സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തല്‍ എംബസികളുമായി കേരളത്തിന് നേരിട്ടു ബന്ധപ്പെടാം
തിരുവനന്തപുരം: സഊദി അറേബ്യ, ബഹ്റൈന്‍, ഖത്തര്‍ എന്നിവിടങ്ങളിലേക്ക് പോകുന്നവരുടെ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തുന്നതിനുള്ള ഏജന്‍സിയായി നോര്‍ക്ക റൂട്ട്സിനെ അംഗീകരിക്കുന്നതു സംബന്ധിച്ച് ഈ രാജ്യങ്ങളിലെ എംബസികളുമായി സംസ്ഥാന സര്‍ക്കാരിനു നേരിട്ട് ബന്ധപ്പെടാമെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ വ്യക്തമാക്കി. യു.എ.ഇ, കുവൈത്ത്, ഒമാന്‍ എന്നീ രാജ്യങ്ങളിലേക്ക് പോകുന്നവരുടെ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തുന്നതിനുള്ള ഏജന്‍സിയായി നോര്‍ക്ക റൂട്ട്സിനെ അംഗീകരിച്ചത് സ്വാഗതാര്‍ഹമാണെന്നും സുഷമ പറഞ്ഞു.
സഊദി അറേബ്യ, ബഹ്റൈന്‍, ഖത്തര്‍ എന്നീ രാജ്യങ്ങളിലേക്ക് പോകുന്നവരുടെ സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്താനുള്ള അംഗീകാരത്തിനുവേണ്ടി അതത് എംബസികളുമായി കേന്ദ്ര സര്‍ക്കാര്‍ ബന്ധപ്പെടണമെന്ന് അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി അയച്ച കത്തിനുള്ള മറുപടിയിലാണ് സുഷമ ഇക്കാര്യം വ്യക്തമാക്കിയത്. ഇതനുസരിച്ച് മൂന്നു രാജ്യങ്ങളിലെയും എംബസികളുമായി സംസ്ഥാന സര്‍ക്കാര്‍ നേരിട്ടു ബന്ധപ്പെടും.
കേരളത്തിലെ ബോര്‍ഡുകളും സര്‍വകലാശാലകളും നല്കുന്ന സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തുന്നതിന് കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയം അംഗീകരിച്ച ഏക ഏജന്‍സിയാണ് നോര്‍ക്ക റൂട്ട്സ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."