മീരാകുമാര്‍ 28ന് പത്രിക നല്‍കും
ന്യൂഡല്‍ഹി: പ്രതിപക്ഷത്തിന്റെ രാഷ്ട്രപതിസ്ഥാനാര്‍ഥി മീരാകുമാര്‍ ഈ മാസം 28നു പത്രിക സമര്‍പ്പിക്കും. നാളെ പത്രികസമര്പ്പിക്കുമെന്നായിരുന്നു അവര്‍ നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ പ്രചാരണത്തിന്റെ തിരക്കായതിനാലാണ് പത്രികനല്‍കാന്‍ വൈകുന്നതെന്നാണ് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പിനു നാമനിര്‍ദേശം നല്‍കാനുള്ള അവസാന ദിവസമാണ് 28. എല്ലാ പ്രതിപക്ഷപാര്‍ട്ടികളുടെയും മുതിര്‍ന്ന നേതാക്കളുടെയും സാന്നിധ്യത്തിലാകും പത്രികാസമര്‍പ്പണം. പത്രികയില്‍ ആവശ്യമായ ഒപ്പുശേഖരണം ഉള്‍പ്പെടെയുള്ള നടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണ്.
1996ലും 98ലും വിജയിച്ച ഡല്‍ഹിയിലെ കരോള്‍ബാഗില്‍ നിന്ന് കഴിഞ്ഞദിവസം മീരാകുമാര്‍ പ്രചാരണം തുടങ്ങിയിട്ടുണ്ട്. ഡല്‍ഹിയിലെ പ്രചാരണത്തിന് ശേഷം, ഉത്തര്‍പ്രദേശ്, ബിഹാര്‍, രാജസ്ഥാന്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലും എത്തും. തുടര്‍ന്നായിരിക്കും മറ്റ് സംസ്ഥാനങ്ങളിലേക്ക് പ്രചാരണത്തിന് പോകുക.
വെള്ളിയാഴ്ച രാത്രിയോടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ എ.ഐ.സി.സി ആസ്ഥാനത്ത് യോഗം ചേര്‍ന്ന് തെരഞ്ഞെടുപ്പ് വിഷയം ചര്‍ച്ച ചെയ്തിരുന്നു. യോഗതീരുമാനപ്രകാരം ബുധനാഴ്ച ഡല്‍ഹിയില്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരുന്നുണ്ട്.
യോഗത്തില്‍ കോണ്‍ഗ്രസിന്റെ മുഴുവന്‍ ലോക്സഭാ, രാജ്യസഭാ അംഗങ്ങളോടും പങ്കെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജെ.ഡി.യു, എന്‍.സി.പി പാര്‍ട്ടികളുടെ പൂര്‍ണ പിന്തുണ ലഭ്യമാക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."