ആത്മഹത്യ: ചില വിചാരപ്പെടലുകള്‍
ഹാരിസ് ബാഖവി കമ്പളക്കാട്
8589984447#
നന്മ കല്‍പ്പിക്കാനും തിന്മ വിരോധിക്കാനും സൃഷ്ടിക്കപ്പെട്ട ഉത്തമസമുദായം ഇന്നു കപ്പിത്താന്‍ നഷ്ടപ്പെട്ട നൗക പോലെ നിലകിട്ടാക്കയത്തില്‍ ഉഴലുകയാണ്. പ്രവാചകാനുയായികളില്‍നിന്ന് നേരിട്ടു ദീന്‍ പഠിച്ച സമൂഹത്തെ പിശാചിന്റെ കെണിയില്‍പ്പെടുത്താന്‍ സമുദായത്തിനകത്തും പുറത്തും നിന്നു പല പേരുകളില്‍ പലരും ചില്ലറപ്പണിയൊന്നുമല്ല എടുത്തു കൊണ്ടിരിക്കുന്നത്.
ഇസ്‌ലാമിന്റെ അടിസ്ഥാനശിലയായ പ്രവാചകസ്‌നേഹത്തെ ഇല്ലായ്മ ചെയ്യാനും അല്ലാഹു ബഹുമാനിച്ച മഹാന്മാരെയും പണ്ഡിതന്മാരെയും ചെറുതാക്കി കാണിക്കാനും ഇന്നും ഇന്നലെയും തുടങ്ങിയതല്ല. സമൂഹം ആദരിക്കുന്നവരെ സമൂഹമധ്യത്തില്‍ താറടിച്ചാല്‍ സമൂഹത്തിന്റെ കെട്ടുറപ്പു നഷ്ടപ്പെടുമെന്നും അതുവഴി ഇസ്‌ലാം ഉദയംകൊണ്ട അറേബ്യന്‍ രാജ്യങ്ങളില്‍ പോലും ഇല്ലാത്ത ദീനീ ചൈതന്യം കേരളത്തില്‍നിന്ന് ഇല്ലായ്മ ചെയ്യാന്‍ കഴിയുമെന്നുമുള്ള പാഠം നല്‍കിയത് ഇസ്‌ലാമിനെ സ്‌നേഹിക്കുന്നവരല്ല.
സമൂഹത്തില്‍ ഇന്ന് അനാഥത്വവും അരാജകത്വവും വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇടയനില്ലാത്ത ആട്ടിന്‍പറ്റങ്ങളെപോലെ അലയുകയാണു സമുദായം. സുരക്ഷിതസമൂഹത്തെ അനാഥരാണെന്ന ചിന്തയിലേയ്ക്കു തള്ളിയിട്ട് അരാജകത്വം സൃഷ്ടിച്ചു മുതലെടുപ്പു നടത്തുകയെന്ന, ലോകത്തിന്റെ പല കോണിലും പരീക്ഷിച്ച സയണിസ്റ്റ് തന്ത്രം കേരളത്തിലും നടപ്പാക്കി വരികയാണ്. ആ ശ്രമം വിജയത്തിലേയ്ക്കു നീങ്ങുകയാണെന്നാണു സമകാലിക സംഭവങ്ങള്‍ ഓര്‍മപ്പെടുത്തുന്നത്.
മദ്യവും മദിരാക്ഷിയുമാണ് ഏതു ഭദ്രമായ കോട്ടയെയും തകര്‍ക്കാനുള്ള ആയുധം. അതു തന്നെയാണ് ഇവിടെയും പരീക്ഷിക്കുന്നത്. സമൂഹത്തിന്റെ കരുതലായ യുവരക്തങ്ങളെ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും പിടിയില്‍ തളച്ചു നിര്‍വീര്യരാക്കാനാണ് പരിഷ്‌കൃതസമൂഹമെന്നു മേനി നടിക്കുന്നവര്‍ ചെയ്യുന്നത്. സമൂഹത്തിന്റെ ഉന്നമനത്തിനുപയുക്തമാകേണ്ട സൈബര്‍ കണ്ടുപിടിത്തങ്ങള്‍ സമൂഹത്തെ പടുകുഴിയിലാക്കാന്‍ പറ്റുന്ന തരത്തില്‍ ഉപയോഗിക്കുകയാണ്.
