവും മാനവികവിരുദ്ധമാണെങ്കില്‍ ഗര്‍ഭിണിയുടെ വയറുകീറി രക്തം ചിന്തി നവജാതശിശുവിനെ പുറത്തെടുക്കുന്നതു തെറ്റാണെന്നു പറയേണ്ടിവരും.
ആരാധനയുടെ ഭാഗമായി ഇസ്‌ലാമില്‍ മൃഗബലിയുണ്ട്. അതിനര്‍ഥം മുസ്‌ലിംകള്‍ക്കു ജീവകാരുണ്യമില്ലെന്നല്ല, അത്തരം വികാരങ്ങള്‍പോലും നാഥനു മുമ്പില്‍ ബലികര്‍മത്തിലൂടെ അടിയറവുവയ്ക്കുകയാണ്. മറ്റു ചില സമൂഹങ്ങളില്‍ ഇപ്പോഴും നരബലിപോലും നടക്കുന്നുണ്ട്. ആഭിചാരത്തിന്റെ ഭാഗമായി ബാലികമാരെ ബലിയര്‍പ്പിക്കുന്ന ദൃശ്യം പലപ്പോഴും ഉത്തരേന്ത്യയില്‍നിന്നു റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. പശുവിനെ അറുത്തവരെയും പശുമാംസം കഴിച്ചവരെയും അറുകൊലചെയ്യുന്ന ഉത്തരേന്ത്യന്‍ സംഘികള്‍ ചെയ്യുന്നത് മൃഗത്തെ കൊല്ലുന്നതിനേക്കാള്‍ ഭീകരമായ കശാപ്പാണ്.
ഇസ്‌ലാം മുന്നോട്ടുവയ്ക്കുന്ന ആഹാരരീതി സസ്യവും മാംസവും ഇടചേര്‍ന്ന മിശ്രഭോജനമാണ്. മനുഷ്യന്റെ ശരീരഘടനയും ദഹനവ്യവസ്ഥയും അതിനെ ശരിവയ്ക്കുന്നു. മാംസഭുക്കുകളുടെ പല്ലുകള്‍ കൂര്‍ത്തതാണ്. സസ്യഭുക്കുകളുടെ പല്ലുകള്‍ പരന്നതും. മനുഷ്യനു രണ്ടിനം പല്ലുകളുമുണ്ട്. മനുഷ്യന്റെ ദഹനവ്യവസ്ഥയില്‍ ലിവ്വേസ്, ട്രിപ്പസസ്, കിന്നോട്രിപ്പിസസ് തുടങ്ങിയ മാംസദഹനത്തിനാവശ്യമായ എന്‍സൈമുകളുണ്ട്.
മാംസാഹാര പ്രിയരായതിനാല്‍, മുസ്‌ലിംകള്‍ ക്ഷിപ്രകോപികളും രണവീരന്മാരുമാണെന്നതാണു ഗുരുതരമായ ആരോപണം. തിന്നുന്ന മാംസത്തിന്റെ സ്വഭാവം മനുഷ്യനു ലഭിക്കുമെന്നു ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. ഇനി, അതു ശരിയാണെങ്കില്‍ത്തന്നെ പന്നിയുടെയും പട്ടിയുടെയു ഇറച്ചി നിത്യവും കഴിക്കുന്നവരുടെ സ്ഥിതിയെന്തായിരിക്കും. സിംഹം, കടുവ, പുലി തുടങ്ങിയ ഹിംസ്ര ജന്തുക്കളുടെ മാംസം ഇസ്‌ലാമില്‍ നിഷിദ്ധമാണ്. മാട്, ആട്, മുയല്‍, മാന്‍ തുടങ്ങിയ മൃദുലജീവികളെയാണ് ഇസ്‌ലാം അനുവദിച്ചു തരുന്നത്.
