മൂന്നു മാസത്തിനിടെ വ്യാപാരികള്‍ക്ക് 10,000 കോടിയുടെ നഷ്ടം
ശ്രീനഗര്‍: ജമ്മു കശ്മിരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷം വ്യാപാരികള്‍ക്കുണ്ടായ നഷ്ടം 10000 കോടി രൂപ. മൂന്ന് മാസത്തോളമായുള്ള നിയന്ത്രണത്തിലാണ് ഇത്രയും തുകയുടെ നഷ്ടമെന്ന് കശ്മിര്‍ വ്യാപാരി വ്യവസായി സംഘം അറിയിച്ചു. കൃത്യമായ കണക്ക് പറയാന്‍ കഴിയില്ലെന്നും താഴ്‌വര ഇപ്പോഴും സാധാരണ നിലയില്‍ എത്തിയിട്ടില്ലെന്നും കശ്മിര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്റസ്ട്രീസ് പ്രസിഡന്റ് ശൈഖ് ആശിഖ് പറഞ്ഞു.
നിയന്ത്രണത്തെ തുടര്‍ന്നുള്ള നഷ്ടങ്ങള്‍ എല്ലാ മേഖലയിലും ബാധിച്ചു. മോശം സാഹചര്യത്തെ തുടര്‍ന്ന് വ്യാപാരികള്‍ കച്ചവടത്തില്‍ ഇതുവരെ ഏര്‍പ്പെട്ടിട്ടില്ല. ചെറിയ രീതിയിലുള്ള മാറ്റങ്ങള്‍ ഈ ആഴ്ചകളില്‍ ഉണ്ടായെങ്കിലും വ്യാപാരം തകര്‍ച്ചയില്‍ തന്നെയാണ്. ഇന്ന് ഏത് വ്യാപാരത്തിന്റെയും അടിസ്ഥാന ആവശ്യം ഇന്റര്‍നെറ്റിന്റെ ലഭ്യതയാണ്. ഇക്കാര്യം അധികൃതരെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഈ നിലയിലുള്ള പോക്ക് കശ്മിര്‍ സാമ്പത്തിക മേഖലയെ ദുര്‍ബലപ്പെടുത്തും. താമസിയാതെ ഗുരുതര പ്രത്യാഘാതങ്ങള്‍ അഭിമുഖീകരിക്കേണ്ടിവരുമെന്ന് ആശിഖ് പറഞ്ഞു.
ഇന്റര്‍നെറ്റ് റദ്ദാക്കിയതോടെ യൂറോപ്, യു.എസ് ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട് വ്യാപാരം നടത്തുന്നവരുടെ പ്രവര്‍ത്തനങ്ങള്‍ നിശ്ചലമായി. കൈത്തറി മേഖലയിലുള്ളവര്‍ക്ക് ഏറ്റവും കൂടുതല്‍ ഓര്‍ഡറുകള്‍ ലഭിക്കുന്നത് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ്.
ക്രിസ്മസിനും പുതുവത്സരത്തിനും ഉത്പന്നങ്ങള്‍ തിരിച്ചുകൊടുക്കണം. എന്നാല്‍ പുറത്തുനിന്നുള്ളവരുമായി യാതൊരു ബന്ധവുമില്ലാത്തതിനാല്‍ ആ ഓര്‍ഡറുകളൊന്നും ലഭിച്ചില്ല. ഇതിനെ തുടര്‍ന്ന് 50000 തൊഴിലാളികള്‍ക്ക് ഈ മേഖലയില്‍ തൊഴില്‍ നഷ്ടമായി. വ്യാപാര മേഖലയില്‍ മാത്രം നഷ്ടം ഒതുങ്ങുന്നതില്ല. വ്യാപാരം നടത്തിയാലും ഇല്ലെങ്കിലും ജി.എസ്.ടി, ഓണ്‍ലൈന്‍ റിട്ടേണ്‍ തുടങ്ങിയവ സമര്‍പ്പിക്കണം. ഈ നഷ്ടങ്ങളുടെയൊക്കെ ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും മറിടക്കാനുള്ള പോംവഴി കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. കശ്മിരിലേക്കുള്ള പുറത്തുനിന്നുള്ള നിക്ഷേപത്തില്‍ തങ്ങള്‍ എതിരല്ലെന്നും ആശിഖ് വ്യക്തമാക്കി.
ഓഗസ്റ്റ് അഞ്ചിനാണ് കശ്മിരിനുള്ള പ്രത്യേക പദവി കേന്ദ്രം റദ്ദാക്കിയത്. ഇന്നലത്തോടെ 84 ദിവസം പിന്നിട്ടിട്ടും ജന ജീവിതം സാധാരണയിലേക്ക് മടങ്ങിയിട്ടില്ല. താഴ്‌വരയിലെ പ്രധാന മാര്‍ക്കറ്റകള്‍ ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്.
പൊതു ഗതാഗതത്തിനും സമാന അവസ്ഥയാണ്. ശ്രീനറിലെ ലാല്‍ ചൗക്ക് ഉള്‍പ്പെടെയുള്ള ചില സ്ഥലങ്ങളില്‍ രാവിലെയും വൈകിട്ടും മാത്രമായി ചില കടകള്‍ തുറക്കുന്നുണ്ട്. എന്നാല്‍ പ്രധാന കടകളൊന്നും തുറക്കുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."