ഹര്‍ത്താലിനെതിരേ മുന്നോട്ടു പോകാന്‍ തീരുമാനം
കോഴിക്കോട്: ഹര്‍ത്താലിനെതിരേ ശക്തമായ നിലപാടുമായി മുന്നോട്ടു പോകാന്‍ ജില്ലയിലെ വിവിധ വ്യാപാരി-വ്യവസായി, വിദ്യാഭ്യാസ സംഘടനാ പ്രതിനിധികളെ ഉള്‍പ്പെടുത്തി കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി സംഘടിപ്പിച്ച ചര്‍ച്ചയില്‍ തീരുമാനം. ഹര്‍ത്താലിനെതിരേ പൊതുവികാരമാണ് ചര്‍ച്ചയിലുണ്ടായത്. അപ്രതീക്ഷീത ഹര്‍ത്താല്‍ പ്രഖ്യാനപനത്തിലൂടെ കോടികളുടെ നാശനഷ്ടമാണ് വ്യാപാര-വ്യവസായ മേഖലയിലുണ്ടാകുന്നത്. ഇതിനാല്‍ മിന്നല്‍ പണിമുടക്കും ഹര്‍ത്താലും ഒഴിവാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും തയാറാകണമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു. ഹര്‍ത്താലുകളുടെ സമയദൈര്‍ഘ്യം കുറയ്ക്കുക, ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കുന്നവരില്‍ കച്ചവടക്കാരെയും ഉള്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും അവര്‍ ഉന്നയിച്ചു.
'ഹര്‍ത്താലുകള്‍ക്കെതിരേ തുറന്ന ചര്‍ച്ച' എന്ന പേരില്‍ കാലിക്കറ്റ് ടവറില്‍ നടന്ന പരിപാടിയില്‍ കാലിക്കറ്റ് ചേംബര്‍ പ്രസിഡന്റ് ഐപ് തോമസ് അധ്യക്ഷനായി. പ്രസ്‌ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍ മോഡറേറ്ററായിരുന്നു. കോര്‍പറേഷന്‍ കൗണ്‍സിലര്‍ അഡ്വ. പി.എം നിയാസ്, സേതുമാധവന്‍ (വ്യാപാരി വ്യവസായി ഏകോപന സമിതി), സി.കെ വിജയന്‍ (വ്യാപാരി വ്യവസായി സമിതി), ജനാര്‍ദനന്‍ (കെ.എസ്.ഡി.എ), ബാബു കുന്നത്ത് (ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍), വേണുഗോപാല്‍ (ലോറി ഏജന്‍സി), പി.എം ഗഫൂര്‍ (ചെറുകിട വ്യവസായി അസോസിയേഷന്‍), കെ. യോഗേഷ് (കെ.എസ്.ഐ.എ), കെ.പി അബ്ദുല്‍ റസാഖ് (ബിസിനസ് ക്ലബ് ), കബീര്‍ സലാല (പ്രവാസി കൗണ്‍സില്‍), മുകുന്ദന്‍ (ടെക്സ്റ്റയില്‍സ് അസോസിയേഷന്‍), അബ്ദുല്‍ റഷീദ് ( ഹോള്‍സെയില്‍ ഫ്രൂട്ട്‌സ് അസോസിയേഷന്‍), അബ്ദുല്‍ ലത്വീഫ് (എം.ഇ.എസ്), നാഗരത്‌നം, മുസ്തഫ കൊമ്മേരി, ജനാര്‍ദനന്‍ പങ്കെടുത്തു. ചേംബര്‍ സെക്രട്ടറി എ.എം ശരീഫ് സ്വാഗതവും, ടി.പി വാസു നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."