പാലമുണ്ട്; അപ്രോച്ച് റോഡില്ല..!
അന്തിക്കാട്: പാലം ഉദ്ഘാടനം കഴിഞ്ഞ് എട്ടു വര്‍ഷമായിട്ടും അപ്രോച്ച് റോഡ് നിര്‍മിക്കാത്തത് നാട്ടുകാര്‍ക്ക് ദുരിതമാകുന്നു.
അന്തിക്കാട് നാട്ടിക പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന മുറ്റിച്ചൂര്‍ പാലത്തിനാണ് ഈ ദുരവസ്ഥ. അപ്രോച്ച് റോഡ് ഇല്ലാത്തതിനാല്‍ പാലത്തിലൂടെ ഇതുവരെയും ബസ് റൂട്ട് അനുവദിച്ചിട്ടില്ല. അന്തിക്കാട് പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന പാലത്തിന്റെ കിഴക്കേ കരയില്‍ പഞ്ചായത്തിന്റെയും പാലം ജനകീയ കമ്മിറ്റിയുടെയും പരിശ്രമഫലമായി അപ്രോച്ച് റോഡ് യാഥാര്‍ഥ്യമായി. വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് പുതിയത് നിര്‍മിച്ചു നല്‍കുകയും സ്ഥലം നല്‍കിയവര്‍ക്ക് അര്‍ഹമായ തുക കൊടുക്കുകയും ചെയ്തു. എന്നാല്‍ നാട്ടിക, തളിക്കുളം പഞ്ചായത്തുകളുടെ പരിധിയില്‍ വരുന്ന പാലത്തിന്റെ പടിഞ്ഞാറെ കരയില്‍ ഇതുവരെയും അപ്രോച്ച് റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടില്ല. ഇരു പഞ്ചായത്തുകളുടെയും അനാസ്ഥയാണ് പ്രശ്‌നത്തിനു കാരണമെന്നു വ്യാപകമായ പരാതി ഉയര്‍ന്നിട്ടുണ്ട്. പാലത്തിന്റെ പടിഞ്ഞാറെ കരയില്‍ അപ്രോച്ച് റോഡ് ഇല്ലാത്തതിനാല്‍ പഴയ കടവ് റോഡിലൂടെയാണ് വാഹനങ്ങള്‍ പോകുന്നത്. വീതി കുറഞ്ഞ റോഡായതിനാല്‍ അപകട സാധ്യത ഏറെയാണ്. പാലത്തിലൂടെ ദിവസവും വരുന്ന നൂറുകണക്കിന് വാഹനങ്ങളും യാത്രക്കാരും ഇപ്പോള്‍ ആശ്രയിക്കുന്നത് ഈ ഇടുങ്ങിയ റോഡാണ്. അപ്രോച്ച് റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് നാട്ടിക പഞ്ചായത്തധികൃതര്‍ അവരുടെ പരിധിയില്‍ വരുന്ന ഭാഗത്തെ സ്ഥലം ഏറ്റെടുക്കാനുള്ള നടപടികള്‍ തുടങ്ങിയതായി അറിയുന്നു. എന്നാല്‍ തളിക്കുളം പഞ്ചായത്തധികൃതര്‍ ഇക്കാര്യത്തില്‍ നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നതെന്ന പരാതി വ്യാപകമായിട്ടുണ്ട്. പാലം ഉദ്ഘാടനം കഴിഞ്ഞ് എട്ടു വര്‍ഷമായിട്ടും തളിക്കുളം പഞ്ചായത്ത് അപ്രോച്ച് റോഡിന്റെ നിര്‍മാണത്തില്‍ ഇതുവരെയും ഒരു നടപടിയും സ്വീകരിക്കാത്തതാണ് നാട്ടുകാരെ ക്ഷുഭിതരാക്കുന്നത്. പാലം വരുന്നതിനു മുന്‍പ് മുറ്റിച്ചൂര്‍ കടത്ത് നാട്ടിക പഞ്ചായത്തിന്റെ കീഴിലായിരുന്നു. പാലത്തിന്റെ പടിഞ്ഞാറെ കര മുതല്‍ കിഴക്കേ ടിപ്പുസുല്‍ത്താന്‍ റോഡ് വരെയുള്ള ഭാഗം നാട്ടിക പഞ്ചായത്തിന്റെ കീഴിലും അവിടെ നിന്ന് തളിക്കുളം സെന്റര്‍ വരെയുള്ള റോഡ് തളിക്കുളം പഞ്ചായത്തിന്റെ പരിധിയിലുമാണ് വരുന്നത്. തൃശൂരില്‍ നിന്ന് മുറ്റിച്ചൂര്‍ പാലം വഴി തളിക്കുളം സ്‌നേഹതീരത്തേക്ക് ബസ് റൂട്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ഗതാഗത വകുപ്പിന് അപേക്ഷ നല്‍കിയെങ്കിലും അപ്രോച്ച് റോഡ് ഇല്ലാത്തതിനാല്‍ അനുവദിച്ചില്ല. അപ്രോച്ച് റോഡ് ഇല്ലാതെ ബസ് റൂട്ട് അനുവദിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് ഗതാഗത വകുപ്പ്. അപ്രോച്ച് റോഡ് വന്നാല്‍ വികസനം കൂടുന്നത് തളിക്കുളം സെന്ററിനാണെന്നും ആയതിനാല്‍ അനാസ്ഥ വെടിഞ്ഞ് തളിക്കുളം പഞ്ചായത്തധികൃതര്‍ ഇക്കാര്യത്തില്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."