കുഴല്‍ക്കിണറില്‍ 80 മണിക്കൂര്‍ പിന്നിട്ട് സുജിത്; പ്രാര്‍ഥനയോടെ രാജ്യം
.
തിരുച്ചിറപ്പള്ളി: മൂന്നുദിവസം നീണ്ടുനിന്ന പ്രാര്‍ഥനയ്ക്ക് ഇതുവരെ ഫലംകണ്ടില്ല. കുഴല്‍ക്കിണറില്‍ വീണ രണ്ടുവയസുകാരന്‍ സുജിത് വില്‍സനെ രക്ഷിക്കാനായി സമീപത്ത് നിര്‍മിച്ച കിണറില്‍ വലിയ പാറ കണ്ടെത്തിയത് രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലാക്കിയിട്ടുണ്ട്.
ആദ്യ 28 മണിക്കൂര്‍ കൊണ്ട് 40 അടി മാത്രമാണ് കുഴിക്കാനായത്. ഇന്നലെ രാത്രി ഒന്‍പതോടെ ആഴം 63 അടി ആയി. അപ്പോഴേക്കും രക്ഷാപ്രവര്‍ത്തനം മൂന്നാംദിവസത്തിലേക്കു കടന്നിരുന്നു. അടുത്തടുത്ത് വലിയ മൂന്ന് ഇടുങ്ങിയ കിണറുകള്‍ നിര്‍മിച്ച് ഇവ റിഗ് യന്ത്രം കൊണ്ട് വലിയ കുഴിയാക്കി മാറ്റി വിദഗ്ധരെ അതുവഴി ഇറക്കുന്നിനെക്കുറിച്ചാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന ദ്രുതകര്‍മസേന ഇപ്പോള്‍ ആലോചിക്കുന്നത്.
വെള്ളിയാഴ്ച വൈകിട്ടാണ് തിരുച്ചിറപ്പള്ളിയില്‍നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള നാടുകാടുപ്പെട്ടിയില്‍ കളിക്കുന്നതിനിടെ കുട്ടി സമീപത്തെ കുഴല്‍ക്കിണറില്‍ വീണത്. ആദ്യം 25 അടി താഴ്ചയില്‍ തങ്ങിനിന്നിരുന്ന കുട്ടി രക്ഷാപ്രവര്‍ത്തനത്തിനിടെ 100 അടിയിലേക്ക് താഴുകയായിരുന്നു. 600 അടിയാണ് കുഴല്‍ക്കിണറിന്റെ ആകെ ആഴം. ഇന്നലെ അര്‍ധരാത്രിയായപ്പോഴേക്കും കുഞ്ഞ് കുഴിയില്‍ കഴിഞ്ഞസമയം 80 മണിക്കൂര്‍ ആയി.
രക്ഷാപ്രവര്‍ത്തനത്തിന് എല്ലാ പിന്തുണയുമുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുമായി പ്രധാനമന്ത്രി ടെലിഫോണില്‍ സംസാരിച്ചു.
രക്ഷാപ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കാനായി മൂന്ന് മന്ത്രിമാരെ സ്ഥലത്തേക്കു നിയോഗിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. എം.പിമാരും എം.എല്‍.എമാരും ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്ത് തമ്പടിച്ച് രക്ഷാപ്രവര്‍ത്തനം നിരീക്ഷിച്ചുവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."