പാലാക്കിതാ ഇനി പുതിയ മാണി
പാലാ: കെ.എം മാണിയില്ലാത്ത പാലാക്ക് ഇനി പുതിയ നായകന്‍. 1965 മുതല്‍ 2019 വരെ പാലാ നിയോജകമണ്ഡലത്തെ കേരള നിയമസഭയില്‍ പ്രതിനിധീകരിച്ച കെ.എം മാണിയുടെ പിന്‍ഗാമിയായെത്തുന്നതും മറ്റൊരു മാണി. മാണി സി.കാപ്പന്‍ എന്ന എന്‍.സി.പിയുടെ സാരഥിയിലൂടെയാകും ഇനി പാലയുടെ വികസന യാത്രകള്‍. ഏറ്റവും കൂടുതല്‍ കാലം നിയമസഭാംഗമായിരുന്ന കെ.എം മാണിയുടെ പിന്‍ഗാമിക്ക് ഒരുപക്ഷേ ഏറ്റവും കുറഞ്ഞകാലം മാത്രമേ നിയമസഭയിലിരിക്കാനായേക്കൂ.
കാരണം ഉപ തിരഞ്ഞെടുപ്പായതിനാല്‍ കുറഞ്ഞ കാലം മാത്രമേ ഈ സര്‍ക്കാരിന് കാലാവധിയുള്ളൂ. അടുത്ത തവണ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടെങ്കില്‍ മാത്രമേ വികസനത്തുടര്‍ച്ചകളുണ്ടാകുകയുമുള്ളൂ. കേരള കോണ്‍ഗ്രസിലെ പിണക്കം തീര്‍ന്ന് ഇരു വിഭാഗങ്ങളും ഒത്തൊരുമിച്ചാല്‍ പാലയുടെ ജനവിധി മറ്റൊന്നാകാനും സാധ്യതയുണ്ട്.
വോട്ടെണ്ണല്‍ അവസാനിക്കുമ്പോള്‍ മാണി സി.കാപ്പനു വിജയം. 12 പഞ്ചായത്തുകളിലെയും ഒരു മുനിസിപ്പാലിറ്റിയിലേയും വോട്ടെണ്ണി തീര്‍ന്നപ്പോള്‍ 2943 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയമുറപ്പിച്ചത്. മുത്തോലി, പഞ്ചായത്തിലും പാലാ നഗരസഭയിലും യു.ഡി.എഫ് ലീഡ് വര്‍ധിപ്പിച്ചതോടെയാണ് മാണി സി.കാപ്പന്റെ ലീഡുനില കുറഞ്ഞത്. 4390 വോട്ടിന്റെ ലീഡ് നിന്നാണ് 2943ലേക്കു താഴ്ന്നത്. രാമപുരം, കടനാട്, മേലുകാവ് മുന്നലിവ്, തലനാട്,തലപ്പലം, ഭരണങ്ങാനം, കരൂര്‍, മീനച്ചില്‍, കൊഴുവനാല്‍, മേലുകാവ് എന്നീ പഞ്ചായത്തുകളിലേയും പാലാ നഗരസഭയും അടങ്ങുന്നതാണ് പാലാ നിയമസഭാ മണ്ഡലം.
2943 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കാപ്പന്‍ കടന്നു കയറിയത്. യു.ഡി.എഫിലെ ജോസ് ടോം ആണ് രണ്ടാമത്. 51194 വോട്ടുകളാണ് ജോസ് ടോം നേടിയത്. 18044 വോട്ടുകള്‍ എന്‍.ഡി.എയിലെ എന്‍. ഹരിയും നേടി.
മുന്‍ തിരഞ്ഞെടുപ്പുകളിലെല്ലാം കെ.എം മാണി വലിയ ലീഡു നിലനിര്‍ത്തിയിരുന്ന പഞ്ചായത്തുകളിലും ഇത്തവണ മാണി സി.കാപ്പനാണ് ലീഡ്. 2014, 2016, 2019 തെരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫ് മുന്നിലെത്തിയ പഞ്ചായത്തായിരുന്നു ഇത്. .
