ഇവിടെ പകലിരവുകള്‍ ഭീതിയുടേതാണ്; പുറംലോകമറിയാത്ത കശ്മീര്‍
കഴിഞ്ഞ രണ്ടുമാസത്തിലേറെ കട്ടപിടിച്ച ഭീതിയുടേതാണ് കശ്മീരിലെ രാപ്പകലുകള്‍. ആഗസ്റ്റ് അഞ്ചിന് ആര്‍ട്ടിക്കിള്‍ 370 എടുത്തു മാറ്റിയ ആ നിമിഷം തൊട്ട് വല്ലാത്തൊരു ഭയം വിഴുങ്ങിയിരിക്കുന്നു ഭൂമിയിലെ ഈ സ്വര്‍ഗ്ഗത്തെ. ആരെയെങ്കിലും കാണാനോ എന്തെങ്കിലും പറയാനോ പൊതിഞ്ഞു മൂടിയ ഈ ഭയം അവിടുത്തുകാരെ അനുവദിക്കുന്നില്ല. ഇന്റര്‍നെറ്റുള്‍പെടെ ബാഹ്യലോകവുമായുള്ള എല്ലാ ബന്ധവും വിച്ഛദിച്ചതിന് പുറമെ ഇതു കൂടി കാരണമാണ് രണ്ടുമാസമായുള്ള കശ്മീരിനെ നാമറിയാതിരുന്നതിന്.
ആഗസ്റ്റ് ആറിനും ഏഴിനുമായി അവിടം സന്ദര്‍ശിച്ച അനിരുദ്ധ് കാല(സൈക്യാട്രിസ്റ്റ്), ബ്രിനെല്ല ഡിസൂസ(വിദ്യാഭ്യ്‌സ വിദഗ്ധ), രേവതി ലോള്‍(മാധ്യമപ്രവര്‍ത്തക), ശബാന ആസ്മി(നടി, പൊതുപ്രവര്‍ത്തക) എന്നിവര്‍ പറയുന്നത് ഇതാണ്. സത്യങ്ങള്‍ അറിയാനാണ് തങ്ങളവിടെ ചെന്നത്. എന്നാല്‍ തങ്ങള്‍ ബന്ധപ്പെട്ട പകുതിയിലേറെ ആളുകള്‍കള്‍ക്കും ഒരുതരം മരവിപ്പു നിറഞ്ഞ പ്രതികരണമായിരുന്നു. ആരും ഒന്നും പറയാന്‍ തയ്യാറായില്ല. പ്രതികരിച്ച വിരലിലെണ്ണാവുന്നവര്‍ക്കാവട്ടെ നഷ്ടങ്ങളുടെ കണക്ക് മാത്രമാണ് സംഘത്തോട് പങ്കുവെക്കാനുണ്ടായിരുന്നത്.
ആകെക്കൂടി ഒരു മാന്ദ്യത്തിലേക്കാണ് ഈ നാട് ആണ്ടു പോയത്. ബിസിനസുകള്‍ തളര്‍ന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞു കിടക്കുന്നു. ഏതു നിമിഷവും കൊല്ലപ്പെട്ടേക്കാമെന്നൊരു പേടി കുട്ടികളില്‍ പോലും നിറഞ്ഞു നില്‍ക്കുന്നു. കശ്മീര്‍ ശാന്തമാണെന്ന് കേന്ദ്രം ആവര്‍ത്തിക്കുമ്പോഴാണിത്. കച്ചവടങ്ങള്‍ നന്നായി നടക്കുന്നുവെന്നും തെരുവുകള്‍ സാധാരണ നിലയിലാണെന്നും കഴിഞ്ഞ ദിവസം പോലും ആഭ്യന്തര മന്ത്രി പറഞ്ഞിരുന്നു.
സ്തംഭനത്തിലാണ്ട് വ്യാപാരം
സംസ്ഥാനത്ത് വ്യവസായ സംരംഭങ്ങള്‍ ഏതാണ്ട് പൂര്‍ണമായും നിലച്ച മട്ടാണ്. 35,000കോടിയുടെ വ്യവസായം പൂര്‍ണമായും സ്തംഭവനാവസ്ഥയിലാണ്. നേരത്തെ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ദിവസം 500 ട്രക്കുകള്‍ ഉണ്ടായിരുന്നെങ്കില്‍ ഇന്നത് നാലു ദിവസത്തില്‍ ഒന്നെങ്കിലും എന്നായിരിക്കുന്നു. സാധാരണ ദസറ സമയത്ത് ഹോള്‍സെയില്‍ മാര്‍ക്കറ്റുകളിലും മണ്ഡികളിലും കാലു കുത്താന്‍ ഇടമുണ്ടാവില്ല. ഇന്നവിടം ശൂന്യമാണ്.
