ത്രികോണപ്പോരിന്റെ തട്ടകമാകാന്‍ വട്ടിയൂര്‍ക്കാവ്
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പില്‍ ഇത്തവണ ഏറ്റവും ശ്രദ്ധേയമാകുക വട്ടിയൂര്‍ക്കാവ് മണ്ഡലമായിരിക്കും. നിലവില്‍ യു.ഡി.എഫിന്റെ സിറ്റിങ് സീറ്റാണെങ്കിലും ബി.ജെ.പിയുടെ ശക്തമായ സാന്നിധ്യവും ഇടതുപക്ഷത്തിന്റെ പോരാട്ടവും കൂടിയാകുമ്പോള്‍ ശക്തമായ ത്രികോണപ്പോരാണ് വട്ടിയൂര്‍ക്കാവില്‍ നടക്കാന്‍ പോകുന്നത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്നാംസ്ഥാനത്തേക്ക് പോയതിന്റെ ക്ഷീണം തീര്‍ക്കുക സി.പി.എമ്മിന്റെ ലക്ഷ്യമായതിനാല്‍ പൊരിഞ്ഞ പോരാട്ടത്തിനായിരിക്കും വട്ടിയൂര്‍ക്കാവ് സാക്ഷ്യംവഹിക്കുക.
രണ്ടുതവണ കൈവിട്ട മണ്ഡലം തിരിച്ചുപിടിക്കാന്‍ നഗരസഭാ മേയര്‍ വി.കെ പ്രശാന്തിനെ ഇറക്കാന്‍ സി.പി.എം ആലോചിച്ചെങ്കിലും സാമുദായിക സമവാക്യങ്ങള്‍ ഒത്തുപോകാത്തതിനാല്‍ അതില്‍നിന്ന് പിന്നോട്ടുപോയിട്ടുണ്ട്. വട്ടിയൂര്‍ക്കാവിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പ്രഖ്യാപനം മൂന്നുദിവസത്തിനുള്ളില്‍ ഉണ്ടാകുമെന്ന് സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു. സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങളും മണ്ഡലത്തിലെ വികസന മുരടിപ്പുമാകും പ്രധാന തെരഞ്ഞെടുപ്പ് വിഷയങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.
2011, 2016 തെരഞ്ഞെടുപ്പുകളില്‍ ശക്തമായ ത്രികോണമത്സരം നടന്ന മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. രണ്ടുവട്ടവും വിജയിച്ച് കെ. മുരളീധരന്‍ മണ്ഡലത്തിന്റെ മനസ് യു.ഡി.എഫിനൊപ്പം നിര്‍ത്തുകയാണ് ചെയ്തത്.
കഴിഞ്ഞ തവണ 7622 വോട്ടിനാണ് മുരളീധരന്‍ വട്ടിയൂര്‍ക്കാവില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. ബി.ജെ.പി സ്ഥാനാര്‍ഥിയായ കുമ്മനം രാജശേഖരന്‍ രണ്ടാംസ്ഥാനത്തെത്തിയപ്പോള്‍ സി.പി.എമ്മിലെ ടി.എന്‍ സീമ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ ഒ.രാജഗോപാലായിരുന്നു വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ ഒന്നാമത്.
എന്നാല്‍, 2019ലെ തെരഞ്ഞെടുപ്പില്‍ ശശി തരൂര്‍ ഒന്നാമതെത്തുകയും കുമ്മനം രണ്ടാം സ്ഥാനത്തേക്ക് പോകുകയും ചെയ്തു. തരൂരിന് 53,545 വോട്ട് ലഭിച്ചപ്പോള്‍ കുമ്മനത്തിന് 50,709 വോട്ടാണ് നേടാനായത്. ഇടത് സ്ഥാനാര്‍ഥിയായിരുന്ന സി.ദിവാകരന് 29414 വോട്ടുകള്‍ മാത്രമേ നേടാനായുള്ളൂ. 2836 വോട്ടിന്റെ ഭൂരിപക്ഷം തരൂരിന് ലഭിച്ചു.
കരകൗശല വികസന കോര്‍പറേഷന്‍ ചെയര്‍മാനും സി.പി.എം ജില്ലാ കമ്മിറ്റി അംഗവുമായ കെ.എസ് സുനില്‍കുമാറാണ് സി.പി.എം പട്ടികയില്‍ മുന്നിലുള്ളത്. നഗരമണ്ഡലമായ വട്ടിയൂര്‍ക്കാവിലെ രാഷ്ട്രീയ, സമൂഹിക സാഹചര്യങ്ങള്‍ക്ക് അനുയോജ്യനായ നേതാവിനെയാണ് മൂന്ന് മുന്നണികളും തേടുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ കെ.മുരളീധരന്റെ അഭിപ്രായം നിര്‍ണായകമാകും.
ബി.ജെ.പിയുടെ മണ്ഡലം, ജില്ലാ കമ്മിറ്റികള്‍ സംസ്ഥാന നേതൃത്വത്തിന് നല്‍കിയ പട്ടികയിലെ ആദ്യത്തെ പേര് കുമ്മനം രാജശേഖരന്റേതാണ്. കുമ്മനം രാജശേഖരന്‍ മത്സരിക്കണമെന്ന കാര്യം സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെടുമെന്ന് ബി.ജെ.പി ജില്ലാ കമ്മിറ്റി വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."