തീര്‍ച്ചയായും ഈ തിരഞ്ഞെടുപ്പില്‍ മാണി സി.കാപ്പനെ തുണച്ചത് കേരള കോണ്‍ഗ്രസിലെ പടലപ്പിണക്കം തന്നെയാണ്. പാര്‍ട്ടിയുടെ സമുന്നതനായ നേതാവായ പി.ജെ ജോസഫിനെ പരമാവധി അവഗണിച്ചു. യു.ഡി.എഫ് യോഗത്തില്‍ വരേ കൂവിതോല്‍പ്പിക്കുന്നിടം വരേ കാര്യങ്ങളെത്തി. ഇതെല്ലാം ജോസഫ് വിഭാഗത്തെ മാത്രമല്ല പ്രകോപിപ്പിച്ചത്. വോട്ടര്‍മാരില്‍ പോലും അത് അവമതിപ്പുണ്ടാക്കി.
അതിനപ്പുറം 1965 മുതല്‍ മണ്ഡലം കാക്കുന്ന കെ.എം മാണിക്കുശേഷം ഒരു മാറ്റം പാലയിലെ ജനങ്ങളും ആഗ്രഹിച്ചിരുന്നു എന്നുതന്നെവേണം കരുതാന്‍. സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലി തുടങ്ങിയ പ്രശ്‌നം ചിഹ്നത്തിനുവേണ്ടിയും തുടര്‍ന്നു. അപ്പോള്‍ പോലും ജോസഫിനെ പ്രകോപിപ്പിച്ചുകൊണ്ടാണ് സ്ഥാനാര്‍ഥിയായ ജോസ് ടോം തന്നെ സംസാരിച്ചിരുന്നത്. മാണിയാണ് തന്റെ ചിഹ്നമെന്നു പറഞ്ഞും ഏത് ചിഹ്നമായാലും വിജയിക്കുമെന്നുമായിരുന്നു പ്രതികരണം.
മുമ്പ് മത്സരിച്ചപ്പോഴെല്ലാം മാണിയുടെ ലീഡ് കുറക്കാന്‍ മാണി സി.കാപ്പനു കഴിഞ്ഞിരുന്നു. മാത്രമല്ല, ഇത്തവണ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി കൊണ്ടുവന്ന ടോം ജോസിന് പലപ്പോഴും ശുഭ പ്രതീക്ഷയുണ്ടായിരുന്നില്ല. പാര്‍ട്ടിക്കുള്ളിലെ ഉള്‍പോരിനു മറുപടി പറയുക എന്നതു തന്നെയായിരുന്നു പ്രധാന കടമ്പ. പി.ജെ ജോസഫിനെപോലും വേദനിപ്പിച്ചും ജോസ്.കെ മാണിയെ സന്തോഷിപ്പിച്ചും സംസാരിക്കേണ്ടിയും വന്നു. ഇത്തരം വിവാദങ്ങളില്‍ നിന്നു വിട്ടുനില്‍ക്കാന്‍ അദ്ദേഹം ശ്രമിച്ചതുമില്ല. എന്നാല്‍ എന്‍.സി.പിയില്‍ പൊട്ടിത്തെറിയുണ്ടായപ്പോഴും മാണി സി.കാപ്പന്‍ വിജയ പ്രതീക്ഷയില്‍ തന്നെയായിരുന്നു. തന്റെ ശരീര ഭാഷയിലും വാക്കുകളിലും ആ ശുഭ പ്രതീക്ഷ വെച്ചു പുലര്‍ത്തിയതിലൂടെ വോട്ടര്‍മാര്‍ക്ക് മികച്ച അഭിപ്രായ പ്രകടനത്തിനുള്ള അവസരമാണ് നല്‍കിയത്
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."