കോസ്റ്റല്‍ വാര്‍ഡന്‍ നിയമനം അട്ടിമറിക്കുന്നു; പ്രളയദുരന്തത്തിലെ രക്ഷകര്‍ പടിക്ക് പുറത്ത്
കൊല്ലം: പ്രളയദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളികളെ ഉള്‍പ്പെടുത്തി ഇരുന്നുറംഗ തീരസേന രൂപീകരിക്കുമെന്ന പ്രഖ്യാപനം സര്‍ക്കാര്‍തന്നെ അട്ടിമറിക്കുന്നു. അലകടലുമായി മല്ലിടുന്ന മത്സ്യത്തൊഴിലാളികളുടെ ചങ്കുറപ്പിന് പകരം പത്താംക്ലാസ് പാസായ മത്സ്യത്തൊഴിലാളികള്‍ മതിയെന്ന സര്‍ക്കാര്‍ തീരുമാനമാണ് പ്രളയദുരന്തത്തിലെ രക്ഷകര്‍ക്ക് തിരിച്ചടിയാകുന്നത്. പൊലിസ് സേനയെ സഹായിക്കാന്‍ കോസ്റ്റല്‍ വാര്‍ഡന്‍മാരെ നിയമിക്കുന്നതിനുള്ള അപേക്ഷ നേരിട്ടു സ്വീകരിക്കുന്ന അവസാന തിയതി ഇന്നാണ്. എന്നാല്‍ പ്രളയദുരിതത്തില്‍ രക്ഷകരായ മത്സ്യത്തൊഴിലാളികളില്‍ പത്താംക്ലാസ് പാസായവര്‍ തുലോം കുറവാണ്. പ്രളയ ദുരന്തത്തില്‍ പങ്കെടുത്ത ശക്തികുളങ്ങര, നീണ്ടകര മത്സ്യമേഖലകളില്‍ നിന്നും തീരസേനാ തെരഞ്ഞെടുപ്പിന് അപേക്ഷ സമര്‍പ്പിക്കാന്‍ പത്താംക്ലാസ് പാസായവര്‍ ആരുമില്ല. അതിനാല്‍ വനപാലകരെ സഹായിക്കാന്‍ ആദിവാസികളില്‍ നിന്നും ഫോറസ്റ്റ് വാര്‍ഡന്‍മാരെ നിയമിച്ച രീതിയില്‍ കോസ്റ്റല്‍ വാര്‍ഡന്‍മാരെ നിയമിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. അലറിയടുക്കുന്ന കടലില്‍ അകപ്പെടുന്നവരെ രക്ഷിക്കാന്‍ കടലും നീന്തലും അറിയാവുന്നവരെയാണ് തെരഞ്ഞെടുക്കേണ്ടത്. അതിനുപകരം രാഷ്ട്രീയ താല്‍പ്പര്യം നോക്കി തെരഞ്ഞെടുപ്പ് നടത്തുന്നത് പ്രളയ ദുരിതത്തില്‍ രക്ഷകരായ മത്സ്യത്തൊഴിലാളികളെ അധിക്ഷേപിക്കുന്നതിന് തുല്യമാണെന്ന് മല്‍സ്യത്തൊഴിലാളി സംഘടനകള്‍ പറയുന്നു.
പോര്‍ട്ട്, ഹൈഡ്രോഗ്രാഫിക്, കോസ്റ്റല്‍ പൊലിസ്, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് എന്നിവിടങ്ങളില്‍ നിലവില്‍ കോസ്റ്റല്‍ വാര്‍ഡന്‍മാരെ നിയമിച്ചിട്ടുണ്ടെങ്കിലും രക്ഷാപ്രവര്‍ത്തനത്തിന് ഇവര്‍ പലരും പര്യാപ്തമല്ല. നിരവധി മത്സ്യത്തൊഴിലാളികള്‍ തിരയില്‍പ്പെട്ടു മറിഞ്ഞ സമയത്ത് നിലവിലെ കോസ്റ്റല്‍ വാര്‍ഡന്‍മാര്‍ക്ക് രക്ഷാപ്രവര്‍ത്തനം നടത്താന്‍ കഴിഞ്ഞിരുന്നില്ല. തിരമാലകളില്‍പ്പെട്ട് അപകടത്തില്‍പ്പെടുന്നവരെ രക്ഷപെടുത്തണമെങ്കില്‍ തിരമാലകളെ ഭേദിച്ച് ബോട്ട് ഓടിക്കാനുള്ള കഴിവ് മാത്രമായിരിക്കണം അടിസ്ഥാന യോഗ്യത. ഏഴാംക്ലാസ് വിദ്യാഭ്യാസ യോഗ്യതയാക്കിയാല്‍ ഇതിന് പരിഹാരമാകുമെന്ന അഭിപ്രായമാണ് മത്സ്യത്തൊഴിലാളി സംഘടനകള്‍ മുന്നോട്ടു വയ്ക്കുന്നത്. ഇതുസംബന്ധിച്ച് ഫിഷറിസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയോട് സംസാരിച്ചപ്പോള്‍ പത്താംക്ലാസ് പാസായവര്‍ ഇല്ലേയെന്ന മറുചോദ്യമാണ് മന്ത്രിയില്‍ നിന്നുണ്ടായതെന്ന് ഇന്തന്‍ സ്വതന്ത്ര മത്സ്യത്തൊഴിലാളി സംഘടനാ നേതാവ് സുഭാഷ് കലവറ പറഞ്ഞു. മല്‍സ്യത്തൊഴിലാളി കുടുംബങ്ങളില്‍ പലരും ഇളയ സഹോദരങ്ങളെ പഠിപ്പിക്കാനായി കടലില്‍പോകുമ്പോള്‍ അവര്‍ക്ക് വേണ്ടത്ര വിദ്യാഭ്യാസം ലഭിക്കുന്നില്ലെന്നും അതാണ് തീരസേനാ തെരഞ്ഞെടുപ്പില്‍ വിനയാകുന്നതെന്നും സുഭാഷ് പറഞ്ഞു. എന്നാല്‍ സര്‍ക്കാര്‍ തീരുമാനം മാറ്റിയില്ലെങ്കില്‍ പ്രക്ഷോഭം ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ അരംഭിക്കാനാണ് മല്‍സ്യത്തൊഴിലാളി സംഘടനകളുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."