പേരിലെന്താണ് ?
മദര്‍ തെരേസ
ജന്മം കൊണ്ട് അല്‍ബേനിയയും പൗരത്വം കൊണ്ട് ഇന്ത്യക്കാരിയും ജീവിതം കൊണ്ട് കത്തോലിക്ക സന്യാസിയുമായ മദര്‍ തെരേസ പാവങ്ങളുടെ അമ്മ എന്ന വിശേഷണത്തിനര്‍ഹയാണ്. ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി ജീവിതംമാറ്റിവച്ച മദറിനെ തേടി 1979 ല്‍ സമാധാനത്തിനുള്ള നോബേല്‍ പുരസ്‌കാരമെത്തി. തൊട്ടടുത്ത വര്‍ഷം ഭാരതരത്‌ന നല്‍കി നമ്മുടെ രാജ്യം ആ മഹതിയെ ആദരിച്ചു. ആഞ്ചസ് ഗോന്‍ബോയാക്കിയോ എന്നാണ് മദര്‍ തെരേസയുടെ ശരിയായ പേര്. ആഞ്ചസിന് പകരം ആഗ്നസ് എന്നും ഉച്ചരിക്കാറുണ്ട്.
മുഹമ്മദലി
ബോക്‌സിംഗ് താരം മുഹമ്മദലിയെ പലര്‍ക്കും അറിയുമായിരിക്കും. എന്നാല്‍ കാഷ്യസ് ക്ലേയെ അറിയുമോ. അമേരിക്കയിലെ വര്‍ണവിവേചനത്തിനെതിരെ പട പൊരുതിയ വ്യക്തിത്വമാണ് കാഷ്യസ് ക്ലേ എന്ന മുഹമ്മദലി. കറുത്ത വര്‍ഗക്കാരനായതിന്റെ പേരില്‍ ഒരു റെസ്‌റ്റോറന്റിലെ ഭക്ഷണം നിഷേധിക്കപ്പെട്ടതിനെത്തുടര്‍ന്ന് തനിക്ക് ലഭിച്ച ഒളിംപിക്‌സ് സ്വര്‍ണമെഡല്‍ ഓഹിയോ നദിയിലേക്ക് വലിച്ചെറിഞ്ഞ് പ്രതിഷേധിച്ചു. അമേരിക്കന്‍ വംശീയതയ്‌ക്കെതിരേയുള്ള പോരാട്ടത്തിനിടയില്‍ ഇസ്‌ലാമില്‍ ആകൃഷ്ടനായി മുഹമ്മദലി ക്ലേ എന്ന പേരു സ്വീകരിച്ചു. കാഷ്യസ് മാര്‍സലസ് ക്ലേ ജൂനിയര്‍ എന്നായിരുന്നു ഇസ്‌ലാം മതം സ്വീകരിക്കുന്നതിന് മുമ്പ് മുഹമ്മദ്ദലിയുടെ പേര്. മുഹമ്മദ്ദലി കായിക ലോകത്ത് പ്രസിദ്ധനായിരിക്കേയാണ് അമേരിക്ക വിയറ്റ്‌നാമിനോട് യുദ്ധ പ്രഖ്യാപനം നടത്തുന്നത്. യുദ്ധത്തില്‍ നിര്‍ബന്ധിത സൈനിക സേവനം നടത്താനുള്ള അമേരിക്കന്‍ സര്‍ക്കാറിന്റെ ആവശ്യം മുഹമ്മദലി തള്ളിക്കളഞ്ഞു. അദ്ദേഹത്തിന്റെ ബോക്‌സിംഗ് ലൈസന്‍സ് റദ്ദാക്കി. ഒരു വിയറ്റ്‌നാംകാരന്‍ പോലും തന്നെ കറുത്ത വര്‍ഗക്കാരനാണെന്ന് വിളിച്ച് അധിക്ഷേപിച്ചിട്ടില്ല, പിന്നെന്തിന് ഞാന്‍ വിയറ്റ്‌നാമിനെതിരെ യുദ്ധം ചെയ്യണമെന്ന അദ്ദേഹത്തിന്റെ ചോദ്യം ഏറെ പ്രസിദ്ധമാണ്.
സിസ്റ്റര്‍ നിവേദിത
സ്വാമി വിവേകാനന്ദന്റെ ശിഷ്യ എന്ന പേരിലാണ് സിസ്റ്റര്‍ നിവേദിത ഇന്ത്യയില്‍ അറിയപ്പെടുന്നത്. അയര്‍ലണ്ടില്‍ ജനിച്ച ഇവര്‍ ലൗകിക ജീവിതത്തെ ബാല്യം തൊട്ടേ വെറുത്തിരുന്നു. സ്വാമി വിവേകാനന്ദനെ കണ്ടു മുട്ടിയ ഇവര്‍ അദ്ദേഹത്തെ ഗുരുവായി സ്വീകരിക്കുകയും ഇന്ത്യയിലെത്തുകയും ചെയ്തു. മാര്‍ഗരറ്റ് എലിസബത്ത് നോബിള്‍ എന്നാണ് ശരിയായ പേര്.
