ഷാനിമോള്‍ ഉസ്മാന്‍ നയിക്കുന്ന വിശ്വാസ സംരക്ഷണ പ്രചാരണ യാത്ര ജില്ലയില്‍ പര്യടനം പൂര്‍ത്തിയാക്കി
പാലക്കാട്: കെ പി സി സി രാഷ്ട്രീയ കാര്യസമിതി അംഗം ഷാനിമോള്‍ ഉസ്മാന്‍ നയിക്കുന്ന വിശ്വാസ സംരക്ഷണ പ്രചാരണ യാത്ര ജില്ലയില്‍ പര്യടനം പൂര്‍ത്തിയാക്കി. കഴിഞ്ഞദിവസം കോങ്ങാട്ട് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്ത യാത്രയ്ക്ക് ഇന്നലെ പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാന്റ്, ആലത്തൂര്‍, കുളപ്പുള്ളി ടൗണ്‍ എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കി. സ്റ്റേഡിയം ബസ് സ്റ്റാന്റില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ കെ പി സി സി വക്താവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ മുഖ്യ പ്രഭാഷണം നടത്തി.
മതപരമായ വിവേചനമില്ലാത്ത പുണ്യമായ ക്ഷേത്രമാണ് ശബരിമലയെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. നൈഷ്ഠിക ബ്രഹ്മചാരിയുടെ സങ്കല്‍പ്പമാണ് ശബരിമലയിലുള്ളത്. സ്ത്രീകള്‍ക്ക് അവിടെ പ്രവേശനം നിഷേധിക്കുന്നില്ല. എന്നാല്‍ യുവതികള്‍ക്ക് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി എന്നുമാത്രം.
ശബരിമലയെ കുറിച്ച് സംസാരിക്കാന്‍ കോണ്‍ഗ്രസിനല്ലാതെ ഒരു രാഷ്ട്രീയപാര്‍ട്ടിക്കും അവകാശമില്ല. ആചാരനുഷ്ഠാനങ്ങള്‍ മാറ്റാന്‍ മുഖ്യമന്ത്രി പിണറായി വിജയന് ധൈര്യമില്ല. പന്തളം രാജകുടുംബത്തെ അവഹേളിക്കുകയാണ് പിണറായി ചെയ്യുന്നത്. ഈ ക്ഷേത്രത്തിലെ തന്ത്രിയെ മാറ്റാന്‍ കാറല്‍മാര്‍ക്‌സ് വിചാരിച്ചാല്‍ പോലും സാധിക്കില്ല. ശബരിമലയില്‍ ആചാര ലംഘനം നടന്നാല്‍ ശുദ്ധികലശം നടക്കും. തന്ത്രി കുടുംബത്തിന്റെ അവകാശം തട്ടിയെടുക്കാന്‍ മുഖ്യമന്ത്രിക്ക് കഴിയില്ല.
യുവതികളെ പൊലീസ് ജാക്കറ്റ് അണിയിച്ച് ശബരിമലയിലേക്ക് കയറ്റിവിടാന്‍ നിര്‍ദ്ദേശം നല്‍കിയ പിണറായി വിജയനും ധാര്‍മികമായി ആഭ്യന്തരവകുപ്പ് കൈയ്യാളാന്‍ അവകാശമില്ലി. കേരളീയരെ അവര്‍ണരെന്നും സവര്‍ണരെന്നും വേര്‍തിരിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. പിണറായി സര്‍ക്കാരിന്റെ പിടിപ്പുകേടാണ് ശബരിമല വിഷയം ഇത്രയേറെ രൂക്ഷമാവാന്‍ കാരണം. സുപ്രീംകോടതി വിധിയെ ആദ്യം സ്വാഗതം ചെയ്തത് ആര്‍ എസ് എസ് നേതൃത്വമാണെന്ന് അദ്ദേഹം പറഞ്ഞു. വനിതാ സഖാവിനെ പീഡിപ്പിച്ച ഷൊര്‍ണൂര്‍ എം എല്‍ എ പി കെ ശശിയെക്കൊണ്ട് ശബരിമലയിലേക്ക് മാലയിടിപ്പിക്കാന്‍ പിണറായി വിജയന്‍ ധൈര്യം കാണിക്കണം. എങ്കില്‍മാത്രമേ സ്ത്രീ സുരക്ഷ ഉറപ്പാവുകയുള്ളൂവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ വി കെ ശ്രീകണ്ഠന്‍ അധ്യക്ഷനായിരുന്നു. ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ 82-ാം വാര്‍ഷികത്തിന്റെ ഉദ്ഘാടനവും പ്രചരണ യാത്രയുടെ സ്വീകരണ സമ്മേളന ഉദ്ഘാടനവും മുന്‍ എം പിയും എ ഐ സി സി അംഗവുമായ വി എസ് വിജയരാഘവന്‍ നിര്‍വഹിച്ചു. നേതാക്കളായ സി വി ബാലചന്ദ്രന്‍, ഐ കെ രാജു, കെ എ തുളസി, ദീപ്തി മേരി വര്‍ഗീസ്, ഷാഫി പറമ്പില്‍ എം എല്‍ എ, സി ചന്ദ്രന്‍, എ രാമസ്വാമി, സുമേഷ് അച്യുതന്‍, പി വി രാജേഷ്, എ ബാലന്‍, സി ബാലന്‍, കെ ഐ കുമാരി, കെ അപ്പു, കെ സി പ്രീത്, ഫിറോസ് ബാബു, കെ ഭവദാസ് തുടങ്ങിയവര്‍ സംബന്ധിച്ചു. പുത്തൂര്‍ രാമകൃഷ്ണന്‍ സ്വാഗതം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."