ഭാവിതലമുറ പ്രവാചകരെയും മഹാന്മാരെയും സ്വന്തം മാതാപിതാക്കളെയുമല്ല, സമൂഹത്തിനു പുഴുക്കുത്തായ സാമൂഹ്യദ്രോഹികളെയാണ് അനുകരിക്കുന്നത്. ഭീതിതമായ മീഡിയ ഗെയിമുകളിലാണ് അവര്‍ക്കു താല്‍പര്യം. മുഴുസമയവും സ്മാര്‍ട് ഫോണുകളില്‍ ഇഴുകിച്ചേര്‍ന്ന തലമുറയില്‍ എന്തു പ്രതീക്ഷയാണു വയ്ക്കാനാവുക. ലഹരിയിലും അലസതയിലും ആമഗ്നരായവര്‍ക്ക് ആരോടും കടപ്പാടില്ല.
നേതൃത്വത്തിന്റെയും മതസംഘടനകളുടെയും കാഴ്ചപ്പാടുകള്‍ മാറേണ്ടതുണ്ട്. ചെറുപ്പം മുതല്‍ മതപഠനത്തിനു സാഹചര്യങ്ങളുണ്ടാക്കുകയും വരുമാനത്തില്‍ നല്ലൊരു പങ്കു മതപഠനത്തിനായി ചെലവഴിക്കുകയും ചെയ്യുന്ന സമൂഹത്തിലെ കൗമാരത്തിനും യുവത്വത്തിനും പറ്റിപ്പോയ അപചയത്തിനു കാരണമന്വേഷിച്ചു ഗവേഷണം നടത്തേണ്ടി വരില്ല. തിരു പ്രവാചക ചര്യയില്‍നിന്നു വ്യതിചലിച്ചു ആര്‍ഭാടത്തിനും സുഖാസ്വാദനങ്ങള്‍ക്കും വേണ്ടി ധൂര്‍ത്തടിക്കുകയാണു യുവതലമുറ.
അര്‍ഹതയില്ലാത്ത സമ്പത്തു വാരിക്കൂട്ടാനുള്ള വെമ്പലില്‍ അവര്‍ ധാര്‍മികതയും സദാചാരവും മറക്കുന്നു. സമ്പാദ്യത്തിന്റെ അതിര്‍വരമ്പു മാഞ്ഞുപോയെന്നതാണ് ഏറ്റവും വലിയ അപചയം. പലിശയും ചൂതാട്ടവും ലോട്ടറിയുമൊക്കെ കര്‍ശനമായി വിലക്കിയ സമുദായത്തിന്റെ വക്താക്കള്‍ അതിന്റെ ഉപാസകരായി മാറിയിരിക്കുന്നു.
രാജ്യത്തെ നിയമം അനുസരിക്കാന്‍ നിര്‍ബന്ധിതസാഹചര്യത്തില്‍ വാഹനങ്ങള്‍ക്കു വായ്പവാങ്ങുന്നപോലെയോ ബാങ്ക് അക്കൗണ്ട് ആരംഭിക്കുന്ന പോലെയോ കാണാവുന്നതാണോ മാസാമാസം തുക നിശ്ചയിച്ചു ഡിവിഡന്‍ഡ് എന്ന ഓമനപ്പേരില്‍ ലാഭം വാങ്ങുന്നതും ഊഹക്കച്ചവടം നടത്തുന്നതും ഷെയര്‍ മാര്‍ക്കറ്റുകളില്‍ ഓഹരിയെടുക്കുന്നതും കെ.എസ്.എഫ്.ഇ പോലുള്ള ചിട്ടികളില്‍ ചേരുന്നതും.
സമുദായം നേരിടുന്ന മുഴുവന്‍ അപചയങ്ങള്‍ക്കും കാരണം മതം നിഷ്‌കര്‍ഷിച്ച സാമ്പത്തിക ശുദ്ധിയുടെയും ലൈംഗിക ശുദ്ധിയുടെയും അഭാവമാണ്. രണ്ടാം ക്ലാസ് മുതല്‍ സ്വഭാവസംസ്‌കരണം പാഠ്യവിഷയമായ സമുദായത്തിന്റെ വക്താക്കള്‍ പത്തും പന്ത്രണ്ടും ക്ലാസ് കഴിഞ്ഞ് സംസ്‌കരിച്ചു പടുകുഴിയിലേയ്ക്കു പതിക്കുകയാണ്. ഏതൊരു കുഞ്ഞും ഭൂമുഖത്തേയ്ക്കു പിറന്നു വീഴുന്നതു ശുദ്ധപ്രകൃതിയിലാണെന്നും അവനെ ബിംബാരാധകനും അഗ്‌നിയാരാധകനും അധര്‍മകാരിയും തെമ്മാടിയുമൊക്കൈ ആക്കിത്തീര്‍ക്കുന്നതു മാതാപിതാക്കളാണെന്നുമുള്ള പ്രവാചകവചനം ഈ കലികാലത്തും പത്തരമാറ്റിന്‍ തിളക്കമുള്ളതാണ്.
