നവോത്ഥാനം സമൂഹത്തിന് നല്‍കിയത് മനുഷ്യത്വത്തിന്റെ വെളിച്ചം: പിണറായി വിജയന്‍
ഗുരുവായൂര്‍: എത്രയോ ചട്ടങ്ങളെയും ആചാരങ്ങളെയും മാറ്റിയാണ് സമൂഹം മുന്നോട്ടു പോയതെന്നും നവോത്ഥാനം സമൂഹത്തിന് മനുഷ്യത്വത്തിന്റെ വെളിച്ചമാണ് നല്‍കിയതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. നവോത്ഥാന ചരിത്രത്തിലെ തിളക്കമേറിയ കണ്ണിയാണ് ഗുരുവായൂര്‍ സത്യഗ്രഹമെന്ന കാര്യം മറക്കരുതെന്നും അദ്ദേഹം സൂചിപ്പിച്ചു. ഗുരുവായൂര്‍ ക്ഷേത്രപ്രവേശന സ്മാരകവും സി.സി.ടി.വി കാമറകളുടെ പ്രവര്‍ത്തനോദ്ഘാടനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കാലോചിതമായി ആചാരങ്ങള്‍ മാറ്റാനും പരിഷ്‌കരിക്കാനും മുന്നിലുണ്ടായിരുന്നത് വിശ്വാസികളായിരുന്നു എന്നതു നാം മറക്കരുത്. അനാചരങ്ങള്‍ മാറ്റാനുളള ഊര്‍ജമായിരുന്നു അവര്‍ക്ക് വിശ്വാസം എന്നത് നാം മറന്നുകൂടാ. ഋതുമതിയായ സത്രീക്കും ചുടല കാക്കുന്ന ചണ്ഡാളനും നിഷിദ്ധമല്ല ദൈവം എന്നാണ് ഹരിനാമകീര്‍ത്തനത്തില്‍ എഴുത്തച്ഛന്‍ പറയുന്നത്. ബ്രാഹ്മണന് എത്രത്തോളം അവകാശപ്പെട്ടതാണോ ദൈവം അത്രത്തോളം അവകാശപ്പെട്ടതാണ് ഋതുമതിയായ സ്ത്രീക്കും ചണ്ഡാളനുമെന്ന് എഴുതിയ എഴുത്തച്ഛന്‍ എത്ര പുരോഗമന പരമായാണ് കാര്യങ്ങളെ കണ്ടത്. അതിനെതിരുത്താന്‍ ശ്രമിക്കുന്നത് ശരിയല്ല. അനാചരത്തെ ഉറപ്പിക്കാനുള്ളതല്ല വിശ്വാസം എന്ന് നാം മനസിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗുരുവായൂര്‍ എം.എല്‍.എ കെ.വി അബ്ദുല്‍ ഖാദര്‍ അധ്യക്ഷനായി. മുരളി പെരുനെല്ലി എം.എല്‍.എ, ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ കെ.ബി മോഹന്‍ദാസ്, ഗുരുവായൂര്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ കെ.പി വിനോദ്, മറ്റു സ്ഥിരംസമിതി ഭാരവാഹികള്‍, ജനപ്രതിനിധികള്‍, ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു. ഗുരുവായൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രൊഫ. പി.കെ ശാന്തകുമാരി സ്വാഗതവും ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ എസ്.വി ശിശിര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."