സഊദിയുടെ പ്രതിരോധ ശേഷി ഉയർത്തുന്നത് തുടരുമെന്ന് അമേരിക്ക
റിയാദ്: സഊദി അറേബ്യായുടെ പ്രതിരോധ ശേഷി ഉയർത്തുന്നത് തുടരുമെന്ന് അമേരിക്ക. ബ്രസ്സൽസിൽ നാറ്റോ യോഗത്തോടനുബന്ധിച്ച സെമിനാറിൽ അമേരിക്കൻ പ്രതിരോധ മന്ത്രി മാർക് എക്സ്പേർ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. മേഖലയിൽ ഇറാൻ വലിയ ഭീഷണി തന്നെയാണ് സ്വതന്ത്രമായ കപ്പൽ ഗതാഗതം ഭീഷണിയിലാണ്. ഭീഷണികളെ നേരിടാൻ അമേരിക്കൻ സഖ്യ രാജ്യങ്ങൾ പങ്കു വഹിക്കണം. സഊദിയിലെ അരാംകോ എണ്ണക്കമ്പനികൾക്ക് നേരെ നടത്തിയ ആക്രമണത്തിന് പിന്നിൽ ഇറാനാണെന്നും ഇറാനുമായി ഏറ്റുമുട്ടലിന് അമേരിക്കക്ക് താൽപര്യമില്ല. എങ്കിലും അനിവാര്യമായി വന്നാൽ അതിനും അമേരിക്ക ഒരുക്കമാണ്. ഇറാന്റെ ക്ഷുദ്രപ്രവർത്തനങ്ങൾ മേഖലാ രാജ്യങ്ങൾക്ക് ഭീഷണിയാണെന്നും മാർക് എസ്പർ പറഞ്ഞു. നിലവിൽ സഊദിയിൽ മൂവായിരം സൈനികരെയും കൂടുതൽ ആയുധങ്ങളും അധികം വിന്യസിക്കുന്നതിന് അമേരിക്കൻ പ്രതിരോധ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. ബഖീഖ്, ഖുറൈസ് എണ്ണ വ്യവസായ കേന്ദ്രങ്ങൾക്കു നേരെയുണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണിത്. രണ്ടു പാട്രിയറ്റ് മിസൈൽ ബാറ്ററികളും ഒരു താഡ് ബാലിസ്റ്റിക് മിസൈൽ ഇന്റർസെപ്ഷൻ സംവിധാനവും രണ്ടു യുദ്ധ സൈനിക വിഭാഗങ്ങളും ഒരു വ്യോമ നിരീക്ഷണ വിഭാഗവും സൗദിയിൽ വിന്യസിക്കാനാണ് അമേരിക്കയുടെ തീരുമാനം.
അതേസമയം, ഇറാനുമായി ഏതെങ്കിലും രീതിയിൽ ചർച്ച നടത്തുന്നതിന് സഊദി അറേബ്യ എതിരാണെന്ന് വിദേശകാര്യ സഹമന്ത്രി ആദിൽ അൽജുബൈർ വ്യക്തമാക്കി.ശത്രുതാ പരമായ പ്രവർത്തനമാണ് ഇറാൻ നടത്തുന്നത്. ഇറാന്റെ പ്രവർത്തന ശൈലിയിൽ മാറ്റമുണ്ടാകണമെന്നാണ് സഊദി അറേബ്യ ആഗ്രഹിക്കുന്നത്. ഇറാൻ പൗരന്മാരാണ് അവരുടെ ഭരണം നിലനിർത്താണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടതെന്നും അത് സഊദിയുടെ കാര്യമല്ലെന്നും ആദിൽ അൽ ജുബൈർ പറഞ്ഞു. ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിടുകയും ഇതിന് ഒരുവിധ പ്രത്യാഘാതങ്ങളുമുണ്ടാകില്ലെന്ന് കരുതുന്നതിനും ഇറാന് കഴിയില്ല. ഇറാനു മേൽ ഏറ്റവും കടുത്ത സമ്മർദം ചെലുത്തണം. ഇതു മാത്രമാണ് ഇറാനെ ചർച്ചക്ക് പ്രേരിപ്പിക്കുന്നതിനുള്ള ഏക മാർഗമെന്നും ആദിൽ അൽ ജുബൈർ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."