ബന്ധുനിയമനം: മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് കുഞ്ഞാലിക്കുട്ടി
മഞ്ചേരി: ചട്ടങ്ങള്‍ മറികടന്ന് ബന്ധുവിന് നിയമനം നല്‍കിയ മന്ത്രി കെ.ടി ജലീലിന്റെ നടപടിയെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിലപാട് വ്യക്തമാക്കണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. മഞ്ചേരിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ യോഗ്യരായ ആളുകള്‍ ഇല്ലാത്തതുകൊണ്ടാണ് ബന്ധുവിന് നിയമനം നല്‍കിയതെന്ന മന്ത്രിയുടെ വാദം കേരളത്തിലെ അഭ്യസ്തവിദ്യരായ യുവാക്കളെ അപമാനിക്കുന്നതിന് തുല്യമാണ്.
ഉന്നതമേഖലയില്‍ പഠനം പൂര്‍ത്തിയാക്കി സര്‍ക്കാര്‍ ജോലി ആശിച്ച് കഴിയുന്ന നിരവധി യുവാക്കളാണ് സംസ്ഥാനത്തുള്ളത്. ഇവര്‍ക്കെല്ലാവര്‍ക്കും ജോലി ലഭിക്കാന്‍ മന്ത്രിമാരുടെ ബന്ധു ആവേണ്ടി വരുമോയെന്നും കുഞ്ഞാലിക്കുട്ടി പരിഹസിച്ചു. ബന്ധു നിയമനത്തിന്റെ പേരില്‍ ജയരാജനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയ മുഖ്യമന്ത്രി ജലീലിന്റെ വിഷയത്തിലും ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബന്ധുവിന് അനധികൃതമായി ജോലി നല്‍കിയതിലൂടെ സത്യപ്രതിജ്ഞാ ലംഘനമാണ് മന്ത്രി നടത്തിയത്. വളരെ ഗൗരവമേറിയ വിഷയമായി മുഖ്യമന്ത്രി ഇതിനെ കാണേണ്ടതുണ്ട്.
മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയതിനുശേഷം ഇതുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ യു.ഡി.എഫ് ചര്‍ച്ച ചെയ്യും. ബന്ധുനിയമനം നടത്തിയെന്ന ആരോപണം ഉയര്‍ന്നതുമുതല്‍ അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് മന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ജയരാജന്‍ ബന്ധുനിയമനം നടത്തിയതിനെ തുടര്‍ന്നുണ്ടായ വിവാദത്തിനൊടുവില്‍ പൊതുമേഖലാസ്ഥാപനങ്ങളിലെ ഉന്നത സ്ഥാനങ്ങളിലേക്ക് നിയമിക്കുന്നവര്‍ക്ക് വിജിലന്‍സ് ക്ലിയറന്‍സ് നിര്‍ബന്ധമാക്കിയ സര്‍ക്കാരിന്റെ തീരുമാനത്തെ മന്ത്രി അട്ടിമറിച്ചിരിക്കുകയാണ്. ശബരിമല വിഷയത്തില്‍ വര്‍ഗീയ രാഷ്ട്രീയമാണ് ബി.ജെ.പി പ്രയോഗിക്കുന്നത്. ഇതിന് സി.പി.എമ്മും കൂട്ടുനില്‍ക്കുന്നു. സന്നിധാനത്ത് അക്രമം നടത്തുന്ന ബി.ജെ.പിയുടെ നിലപാടിനെ തള്ളിക്കളയുന്നതോടൊപ്പം ഭക്തജനങ്ങളെ അപമാനിക്കാനുള്ള സി.പി.എമ്മിന്റെ നീക്കത്തെയും പ്രതിരോധിക്കേണ്ടതുണ്ടെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."