ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയുടെ സ്ഥിതി പരിതാപകരം, കരകയറല്‍ അതിവിദൂരം- നൊബേല്‍ ജേതാവ് അഭിജിത് ബാനര്‍ജി
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയുടെ സ്ഥിതി ഏറെ പരിതാപകരമെന്ന് ആവര്‍ത്തിച്ച് നൊബേല്‍ സമ്മാന ജേതാവ് സാമ്പത്തിക ശാസ്ത്രജ്ഞന് അഭിജിത് ബാനര്‍ജി. സാമ്പത്തികരംഗം പഴയരീതിയിലേക്ക് അടുത്തൊന്നും മടങ്ങിവരുമെന്ന ഉറപ്പ് പുതിയ വിവരങ്ങളില്‍ നിന്ന് ലഭിക്കുന്നില്ലെന്നും ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞന് അഭിജിത് കൂട്ടിച്ചേര്‍ത്തു. നൊബേല്‍ പുരസ്ക്കാരം ലഭിച്ച് ശേഷം നടന്ന കോണ്‍ഫറന്‍സിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
സാമ്പത്തിക വ്യവസ്ഥ എന്താവും എന്നതിനേക്കാള്‍ ഇപ്പോഴെങ്ങിനെയാണ് എന്ന് പറയാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. 'ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ദുര്‍ബലമായ അവസ്ഥയിലാണ്. സാമ്പത്തിക വളര്‍ച്ച സംബന്ധിച്ച പുതിയ വിവരങ്ങള്‍ പരിശോധിക്കുമ്പോള്‍ ഇക്കാര്യം വ്യക്തമാണ്. കഴിഞ്ഞ അഞ്ച് ആറു വര്‍ഷമായി ചെറിയതോതിലെങ്കിലുമുള്ള വളര്‍ച്ചയെങ്കിലും കാണാമായിരുന്നു. ഇപ്പോള്‍ അതും നഷ്ടപ്പെട്ടിരിക്കുന്നു' - അദ്ദേഹം ചൂണ്ടിക്കാട്ടി.
നൊബേല്‍ പുരസ്കാരം അഭിജിത് ഉള്‍പ്പടെ മൂന്നുപേര്‍ പങ്കിടുകയായിരുന്നു. അഭിജിത് ബാനര്‍ജിക്കു പുറമെ ഭാര്യ എസ്തര് ഡുഫ്ലൂ, മൈക്കല്‍ ക്രെമര്‍ എന്നിവരാണ് ഇത്തവണ പുരസ്കാരത്തിന് അര്‍ഹരായത്. ആഗോള ദാരിദ്ര്യ നിര്‍മാര്‍ജനത്തിനുള്ള പരീക്ഷണാത്മക സമീപനത്തിനാണ് ഇവര്‍ക്ക് പുരസ്കാരം ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."