ആപ്പിള്‍ കൃഷിക്കാരുടെ സ്ഥിതി അതിലും ദയനീയമാണ്. കഴിഞ്ഞ വര്‍ഷം ഏഴായിരം കോടിയുടെ വ്യാപാരം നടന്നിരുന്നു. ശ്രീനഗറില്‍ 8600 കോടിയുടെ കച്ചവടമുണ്ടാകുമെന്നാണ് ഈ സര്‍ക്കാര്‍ പറയുന്നത്. അതിന് എങ്ങിനെയാണ് ഇത് മണ്ഡിയില്‍ എത്തിക്കുക. ഈ ഭീതി നിറഞ്ഞ അന്തരീക്ഷം കാരണം ജനങ്ങള്‍ക്ക് അവരുടെ തോട്ടങ്ങളില്‍ പോവാനോ ആപ്പിളുകള്‍ ശേഖരിക്കാനോ കഴിയുന്നില്ല- ഒരു കച്ചവടക്കാരന്‍ പറയുന്നു.
ടാക്‌സി ബിസിനസും ഇല്ലാതായെന്ന് മറ്റൊരാള്‍ പരിതപിക്കുന്നു.ടൂറിസം, ഹോട്ടല്‍, ഗതാഗതം എല്ലാം തകര്‍ന്നു. ഒരു ദിവസം 25- 30 ടൂറിസ്റ്റ് ബസുകളാണ് ഇവിടേക്ക് വന്നു കൊണ്ടിരുന്നത്. ഇന്ന് ഒന്നു പോലും വരുന്നില്ല- അയാള്‍ ചൂണ്ടിക്കാട്ടി.
വസ്ത്രവ്യാപാരവും നിലച്ച മട്ടിലാണെന്ന് ഒരു വ്യാപാരി പറയുന്നു.
പേടിച്ചുവിറച്ച് കാമ്പസുകള്‍
ഭീതി നിറഞ്ഞ ഈ അവസ്ഥ ഞങ്ങള്‍ പ്രതീക്ഷിച്ചതാണ്. പേര് വെളിപെടുത്താതെ കുറച്ചു വിദ്യാര്‍ഥികള്‍ സംഘത്തോട് പറഞ്ഞു. ആര്‍ട്ടിക്കിള്‍ 370 എടുത്തു മാറ്റിയ സര്‍ക്കാര്‍ നീക്കത്തെ പുകഴ്ത്തുന്നവര്‍ക്കും ബി.ജെ.പിക്ക് ജയ് വിളിക്കുന്നവര്‍ക്കും മാത്രമേ ഇവിടെ വാ തുറക്കാന്‍ അവകാശമുള്ളൂ. ഇതിനെയൊക്കെ ആരെങ്കിലും എതിര്‍ത്താല്‍ അവര്‍ പിടിക്കപ്പെടും- വിദ്യാര്‍ഥികള്‍ പറയുന്നു.
ഞങ്ങള്‍ ഏറെ സമ്മര്‍ദ്ദത്തിലാണ്. സര്‍ക്കാറിനെതിരെ ഒന്നും എഴുതാന്‍ പാടില്ല. എങ്ങിനെയെങ്ങാനും സംഭവിച്ചാല്‍ ആഗ്രയിലോ മറ്റെവിടെയെങ്കിലോ ഉള്ള ജയിലുകളായിരിക്കും ഞങ്ങളുടെ വാസസ്ഥലം. ഇപ്പോള്‍ ഞങ്ങളെ പിന്തുണക്കാന്‍ ആരുമില്ല. ഞങ്ങള്‍ക്ക് ട്വിറ്ററിലോ ഫേസ്ബുക്കിലോ എഴുതാന്‍ വയ്യ. ഒരു വര്‍ഷം മുമ്പ് നിര്‍ത്തിയതാണ് ഞാന്‍ അത്തരം എഴുത്തുകള്‍- ഒരു അധ്യാപകന്‍ പറയുന്നു. ട്വിറ്ററിലെ പോസ്റ്റുകള്‍ നിരീക്ഷണത്തിലാണ്. അതേകുറിച്ച് ജനങ്ങള്‍ ചോദ്യം ചെയ്യപ്പെടും.