അക്രമം കാണിക്കുന്ന മുസ്‌ലിംനാമധാരികളുടെ പേരില്‍ മുസ്‌ലിംകളെ മുഴുവന്‍ ഭീകരവാദികളായി ചിത്രീകരിക്കുന്നതിലും ഭീകരതയ്ക്കു കാരണം അവരുടെ മാംസാഹാരപ്രിയമാണെന്നു പറയുന്നതിലും അര്‍ഥമില്ല. ഭീകരവാദത്തിന്റെ കാരണവുമായി തട്ടിച്ചുനോക്കിയാല്‍ നക്‌സല്‍, ബോഡോ, ഉള്‍ഫാ, ക്രിസ്ത്യന്‍, ഹിന്ദു ഭീകരവാദികളുടെ ഭക്ഷണ മെനുവും ചര്‍ച്ചചെയ്യേണ്ടിവരും. മാനസിക പിരിമുറുക്കവും ആത്മഹത്യയും വിവാഹമോചനവും ലൈംഗികാതിക്രമവും ഏറ്റവും കുറവ് പരലോക വിശ്വാസികളിലാണെന്നത് അംഗീകരിക്കപ്പെട്ടതാണ്. മുസ്‌ലിംകള്‍ അക്കാര്യത്തില്‍ മാതൃകയാണ്.
മാംസാഹാരികള്‍ സമാധാനരാഹിത്യത്തിന്റെ വക്താക്കളാവുമെന്നതാണു മറ്റൊരു വാദം. സമാധാനത്തിനുള്ള നൊബേല്‍ സമ്മാനജേതാക്കളായ മഹേഷ്ചന്ദ് ബെഗാന്‍, യാസര്‍ അറഫാത്ത്, അന്‍വര്‍സാദത്ത്, മദര്‍തെരേസ തുടങ്ങിയവര്‍ മിശ്രഭുക്കുകളായിരുന്നു. ലക്ഷക്കണക്കിനു മനുഷ്യരെ ഗ്യാസ് ചേംബറിലിട്ടു കൊല്ലുകയും അതില്‍ സുന്ദരികളുടെ പല്ലുകൊണ്ടു കുപ്പായക്കുടുക്കുണ്ടാക്കി അണിയുകയും ചെയ്ത ഹിറ്റ്‌ലര്‍ ജീവിതത്തിലൊരിക്കലും മാംസം കഴിച്ചിട്ടില്ല.
ലൈംഗികാതിക്രമങ്ങളില്‍ ഏറ്റവും കുറവ് ആഗോളതലത്തില്‍ മുസ്‌ലിംകളാണ്. വേശ്യാലയങ്ങളും എല്‍ജി ബിറ്റിയുമൊക്കെ നിയമ വിധേയമാക്കിയ രാജ്യങ്ങളില്‍ മുസ്‌ലിംരാജ്യങ്ങളില്ല. ഇത്തരം കേസില്‍ ഇന്ത്യയില്‍ പിടിക്കപ്പെടുന്നവരിലും മുസ്‌ലിംകള്‍ തുച്ഛമാണ്.
മാംസാഹാരികള്‍ക്കു രോഗം കൂടുമെന്നതു ശരിയാവാം. അതിനു കാരണം, പതിവായി മാംസം കഴിച്ചുകൊണ്ടിരിക്കുന്നതിനാലാണ്. ആഴ്ചയില്‍ ഒരിക്കലേ പ്രവാചക തിരുമേനി(സ) മാംസം കഴിച്ചിരുന്നുള്ളു. മനുഷ്യന്റെ ശക്തിയും സൗന്ദര്യവും മാംസാഹാരം ഇല്ലാതാക്കുമെന്ന വാദം മറുപടി അര്‍ഹിക്കുന്നില്ല. ശരീരസൗന്ദര്യമത്സരത്തില്‍ മുപ്പതോളം തവണ ലോകചാംപ്യനായ അര്‍നോള്‍ഡ് ഷ്വാസ്‌നെഗര്‍, ബോക്‌സിങ്് ഇതിഹാസങ്ങളായ ടൈസണ്‍, മുഹമ്മദലി, നക്ഷത്രങ്ങള്‍ അസൂയവച്ചെന്നു ഷേക്‌സ്പിയര്‍ വിശേഷിപ്പിച്ച മാദകറാണി ക്ലിയോപാട്ര തുടങ്ങിയവരെല്ലാം മിശ്രഭുക്കുകളായിരുന്നു. ഏറ്റവും മികച്ച സ്വരരാഗമുള്ളവരും ഉറച്ചശബ്ദമുള്ളവരും തഥൈവ. അതേസമയം ഏറ്റവും അരോചകശബ്ദമുള്ള കഴുത മാംസഭുക്കല്ല.
