ദുരിതാശ്വാസ ധനസമാഹരണംഹാഫ് മാരത്തോണുമായി പ്രവാസി മലയാളി; 20 സെന്റ് സംഭാവന നല്‍കി
തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിന്റെ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ കൈത്താങ്ങേകാന്‍ പ്രവാസി മലയാളി ഗണിത ശാസ്ത്രജ്ഞന്‍ കേരളത്തിലുടനീളം ഹാഫ് മാരത്തോണ്‍ ഓടുന്നു. സര്‍ക്കാരിന് തന്റെ ഉടമസ്ഥതയിലുള്ള 20 സെന്റ് സംഭാവന ചെയ്തശേഷമാണ് എഴുപത്തൊന്നുകാരനായ ഡോ. ജോര്‍ജ് ആര്‍. തോമസിന്റെ ഈ യജ്ഞം.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നല്‍കാന്‍ പ്രവാസികളോട് ആഹ്വാനം ചെയ്യുന്ന ഹാഫ് മാരത്തോണ്‍ ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ രാവിലെ 8.30ന് ഫ്‌ളാഗ് ഓഫ് ചെയ്യും. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ നടത്തുന്ന മാരത്തോണ്‍ യജ്ഞം കേരള- കര്‍ണാടക അതിര്‍ത്തിയില്‍ ഡിസംബര്‍ 6ന് അവസാനിക്കും. ഓരോ ദിവസവും 21 കിലോമീറ്ററാണ് ഈ പ്രായത്തിലും അദ്ദേഹം ഓടിതീര്‍ക്കുന്നത്. 27 കേന്ദ്രങ്ങളിലായി ഒരു ദിവസം പോലും മുടങ്ങാതെയാണ് ഓട്ടം. തനിക്ക് ഏറ്റവും പ്രിയപ്പെട്ട ജന്മനാടിനെ ജീവിതത്തില്‍നിന്ന് ഒരിക്കലും അടര്‍ത്തിമാറ്റാനാവില്ലെന്നും പ്രതിസന്ധിഘട്ടത്തില്‍ നാം തോളോടുതോള്‍ ചേര്‍ന്നു പ്രവര്‍ത്തിക്കേണ്ടവരാണെന്നും ദീര്‍ഘകാലം അമേരിക്കയിലും ചൈനയിലും ഗണിതാ ധ്യാപകനായിരുന്ന കനേഡിയന്‍ പൗരനായ അദ്ദേഹം പറഞ്ഞു.
പ്രവാസിയായ ഗണിതശാസ്ത്രജ്ഞന്‍ തന്റെ ഹൃദയവിശാലതയും ഉദാരമനസ്ഥിതിയുമാണ് ഹാഫ് മാരത്തോണിലുടെ പ്രകടിപ്പിക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഡോ. ജോര്‍ജ് തോമസിന്റെ സംരംഭം അനുകരണീയമാണെന്നും പ്രളയം തകര്‍ത്ത കേരളത്തെ പൂര്‍വസ്ഥിതിയില്‍ എത്തിക്കുന്നതിനുള്ള സര്‍ക്കാര്‍ ശ്രമങ്ങളുടെ ഭാഗമായി മാറിയിരിക്കുകയാണെന്നും ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് ഐ.എ.എസ് പറഞ്ഞു. പ്രളയാനന്തര കേരളത്തിന്റെ പുനഃസൃഷ്ടിയില്‍ പ്രവാസി മലയാളികളുടെ ഐക്യദാര്‍ഢ്യം ഉറപ്പിക്കലിനാണ് മാരത്തോണ്‍ സഹായിക്കുന്നതെന്ന് ടൂറിസം ഡയറക്ടര്‍ പി. ബാല കിരണ്‍ ഐ.എ.എസ് ചൂണ്ടിക്കാട്ടി.
പ്ലാസ്റ്റിക് കത്തിക്കുന്നതുകൊണ്ടുണ്ടാകുന്ന വിപത്തുകള്‍ക്കെതിരേ ബോധവല്‍ക്കരണം നടത്തുന്നതിനായി 2008 ല്‍ ഡോ. ജോര്‍ജ് ആര്‍. തോമസ് കന്യാകുമാരി മുതല്‍ കര്‍ണാടകയിലെ മൂകാംബിക ക്ഷേത്രത്തിലേക്ക് മാരത്തണ്‍ നടത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."