ആരാണീ തൃപ്തി ദേശായി?
# യു.എം മുഖ്താര്‍
ന്യൂഡല്‍ഹി: കോണ്‍ഗ്രസ്സിന്റെയും അന്നാ ഹസാരെയുടെയും ഇടതുപക്ഷത്തിന്റെയും വേദികളിലും സംഘപരിവാര പ്രഭാഷകന്‍ രാഹുല്‍ ഈശ്വറിന്റെ കൂടെയും കണ്ട തൃപ്തി ദേശായി എന്ന വനിതാവകാശ പ്രവര്‍ത്തക ആരാണ്? മുഖ്യമന്ത്രി പിണറായി വിജയനും ബി.ജെ.പി നേതാവ് ശ്രീധരന്‍ പിള്ളയും ഒരു പോലെ 'ആരാണീ തൃപ്തി ദേശായി' എന്നു ചോദിച്ചതു പോലെ, ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച് സുപ്രിംകോടതിയുടെ ഭരണഘടനാ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചതിനു പിന്നാലെയാണ് നമ്മള്‍ മലയാളികളും ഈ ചോദ്യംചോദിച്ചു തുടങ്ങിയത്.
1985ല്‍ മഹാരാഷ്ട്ര കര്‍ണാടക അതിര്‍ത്തിയിലെ നിപാനി ഗ്രാമത്തില്‍ സാധാരണ കുടുംബത്തില്‍ ജനനം. എട്ടാംവയസ്സില്‍ മതാപിതാക്കള്‍ക്കൊപ്പം പൂനെയിലേക്കു മാറി. തെക്കന്‍ മഹാരാഷ്ട്രയിലെ ആള്‍ദൈവമായ ഗഗന്‍ഗിരി മഹാരാജിന്റെ കടുത്ത ഭക്തയായാണ് വളര്‍ന്നത്. ഗഗന്‍ഗിരിയിലുള്ള ഭക്തി മൂത്ത് അച്ഛന്‍ വീടുപേക്ഷിച്ചുപോയി. അമ്മയ്ക്കും രണ്ടുസഹോദരങ്ങള്‍ക്കുമൊപ്പമായി പിന്നെ ജീവിതം. 2003ല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥിയായിരിക്കെ തന്നെ പൊതുപ്രവര്‍ത്തനം തുടങ്ങി. പ്രദേശത്തുകാര്‍ക്കു റേഷന്‍കാര്‍ഡ് ലഭ്യമാക്കുക, തൊഴിലില്ലായ്മ, ചെറിയ തര്‍ക്കങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ഇടപെട്ടാണ് തുടക്കം. പൂനെയിലെ ശ്രീമതി നതിബാല്‍ ദാമോദര്‍ താക്കര്‍സേ വുമന്‍സ് കോളജില്‍ ഹോംസയന്‍സിനു ചേര്‍ന്നു. വീട്ടിലെ പ്രശ്‌നങ്ങള്‍ കാരണം പഠനം പാതിവഴിയില്‍ നിര്‍ത്തി.
ഇതിനിടെ പ്രശാന്ത് ദേശായി എന്നയാളെ വിവാഹം ചെയ്തു. എട്ടുവയസ്സുള്ള മകനും ഉണ്ട്. അപ്പോഴേക്കും പൊതുപ്രവര്‍ത്തനം മഹാരാഷ്ട്രക്കു പുറത്തേക്കും വ്യാപിപ്പിച്ചിരുന്നു. 2011 ല്‍ യു.പി.എ സര്‍ക്കാരിനെതിരേ അന്നാ ഹസാരേ തുടങ്ങിയ അഴിമതിവിരുദ്ധ പ്രക്ഷോഭത്തില്‍ തൃപ്തി സജീവമായി പങ്കെടുത്തു. അടുത്തവര്‍ഷം സംഘപരിവാര പിന്തുണയോടെ വിവാദ വ്യവസായി ബാംബാരാംദേവ് നടത്തിയ കള്ളപ്പണവിരുദ്ധ സമരത്തിലും സജീവമായി. 2016 നവംബറിലാണ് ശബരിമലയിലെ സ്ത്രീപ്രവേശനം അവര്‍ ഏറ്റെടുത്തത്. യങ് ഇന്ത്യന്‍ ലോയേഴ്‌സ് അസോസിയേഷന്റെ ഹരജി സുപ്രിംകോടതിയുടെ പരിഗണനയിലിരിക്കെയായിരുന്നു ഇത്. ശബരിമലയില്‍ വരുമെന്ന് കഴിഞ്ഞവര്‍ഷം ജനുവരിയില്‍ അവര്‍ പ്രഖ്യാപിക്കുകയും ചെയ്തു.
