തകര്‍ന്നടിഞ്ഞ് കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത്-സി.എച്ച്.സി റോഡ് ദുരിതത്തിലാകുന്നത് പൊതുജനം
കൊണ്ടോട്ടി: ബ്ലോക്ക് പഞ്ചായത്ത്-സാമൂഹികാരോഗ്യകേന്ദ്രം റോഡ് തകര്‍ന്നതോടെ ഇതുവഴിയുള്ള ഗതാഗതവും കാല്‍ നടയാത്രയും ദുരിതത്തിലായി. ദിനേന നൂറുകണക്കിന് രോഗികള്‍ക്കും ബ്ലോക്ക് പഞ്ചായത്തിലേക്കുള്ള പൊതുജനത്തിനും ആശുപത്രിയിലും ബ്ലോക്കോഫീസിലേക്കും എത്താനുമുള്ള ഏക റോഡാണ് മാസങ്ങളായി തകര്‍ന്നുകിടക്കുന്നത്.
ചീക്കോട് കുടിവെള്ള പദ്ധതിക്ക് പൈപ്പിടാന്‍ വേണ്ടിഒരു വര്‍ഷം മുന്‍പ് റോഡിന്റെ ഒരുഭാഗം വെട്ടിപ്പൊളിച്ചതാണ് റോഡ് തകരാന്‍ കാരണം. റോഡ് പുനരുദ്ധാരണം നടത്തി അധികം വൈകാതെയാണ് റോഡ് വെട്ടിപ്പൊളിച്ചത്. എന്നാല്‍ ഒരു വര്‍ഷമായിട്ടും റോഡ് പുനരുദ്ധാരണം നടത്താന്‍ യാതൊരു നടപടികളും അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. വളവും ചെങ്കുത്തായ റോഡിന്റെ ഒരുഭാഗം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. മഴക്കാലമായതോടെ വെള്ളം കുത്തിയൊലിച്ച് ഗര്‍ത്തങ്ങളുമുണ്ടായിട്ടുണ്ട്. റോഡിന്റെ ഒരുഭാഗം മാത്രമാണ് വാഹനങ്ങള്‍ക്ക് ഉപയോഗിക്കാനാവുന്നത്. ഇതോടെ വാഹനങ്ങള്‍ക്ക് കടന്നു പോകാനും ഏറെ പ്രയാസമാണ്.
മഴക്കാല രോഗങ്ങള്‍ പെരുകിയതിനാല്‍ പ്രതിദിനം ആയിരത്തിലേറെ രോഗികളാണ് കൊണ്ടോട്ടി സി.എച്ച്.സിയിലേക്ക് എത്തുന്നത്. ഇവിടെ പ്രവര്‍ത്തിക്കുന്ന ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്ററിലേക്ക് രോഗികളെ കൊണ്ടുവരുന്നതും ഇതുവഴിയാണ്. മഴക്കാലമായതോടെ കാല്‍നട യാത്രപോലും ദുഷ്‌കരമാണെന്ന് ഇവിടെ എത്തുന്നവര്‍ പറയുന്നു. ഇതേ റോഡ് വഴിയാണ് കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസും പ്രവര്‍ത്തിക്കുന്നത്. ഇവിടേക്ക് എത്തുന്നവരും ഈ ദുരിത യാത്ര നടത്തേണ്ട ഗതികേടാണ്.
ചീക്കോട് കുടിവെളള പദ്ധതിക്ക് പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനായി പൊളിച്ച റോഡുകള്‍ പുനര്‍നിര്‍മിക്കുന്നതിന് നേരത്തെ തന്നെ തുക വകയിരുത്തിയിരുന്നെങ്കിലും നടപടിക്രമങ്ങളിതുവരെ ആയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."