നാടും നഗരവും പ്രവാചക പ്രകീര്‍ത്തനങ്ങളാല്‍ ശബ്ദമുഖരിതമാവും
കൊപ്പം: വിശ്വവിമോചകന്‍ മുഹമ്മദ് നബി (സ)യുടെ ജന്മദിനാഘോഷം പരിപാടികള്‍ നാളെ വിപുലമായി നടക്കും. ഹിജ്‌റ വര്‍ഷത്തിലെ റബീഉല്‍ അവ്വല്‍ മാസത്തിലെ 12നാണ് ലോക മുസ്‌ലിംകള്‍ നബിദിനം ആഘോഷിക്കുന്നത്. റബീഉല്‍ അവ്വല്‍ ഒന്ന് മുതല്‍ തന്നെ മുസ്്‌ലിം വീടുകളിലും പള്ളികളിലും മതസ്ഥാപനങ്ങളിലും പ്രവാചക പ്രകീര്‍ത്തന സദസുകള്‍ ആരംഭിച്ചിട്ടുണ്ട്. ഈ മാസം മുഴുവനും അടുത്തമാസം 10 ദിവസവും ഇത് തുടരും.
നബിദിനത്തോടനുബന്ധിച്ച് മദ്‌റസ തലത്തിലും മഹല്ല് തലത്തിലും ഘോഷയാത്രകള്‍ നടക്കും. ഘോഷയാത്രക്ക് ശേഷം വിപുലമായ രീതിയില്‍ അന്നദാനമുണ്ടാവും. രാത്രിയില്‍ മദ്‌റസാതല നബിദിനാഘോഷത്തിന്റെ സമാപനസമ്മേളനവും വിദ്യാര്‍ഥികളുടെയും പൂര്‍വ വിദ്യാര്‍ഥികളുടെയും ഇസ്‌ലാമിക കലാപരിപാടികളും നടക്കും. ഇതിനുള്ള ഒരുക്കങ്ങള്‍ മാസങ്ങള്‍ക്ക് മുന്‍പേ മദ്‌റസകളില്‍ ആരംഭിച്ചിട്ടുണ്ട്.
സമാപന സമ്മേളനത്തില്‍ സമസ്ത പൊതുപരീക്ഷ വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണവും വിവിധ പരീക്ഷകളിലെയും മത്സരങ്ങളിലെയും വിജയികള്‍ക്കുള്ള അനുമോദനവും നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."