ആയിടക്ക് പൂനെ മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മല്‍സരിച്ചെങ്കിലും വിജയിച്ചില്ല. രാഷ്ട്രീയം തനിക്കു പറഞ്ഞതല്ലെന്നു ബോധ്യമായതോടെ ആ വഴി ഉപേക്ഷിച്ചു. 2007ല്‍ എന്‍.സി.പി നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായിരുന്ന അജിത് പവാര്‍ ഉള്‍പ്പെട്ട 50 കോടിയുടെ ബാങ്ക് അഴിമതി പുറത്തുകൊണ്ടുവന്നതോടെ തൃപ്തി എന്ന പൊതുപ്രവര്‍ത്തകയുടെ ജീവിതത്തില്‍ പിന്നീട് ഉയര്‍ച്ചയായിരുന്നു.
2010ലാണ് ഭൂമാതാ റാന്‍ രാഗിണി ബ്രിഗേഡ് എന്ന സംഘടന തുടങ്ങിയത്. 40 പേരുമായി തുടങ്ങിയ സംഘടനയില്‍ ഇന്ന് ആയിരം സജീവ വോളന്റിയര്‍മാര്‍ ഉണ്ട്. ഇതിനിടെ പല ക്ഷേത്രങ്ങളിലും ദര്‍ഗകളിലും സ്ത്രീപ്രവേശനത്തിനായി ഇടപെട്ട് വിജയിച്ചിപ്പിച്ചെടുത്തു. കോളാപൂര്‍ മഹാലക്ഷ്മി ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്കു പ്രവേശനം ലഭിക്കാനുള്ള നീക്കമായിരുന്നു ആരാധനാലയങ്ങളിലെ അവരുടെ ആദ്യ ഇടപെടല്‍. സ്ത്രീകളെ പ്രവേശിപ്പിക്കാനുള്ള തൃപ്തിയുടെ നീക്കം പൂജാരിമാര്‍ തടഞ്ഞത് സംഘര്‍ഷത്തില്‍ കലാശിച്ചു. അഞ്ചു പൂജാരിമാര്‍ അറസ്റ്റിലായി,
വൈകാതെ സമരം വിജയിക്കുകയും സ്ത്രീകള്‍ അവിടെ പ്രവേശിക്കുകയും ചെയ്തു.
അഹമ്മദ്‌നഗര്‍ ശനി ശിംഘ്‌നാപൂര്‍ ക്ഷേത്രത്തില്‍ സ്ത്രീകളെ കയറ്റാനായി ശ്രമം. സമരവും നിയമയുദ്ധവും നടന്നു. ക്ഷേത്രപ്രവേശനത്തിന് ലിംഗ വിവേചനം പാടില്ലെന്നു വ്യക്തമാക്കി ബോംബെ ഹൈക്കോടതി ഉത്തരവിട്ടതോടെ അവിടെയും തൃപ്തി വിജയിച്ചു. തുടര്‍ന്നാണ് പശ്ചിമമുംബൈയിലെ ഹാജി അലഗി ദര്‍ഗയില്‍ സ്ത്രീകള്‍ക്കു പ്രവേശനം നിഷേധിച്ചതിനെതിരായ ഇടപെടല്‍. 15ാം നൂറ്റാണ്ടിലെ സൂഫിവര്യന്‍ പീര്‍ ഹാജി അലി ഷാ ബുഖാരിയുടെ മഖ്ബറ സ്ഥിതിചെയ്യുന്ന ദര്‍ഗയില്‍ സ്ത്രീകള്‍ക്കു നേരത്തെ പ്രവേശനം ഉണ്ടായിരുന്നുവെങ്കിലും 2012 ല്‍ കമ്മിറ്റി സ്ത്രീകളെ വിലക്കി ഉത്തരവിട്ടു. സുപ്രിംകോടതി വരെ പോയി അവിടെയും തൃപ്തി വിജയം വരിച്ചു.
ഒരഭിമുഖത്തില്‍ ഫെമിനിസ്റ്റാണോ എന്നചോദ്യത്തിന് അല്ലെന്നായിരുന്നു തൃപ്തി മറുപടി പറഞ്ഞത്. രാഷ്ട്രീയത്തെ കുറിച്ചു ചോദിച്ചപ്പോഴും ഒരു കക്ഷിയോടും ബന്ധമില്ലെന്നും പറഞ്ഞു. എന്നാല്‍, ജ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ നേതാക്കളെ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടച്ചപ്പോഴും നരേന്ദ്രമോദിയുടെ ഭരണത്തില്‍ അസഹിഷ്ണുത കൂടിയപ്പോഴും അതിനെതിരെ ശബ്ദിക്കാനും തൃപ്തിയുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."