മറ്റെല്ലാ തെറ്റുകളിലുമെന്നപോലെ ഒരു കാലത്തു സമുദായപ്രാതിനിധ്യം ഒട്ടുമില്ലാതിരുന്ന ആത്മഹത്യയിലും ഇന്നു മുന്നേറിക്കൊണ്ടിരിക്കുകയാണ്. ആത്മഹത്യ വലിയ പാപമാണ്. വിശുദ്ധ ഖുര്‍ആനും തിരു ഹദീസുകളും ശക്തമായി മുന്നറിയിപ്പു നല്‍കിയ വിഷയമാണിത്.
ഒരിക്കല്‍ പ്രവാചകന്‍ (സ) പറഞ്ഞു: പൂര്‍വികരില്‍ ഒരാള്‍ക്കു പരുക്കേറ്റു. അക്ഷമനായ ആ വ്യക്തി കത്തിയെടുത്തു സ്വയം കൈവെട്ടി മാറ്റി. രക്തം വാര്‍ന്നൊഴുകി അയാള്‍ മരിച്ചു. അപ്പോള്‍ അല്ലാഹു പറഞ്ഞു: എന്റെ അടിമ മരണം കൈവരിക്കാന്‍ തിടുക്കം കാണിച്ചു. അതിനാല്‍ അവനു ഞാന്‍ സ്വര്‍ഗം നിഷിദ്ധമാക്കിയിരിക്കുന്നു (ബുഖാരി).
ആത്മഹത്യ വിശ്വാസിക്കു പരലോകഹത്യ തന്നെയാണ്.
ലോകത്ത് ഇന്നു മനുഷ്യര്‍ പല വിധ മാനസിക പിരിമുറുക്കങ്ങള്‍ക്കും വിധേയരാണ്. നിസാര കാര്യങ്ങള്‍ക്കുപോലും ദിവസങ്ങളോളം വ്യഥ അനുഭവിക്കുന്നവരുണ്ട്. ഓമനിച്ചു വളര്‍ത്തിയ പൂച്ച ചത്താലും കടം വന്നാലും വാഹനത്തിനു കേടുപാടു സംഭവിച്ചാലും പരീക്ഷയില്‍ തോറ്റാലും മാനസികനില കൈവിട്ടു ആത്മഹത്യക്കു മുതിരുന്നവരുണ്ട്.
ഇന്ത്യയില്‍ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം ഏറിവരുന്നുവെന്നാണു കണക്ക്. വിശ്വാസവൈകല്യമാണ് മുസ്‌ലിം ഉമ്മത്തില്‍ ഈ പ്രവണത ഏറിവരാന്‍ കാരണം. ഈമാന്‍ കാര്യങ്ങള്‍ ആറും ഉരുവിട്ടു പഠിക്കുകയും ജീവിതഗോദയില്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്യുമ്പോഴാണു യഥാര്‍ഥ വിശ്വാസിയായി മാറുക. ഈമാന്‍ കാര്യങ്ങളില്‍ ആറാമത്തേതായ നന്മയും തിന്മയും അല്ലാഹുവില്‍ നിന്നാണു സംഭവിക്കുന്നതെന്ന് ഉറച്ചുവിശ്വസിക്കുന്ന വിശ്വാസിയെന്തിനു പരീക്ഷയില്‍ തോറ്റതിനും വാഹനം കേടുവന്നതിനും ആത്മഹത്യ ചെയ്യണം.
ആത്മഹത്യ ഭീരുവിന്റെ ലക്ഷണമാണ്. ധീരന്മാര്‍ പ്രശ്‌നങ്ങളെ ചങ്കൂറ്റത്തോടെ നേരിടും. പ്രശ്‌നങ്ങള്‍ സ്രഷ്ടാവിന്റെ പരീക്ഷണമാണെന്നു തിരിച്ചറിയും. ദുന്‍യാവ് വിശ്വാസിയെ സംബന്ധിച്ചു പരീക്ഷണശാലയാണ്. ഓരോ പരീക്ഷണവും നേരിട്ടു വിജയിക്കുമ്പോഴാണു പരലോകജീവിതം ഐശ്വര്യപൂര്‍ണമാകുന്നത്.
