50 പി.എച്ച്.സികള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കും
കണ്ണൂര്‍: ആര്‍ദ്രം മിഷന്റെ ഭാഗമായി രണ്ടാംഘട്ടത്തില്‍ ജില്ലയിലെ 50 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കുന്നു. തെരഞ്ഞെടുത്ത 50 പി.എച്ച്.സികളിലും ഇതിനായി രണ്ടു വര്‍ഷത്തിനുള്ളില്‍ കെട്ടിട സൗകര്യം പൂര്‍ത്തിയാക്കണമെന്ന് ഇതു സംബന്ധിച്ച യോഗത്തില്‍ മന്ത്രി കെ.കെ ശൈലജ പറഞ്ഞു.
കെട്ടിടം പൂര്‍ത്തിയാകുന്ന പി.എച്ച്.സികള്‍ക്ക് ആദ്യം തസ്തികകള്‍ അനുവദിക്കും. മൂന്ന് ഡോക്ടര്‍മാരുടെയും അതിന് അനുസൃതമായ നഴ്‌സ്, പാരാമെഡിക്കല്‍ സ്റ്റാഫിന്റെയും തസ്തികയാണ് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആവശ്യം. കുടുംബാരോഗ്യ കേന്ദ്രത്തില്‍ കുറവുള്ള രണ്ട് ജീവനക്കാരെ പഞ്ചായത്തിന് നിയമിക്കാവുന്നതാണെന്നും മന്ത്രി അറിയിച്ചു.
ഇത് ഡോക്ടറോ നഴ്‌സോ ഫാര്‍മസിസ്‌റ്റോ ആവാം. ശേഷിച്ച തസ്തികകള്‍ സര്‍ക്കാര്‍ അനുവദിക്കും. ജില്ലയില്‍ നിലവില്‍ 11 പി.എച്ച്.സികളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റിയത്. പി.എച്ച്.സികള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കുന്നതിലൂടെ രോഗീ സൗഹൃദമാക്കുക, ഹൈടെക് ആക്കുക എന്നിവയാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. രണ്ട് കണ്‍സള്‍ട്ടിങ് റൂം, നഴ്‌സിങ് റൂം, ഡ്രസിങ് റൂം, ഇമ്യൂണൈസേഷന്‍ റൂം, ചില്‍ഡ്രന്‍സ് പ്ലേ ഏരിയ, മള്‍ട്ടി പര്‍പ്പസ് ഹാള്‍, യോഗ സെന്റര്‍മിനി ജിംനേഷ്യം, റിസപ്ഷന്‍ എന്നിവ കുടുംബാരോഗ്യ കേന്ദ്രങ്ങളിലുണ്ടാവും. വൈകീട്ടും ഒ.പിയില്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കും. ജീവിത ശൈലീ രോഗങ്ങള്‍, ഡിപ്രഷന്‍, ഏര്‍ളി കാന്‍സര്‍ ഡിറ്റക്ഷന്‍ എന്നിവയുടെ ചികിത്സക്കുള്ള ക്ലിനിക്കുകളും ഉണ്ടാവും. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, ആരോഗ്യവിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ കെ.പി ജയബാലന്‍, കലക്ടര്‍ മീര്‍ മുഹമ്മദ് അലി, ഡി.എം.ഒ ഡോ. കെ. നാരായണ നായ്ക്, തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."