രാഷ്ട്രപതിയുടെ ഇഫ്താര്‍ കേന്ദ്രമന്ത്രിമാര്‍ ബഹിഷ്‌കരിച്ചു
ന്യൂഡല്‍ഹി: രാഷ്ട്രപതി എന്ന നിലയില്‍ പ്രണബ് മുഖര്‍ജി നടത്തിയ അവസാന ഇഫ്താര്‍ വിരുന്നില്‍ നിന്ന് കേന്ദ്രമന്ത്രിമാരും ബി.ജെ.പി നേതാക്കളും വിട്ടുനിന്നു. അടുത്തമാസം കാലാവധി അവസാനിക്കാനിരിക്കെയാണ് റമദാന്‍ 27ന് പ്രണബ് രാഷ്ട്രപതി ഭവനില്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചത്.
ബി.ജെ.പി നേതാക്കള്‍ പങ്കെടുത്തില്ലെങ്കിലും ഗോവമുഖ്യമന്ത്രി മനോഹര്‍ പരിക്കര്‍ ഒഴികെയുള്ള ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാര്‍ വിരുന്നിനെത്തി. ബി.ജെ.പിയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയുടെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കല്‍ ചടങ്ങ് നടക്കുന്നതിനാല്‍ ബി.ജെ.പി- എന്‍.ഡി.എ മുഖ്യമന്ത്രിമാര്‍ ഡല്‍ഹിയിലുണ്ടായിരുന്നു. ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, ഗുലാംനബി ആസാദ്, മുഹ്‌സിനാ കിദ്വായ്, സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവ്, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍, തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു, തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമി, ഡല്‍ഹിയിലെ ഇന്ത്യന്‍ ഇസ്്‌ലാമിക് കള്‍ച്ചറല്‍ സെന്റര്‍ മേധാവി സിറാജുദ്ദീന്‍ ഖുറൈശി, നടന്‍ ആമിര്‍ റാസ ഹുസൈന്‍ തുടങ്ങിയവരും പങ്കെടുത്തു.
ബി.ജെ.പിനേതാക്കളും കേന്ദ്രമന്ത്രിമാരും ഇഫ്താര്‍ വിരുന്ന് ബഹിഷ്‌കരിച്ചതിനെക്കുറിച്ച് രാഷ്ട്രപതി ഭവന്‍ പ്രതികരിച്ചില്ലെങ്കിലും വിരുന്നില്‍ പങ്കെടുത്തവരാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. കേന്ദ്രമന്ത്രിമാരോ സര്‍ക്കാരിന്റെ ഏതെങ്കിലും പ്രതിനിധിയോ ബി.ജെ.പി നേതാക്കളോ ആരും വന്നില്ലെന്ന് സീതാറാം യെച്ചൂരി പറഞ്ഞു.
വര്‍ഷങ്ങളായി രാഷ്ട്രപതിഭവനില്‍ നടക്കുന്ന ഇഫ്താര്‍ ചടങ്ങില്‍ പങ്കെടുക്കാറുണ്ടെങ്കിലും ഇതാദ്യമായാണ് സര്‍ക്കാരിന്റെ പ്രതിനിധികള്‍ വിട്ടുനില്‍ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം കേന്ദ്രമന്ത്രിസഭയുടെ രാഷ്ട്രീയകാര്യസമിതി അടിയന്തരമായി ചേരുന്നതിനാല്‍ ഇഫ്താറിനു വരാനായില്ലെന്നാണ് കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."