കന്നുകാലികളുടെ അറവും ഭോജനവും നിരോധിക്കപ്പെട്ടാല്‍ തൊഴില്‍നഷ്ടപ്പെടുന്നവര്‍ക്കു പകരം തൊഴില്‍നല്‍കാന്‍ സര്‍ക്കാരിനു സാധിക്കണമെന്നില്ല. കന്നുകാലികളുടെ അനിയന്ത്രിതമായ എണ്ണപ്പെരുപ്പം ഗുരുതരമായ ആരോഗ്യ-പാരിസ്ഥിതികപ്രശ്‌നങ്ങളുണ്ടാക്കും. ഇപ്പോള്‍തന്നെ രാജ്യത്തെ വന്‍കിടനഗരങ്ങളിലും രണ്ടാംകിടപട്ടണങ്ങളിലും കന്നുകാലികളുടെ ഘോഷയാത്രയാണ്. അവയ്ക്കിടയിലും ഗര്‍ഭനിരോധന മാര്‍ഗമോ അബോര്‍ഷന്‍ സൗകര്യങ്ങളോ വേണ്ടിവരുമെന്ന സോഷ്യല്‍ മീഡിയാ കമന്റ് ചിരിക്കാനല്ല ചിന്തിക്കാന്‍തന്നെയാണ് ആവശ്യപ്പെടുന്നത്.
ഇത്തരം മതേതരപ്രശ്‌നങ്ങളെ വര്‍ഗീയവല്‍ക്കരിക്കുന്നതിനെതിരേ മതമേധാവികളും രംഗത്തുവരേണ്ടതുണ്ട്. ഗോവധനിരോധനം ഭരണഘടനാനുസൃതമാക്കാന്‍ പഴുതില്ലാത്ത സാഹചര്യത്തില്‍ അത്തരം ശ്രമങ്ങള്‍ ശിഥിലീകരണത്തിനേ കാരണമാവുകയുള്ളൂ. അതിശക്തമായ സമ്മര്‍ദങ്ങളെ അതിജീവിച്ചാണു ഡോ.അംബേദ്ക്കര്‍ ഗോവധനിരോധനവാദത്തെ നിയമമാക്കാതിരുന്നത്. പശു അമ്മയാണെങ്കില്‍ കാള അച്ഛനാവുന്നതില്‍ ഞാന്‍ നാണിക്കുന്നുവെന്നാണു സ്വാമി വിവേകാനന്ദന്‍ പറയുന്നത്. പെറ്റമ്മയോടു നന്ദികേടു കാട്ടുന്ന കാലത്ത് വിവേകാന്ദോക്തിക്കു സാധുത വര്‍ധിക്കും.
പൗരസമൂഹം എന്തു ചിന്തിക്കണമെന്നു ഭരണകൂടം തീരുമാനിക്കുന്ന സാംസ്‌കാരിക ഫാസിസത്തിന്റെ കരിംഭൂതങ്ങള്‍ ചിന്തിക്കുന്നവരെ അസ്വസ്ഥപ്പെടുത്തുന്ന ഒരിടത്തുവച്ച് അവരെന്തു തിന്നണമെന്ന് കൂടി ഭരണകൂടം തീരുമാനിക്കുന്നിടത്തേക്കു കാര്യങ്ങള്‍ എത്തുകയാണ്. അതിനാല്‍ ഇറച്ചി തിന്നല്‍ ഒരു മതവിഷയമല്ല, മറിച്ചൊരു രാഷ്ട്രീയപ്രവര്‍ത്തനം കൂടിയാണിപ്പോള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."