പാക് അധീന കശ്മിര്‍ രൂപീകരിക്കപ്പെട്ടതിന് പിന്നില്‍ നെഹ്‌റുവെന്ന് അമിത് ഷാ
മുംബൈ: പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെയും കോണ്‍ഗ്രസിനെയും കടന്നാക്രമിച്ച് മഹാരാഷ്ട്രയില്‍ അമിത് ഷായുടെ തെരഞ്ഞെടുപ്പ് റാലി.
വെടിനിര്‍ത്തല്‍ കരാറില്‍ നെഹ്‌റുവിന്റെ അപ്രതീക്ഷിതമായ ഇടപെടലാണ് പാക് അധീന കശ്മിര്‍ രൂപീകരിക്കപ്പെടാന്‍ ഇടയാക്കിയതെന്നാണ് അമിത് ഷാ ആരോപിച്ചത്.
നെഹ്‌റുവിനുപകരം സര്‍ദാര്‍ പട്ടേലായിരുന്നു കശ്മിര്‍ കൈകാര്യം ചെയ്യേണ്ടിയിരുന്നത്. മോദിയുടെ ഏറ്റവും ധൈര്യവും വിവേകപൂര്‍വകവുമായ നടപടിയാണ് കശ്മിരിന് നല്‍കിയിരുന്ന പ്രത്യേക പദവി എടുത്തുകളയാന്‍ കാരണമായത്. കശ്മിര്‍ വിഷയത്തില്‍ കോണ്‍ഗ്രസും എന്‍.സി.പിയും എരിതീയില്‍ എണ്ണ ഒഴിക്കുന്ന നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയെ എതിര്‍ക്കുന്നുണ്ടോ അല്ലെങ്കില്‍ പിന്തുണക്കുന്നുണ്ടോ എന്ന കാര്യം രാഹുല്‍ ഗാന്ധിയും ശരദ്പവാറും ജനങ്ങളോട് തുറന്ന് പറയണമെന്നും അമിത്ഷാ ആവശ്യപ്പെട്ടു.
കശ്മിര്‍ വിഷയത്തില്‍ കോണ്‍ഗ്രസ് രാഷ്ട്രീയം കളിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ദേശീയതയെയാണ് ഉയര്‍ത്തിപ്പിടിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."