റാണി ലക്ഷ്മി ഭായ്
ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ സമരം നയിച്ചവരില്‍ പ്രധാനിയായിരുന്നു റാണി ലക്ഷ്മി ഭായ് എന്ന ഝാന്‍സി റാണി. ഇന്ത്യയുടെ ജോന്‍ ഓഫ് ആര്‍ക്ക് എന്നും ഇവരെ വിശേഷിപ്പിക്കാറുണ്ട്. ഇംഗ്ലീഷ് പട്ടാളത്തിന്റെ ധിക്കാര നയങ്ങള്‍ക്കെതിരേ അവസാന നിമിഷം വരെ ആയുധം കൊണ്ടു പോരാടിയ വനിതയാണ് ഝാന്‍സി റാണി ലക്ഷ്മി ഭായ്. മണി കര്‍ണിക എന്നാണ് ഇവരുടെ യഥാര്‍ഥ പേര്.
ബാബാ ആംതേ
ഇന്ത്യക്കാരനായ സാമൂഹ്യ പ്രവര്‍ത്തകനാണ് ബാബാ ആംതേ. ഗാന്ധിജി, ആചാര്യ വിനോബാഭാവെ എന്നിവര്‍ക്കൊപ്പം ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്തു. ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഗാന്ധി സമാധാന പുരസ്‌കാരം, മാഗ്‌സസെ അവാര്‍ഡ്, പത്മശ്രീ എന്നിവ ലഭിച്ചിട്ടുണ്ട്. കുഷ്ഠ രോഗികള്‍ക്കായി വിദര്‍ഭയില്‍ സ്ഥാപിച്ച ആനന്ദഭവന്‍ ഇന്ന് അനാഥരുടേയും വികലാംഗരുടേയും ആശാകേന്ദ്രം കൂടിയാണ്. മുരളീധര്‍ ദേവദാസ് ആംതേ എന്നാണ് ഇദ്ദേഹത്തിന്റെ ശരിയായ പേര്.
മൗലാന അബ്ദുല്‍ കലാം ആസാദ്
മതസാഹോദര്യത്തിനായി നിലകൊണ്ട ലോക പ്രശസ്ത നേതാവും ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയുമാണ് മൗലാന അബ്ദുല്‍ കലാം ആസാദ്. മുസ്‌ലിംകളുടെ പുണ്യനഗരമായ മക്കയിലാണ് ഇദ്ദേഹത്തിന്റെ ജനനം. തര്‍ജ്ജമാനുല്‍ ഖുര്‍ആന്‍ പ്രസിദ്ധമായ കൃതിയാണ്. ഖിലാഫത്ത് പ്രക്ഷോപത്തിന്റെ മുന്‍നിര നേതാക്കന്മാരില്‍പ്പെട്ട ഇദ്ദേഹത്തിന്റെ ഓര്‍മശക്തിയെക്കുറിച്ച് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു മകള്‍ ഇന്ദിരയ്ക്ക് അയച്ച കത്തില്‍ വിവരിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ജന്മദിനം ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നു. മൗലാനാ അബ്ദുല്‍ കലാം മുഹിയുദ്ദീന്‍ അഹ്മ്മദ് എന്നാണ് യഥാര്‍ഥ നാമം.
ഹാരി ഹൗഡിനി
ലോക പ്രശസ്ത ഹംഗേറിയന്‍ മജീഷ്യനാണ് ഹാരി ഹൗഡിനി. അതിമാനുഷികതയെ ശക്തമായി എതിര്‍ത്തിരുന്ന ഇദ്ദേഹത്തിന്റെ പ്രശസ്തമായ മാജിക് ഐറ്റമായിരുന്നു എസ്‌കേപ്പ് ആക്റ്റ്. ചങ്ങലകളില്‍നിന്നും വിലങ്ങുകളില്‍നിന്നും ഇദ്ദേഹം അനായാസേന രക്ഷപ്പെട്ടിരുന്നു. എറിക് വെയ്‌സ് എന്നാണ് ഹാരി ഹൗഡിനിയുടെ ശരിയായ പേര്.
അമീര്‍ ഖുസ്രു
പണ്ഡിതനും കവിയുമായ അമീര്‍ ഖുസ്രോ പ്രതിഭാസമ്പന്നനായ സംഗീതജ്ഞന്‍ കൂടിയാണ്. ഖവ്വാലിയുടെ പിതാവായ ഇദ്ദേഹത്തെ ഇന്ത്യയുടെ തത്ത എന്നു വിശേഷിപ്പിക്കുന്നു. അബ്ദുല്‍ ഹസന്‍ യാമിനുദ്ദീന്‍ ഖുസ്രുഎന്നാണ് യഥാര്‍ഥ പേര്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."