എന്തെങ്കിലും എഴുതിയാല്‍ ആളുകള്‍ എന്നെ വിളിക്കും. നിങ്ങളെന്തിനാണ് ഇങ്ങനെ എഴുതുന്നത്. ഇത് എത്രത്തോളം അപകടമാണെന്ന് അറിയില്ലേ എന്ന് ചോദിച്ച് - മറ്റൊരു അധ്യാപകന്‍ പറയുന്നു. പൊലിസ് സേനയുടെ നിയന്ത്രണത്തിലാണ്. അവര്‍ പൊലിസിനെ ഭീതി പരത്താനായി ഞങ്ങള്‍ക്കെതിരെ ഉപയോഗിക്കുന്നു. പൊതുജനസുരക്ഷ നിയമം(പബ്ലിക് സേഫ്റ്റി അക്ട്) ഉപയോഗിച്ച് അവര്‍ക്ക് ഞങ്ങള്‍ക്കെതിരെ എന്ത് കുറ്റവും ചുമത്താം. ബി.ജെ.പി അധികാരം ദുര്‍വിനിയോഗം ചെയ്യുകയാണെന്നും അവര്‍ക്ക് വോട്ടു ചെയ്തത് മണ്ടത്തരമായെന്നും ഇപ്പോള്‍ കുറേ ആളുകള്‍ മനസ്സിലാക്കുന്നു- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തങ്ങളെ ഭീകരരെന്നാണ് വിളിക്കുന്നത് സര്‍വ്വകലാശാലയിലെ മുസ്‌ലിം വിദ്യാര്‍ഥികള്‍ പറയുന്നു. എപ്പോള്‍ വേണമെങ്കിലും മര്‍ദ്ദിക്കപ്പെടാം എന്ന സ്ഥായിയായ ഭീതിയിലാണ് വിദ്യാര്‍ഥികള്‍ ഇവിടെ കഴിയുന്നത്. പ്രാദേശികമായ മേല്‍വിലാസമാണ് ഞങ്ങള്‍ക്ക്. ഗുജ്ജാര്‍, ബക്കര്‍വാല്‍, പഹാഡി, ദോഗ്ര അങ്ങിനെ. എന്നാല്‍ ഞങ്ങള്‍ കശ്മീരി എന്നാണ് അറിപ്പെടുന്നത്. ഭീകരരെന്നും പാകിസ്താനെ പിന്തുണക്കുന്നവരെന്നുമാണ് അവര്‍ ഞങ്ങളെ വിളിക്കുന്നത്- ഒരു വിദ്യാര്‍ഥി പറയുന്നു.
മര്‍ദ്ദിക്കപ്പെടുമെന്ന പേടിയോടെയാണ് ഓരോ ദിനവും കഴിയുന്നതെന്ന് മറ്റൊരു വിദ്യാര്‍ഥി പറയുന്നു. ഞാന്‍ തീവ്രവാദിയാണെന്ന് ചിലര്‍ പറയുന്നു. എനിക്കുമേല്‍ ഒരു കണ്ണ് വേണമെന്ന് മറ്റു വിദ്യാര്‍ഥികളെ ഓര്‍മിപ്പിക്കുന്നു. പറയുന്നവര്‍ ഭരണകൂടത്തിന്റെ ആളുകളാണ്.
അധ്യാപകരും വിദ്യാര്‍ഥികളും തമ്മിലുള്ള ബന്ധം പോലും പെട്ടെന്നാണ് അട്ടിമറിഞ്ഞത്. ' വിദ്യാര്‍ഥികളെ ഹിന്ദുവെന്നും മുസ്‌ലിമെന്നും അധ്യാപകര്‍ വേര്‍തിരിച്ചു കണ്ടു തുടങ്ങി. ഞങ്ങള്‍ക്ക് ആണ്‍പെണ്‍ സുഹൃത്തുക്കളുണ്ടായിരുന്നു. നിരവധി ഹിന്ദുപെണ്‍കുട്ടികള്‍ സുഹൃത്വലയത്തിലുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അവരോട് സംസാരിക്കുമ്പോള്‍ ലൗ ജിഹാദെന്ന് മുദ്ര കുത്തപ്പെടുകയാണ്'- അവര്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."