വിവാദ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഖേദപ്രകടനവുമായി അന്ന ഈഡന്‍
കോഴിക്കോട്: ലൈംഗിക പീഡനത്തിനിരയായവരെ അപമാനിക്കുന്ന തരത്തില്‍ എഴുതിയ പോസ്റ്റില്‍ ഖേദം പ്രകടപ്പിച്ച് ഹൈബി ഈഡന്‍ എം.പിയുടെ ഭാര്യ അന്ന ലിന്‍ഡ് ഈഡന്‍. താന്‍ പ്രസിദ്ധീകരിച്ച പോസ്റ്റില്‍ തെറ്റിദ്ധാരണ ഉണ്ടായതില്‍ ഏറെ വിഷമമുണ്ടെന്നും നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നതായും അവര്‍ പുതിയ പോസ്റ്റില്‍ സൂചിപ്പിച്ചു.
കൊച്ചിയിലുണ്ടായ ശക്തമായ മഴയില്‍ തന്റെ വീട്ടിലും വെള്ളം കയറിയതും സംബന്ധിച്ചുള്ള ഇവരുടെ പോസ്റ്റാണ് വിവാദത്തിലായത്. വിധി ബലാത്സംഗം പോലെയാണെന്നും തടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആസ്വദിക്കണമെന്നുമായിരുന്നു അവരുടെ ഫേസ്ബുക്ക് സന്ദേശം. കൂടെ ഹോട്ട് ഐസ്‌ക്രീം കഴിക്കുന്ന ഹൈബിയുടെ വീഡിയോയും പോസ്‌ററ് ചെയ്തു. ഏറെ വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും അവരുടെ ഈ പ്രവര്‍ത്തിക്ക് ലഭിച്ചത്.
അന്നയുടെ ഫേസ്ബുക്ക് പോസ്റ്റ്
സോഷ്യല്‍ മീഡിയയില്‍ ഞാന്‍ ഉപയോഗിച്ച വാക്കുകള്‍ എന്റെ ഉദ്ദേശങ്ങള്‍ക്കപ്പുറം ചര്‍ച്ച ചെയ്യപ്പെടുകയും , ജീവിതത്തില്‍ അത്തരം ദുരവസ്ഥയിലൂടെ കടന്ന് പോയവര്‍ക്ക് മാനസീക വിഷമം ഉണ്ടാക്കുന്നതാണെന്നും ഞാന്‍ മനസിലാക്കുന്നു.
കഴിഞ്ഞ ഒരാഴ്ചക്കാലമായി എന്റെ അച്ഛന്‍ അതീവ ഗുരുതരാവസ്ഥയില്‍ അമൃത ആശുപത്രിയില്‍ ഐ.സി.യുവില്‍ ചികിത്സയിലാണ് . ആശുപത്രിയും വീടുമായി ഓട്ടത്തിനിടയിലാണ് അപ്രതീക്ഷിതമായി മുന്‍പെങ്ങും ഇല്ലാത്ത വിധം വീട്ടില്‍ വെള്ളം കയറി വലിയ നാശ നഷ്ടങ്ങള്‍ ഉണ്ടായത്. അമ്മയെയും മകളെയും എല്ലാം കൂട്ടി വളരെ കഷ്ടപ്പെട്ടാണ് കയ്യില്‍ കിട്ടിയ കുറച്ച് സാധനങ്ങളുമെടുത്ത് വീടിനു പുറത്തിറങ്ങുന്നത്. ഹൈബിയാണെങ്കില്‍ ഇലക്ഷന്‍ തിരക്കിലും..
അപ്പയുടെ അവസ്ഥ വളരെ മോശമാണ് . വെന്റിലേറ്റര്‍ പോലും കൊടുക്കാന്‍ കഴിയാത്ത സാഹചര്യം. ചിലപ്പോള്‍ നമ്മുടെ എല്ലാം ജീവിതത്തില്‍ ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടാകാറുണ്ട്. എല്ലാവശത്ത് നിന്നും വരിഞ്ഞു മുറുക്കി എന്ത് ചെയ്യണമെന്നറിയാത്ത നിമിഷങ്ങള്‍. ജീവിതത്തില്‍ ഇത്തരം പ്രതിസന്ധികളെ പുഞ്ചിരിയോടെ നേരിടാനാണ് ഞാന്‍ എന്നും ശ്രമിച്ചിട്ടുള്ളത്. തിരിച്ചടികളെ ആഘോഷമാക്കി അതില്‍ നിന്നും രക്ഷപ്പെടാനുള്ള ഒരു ശ്രമം .
സ്‌കൂളില്‍ പഠിക്കുന്ന കാലത്താണ് എന്നാണ് എന്റെ ഓര്‍മ്മ. അമിതാഭ് ബച്ചന്‍ എ ബി സി എല്‍ എന്ന പരിപാടി നടത്തി ആകെ പൊളിഞ്ഞു നില്‍ക്കുന്ന സാഹചര്യത്തില്‍ അദ്ദേഹം നടത്തിയ ഒരു പരാമര്ശമായിരുന്നു ഞാനും കുറിച്ചത്. ആ കാലത്ത് തന്നെ ആ പരാമര്‍ശം എന്നെ വല്ലാതെ സ്വാധീനിച്ചിരുന്നു. ആ ഓര്‍മ്മയാണ് ഈ സാഹചര്യത്തില്‍ ഇത്തരത്തില്‍ ഒരു പരാമര്‍ശം നടത്താന്‍ എന്നെ പ്രേരിപ്പിച്ചത്.
ഒട്ടനവധി സ്ത്രീകള്‍ നേരിടേണ്ടി വന്നിട്ടുള്ള ഒരു ദുരവസ്ഥയെ അപമാനിക്കുക എന്ന് ഒരു രീതിയിലും ഞാന്‍ ഉദ്ദേശിച്ചിട്ടില്ല.
ഒരു ജനപ്രതിനിധിയുടെ ഭാര്യ എന്ന രീതിയില്‍, എന്നും ജനങ്ങളുടെ ദുരിതവും വേദനകളും കണ്ട് മനസിലാക്കി അവരോടൊപ്പം നില്‍ക്കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. എന്റെ പോസ്റ്റില്‍ ഇങ്ങനെ ഒരു തെറ്റിദ്ധാരണ ഉണ്ടായതില്‍ എനിക്ക് ഏറെ വിഷമമുണ്ട്. ഞാന്‍ അതില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."