നിസാര പ്രശ്‌നങ്ങളില്‍ മനംനൊന്ത് ആത്മഹത്യ ചെയ്താല്‍ ആയിരം രൂപ നഷ്ടപ്പെട്ട മനഃപ്രയാസത്തില്‍ കൈവശമുള്ള ഒരു ലക്ഷം രൂപ കൂടി നശിപ്പിച്ചതിനു സമാനമാണ്. മരണം ആഗ്രഹിക്കുന്നതു പോലും വിലക്കപ്പെട്ടതായി ഹദീസിന്റെ ഗ്രന്ഥങ്ങളില്‍ കാണാം. 'ഒരു വ്യക്തിയും മരണം ആഗ്രഹിക്കരുത്. അവന്‍ നല്ല വ്യക്തിയാണെങ്കില്‍ കൂടുതല്‍ നന്മ ചെയ്യാന്‍ അവസരം ലഭിച്ചേക്കാം, ചീത്ത വ്യക്തിയാണെങ്കില്‍ പിന്മാറിയേക്കാം.' (ബുഖാരി).
ഇമാം ബുഖാരി (റ) ഉദ്ധരിക്കുന്ന മറ്റൊരു ഹദീസില്‍ കാണാം: 'പ്രയാസമനുഭവിക്കുന്നതിന്റെ പേരില്‍ ആരും മരണം കൊതിക്കരുത്. നിവൃത്തിയില്ലെങ്കില്‍ അവന്‍ ഇപ്രകാരം പ്രാര്‍ഥിച്ചു കൊള്ളട്ടെ! ''അല്ലാഹുവേ! ജീവിതമാണ് എനിക്ക് ഉത്തമമെങ്കില്‍ എന്നെ നീ ജീവിപ്പിക്കേണമേ! മരണമാണ് ഉത്തമമെങ്കില്‍ എന്നെ നീ മരിപ്പിക്കേണമേ!''
ഒരു കാരണവശാലും സ്വസ്ഥത ജീവിതത്തിലേക്ക് മടങ്ങി വരില്ലെന്നുറപ്പിച്ച രോഗിയുടെ അടുത്തുപോലും മരിക്കാന്‍ പ്രാര്‍ഥന നടത്താന്‍ വിശുദ്ധ മതം അനുവദിക്കുന്നില്ല. മറിച്ച് നന്മ ഏതാണോ അതു ഭവിക്കേണമേ എന്നു പ്രാര്‍ഥന നടത്താനാണു കല്‍പ്പന.
ആത്മഹത്യക്കു മുതിരുന്നവര്‍ സ്വശരീരത്തെ മാത്രമല്ല, ശാശ്വതമായ പരലോക ജീവിതം കൂടിയാണു നശിപ്പിക്കുന്നത്. ആത്മഹത്യ ചെയ്യുന്നവന്റെ ഈമാന്‍ നശിച്ചതിനു ശേഷമല്ലാതെ അവന്‍ അതിനു മുതിരുകയില്ല.
ആത്മഹത്യ ചെയ്യുന്നവര്‍ക്ക് അല്ലാഹു പ്രത്യേകം ശിക്ഷാരീതികള്‍ നല്‍കുന്നതാണ്. ആത്മഹത്യ ചെയ്യാന്‍ ഏത് മാര്‍ഗമാണോ സ്വീകരിച്ചത് അതേ രീതിയില്‍ അവന്‍ പരലോകത്ത് ശാശ്വതമായി ശിക്ഷിക്കപ്പെട്ടു കൊണ്ടിരിക്കും. ''ആരെങ്കിലും തന്റെ ശരീരത്തെ ഏതെങ്കിലും രൂപത്തില്‍ കൊലപ്പെടുത്തുന്ന പക്ഷം അതേ വിധത്തില്‍ അവന്‍ ശിക്ഷിക്കപ്പെട്ടു കൊണ്ടേയിരിക്കും'' (ബുഖാരി) എന്ന പ്രവാചക വചനം അതിനു തെളിവാണ്.
മറ്റൊരു ഹദീസില്‍ കാണാം: ''ആരെങ്കിലും ഒരു പര്‍വതത്തിന്റെ മുകളില്‍നിന്നു താഴേയ്ക്കു ചാടി ആത്മഹത്യ ചെയ്താല്‍ അവന്‍ ശാശ്വതമായി നരകത്തില്‍ താഴേയ്ക്കു വീണു കൊണ്ടേയിരിക്കും. ആരെങ്കിലും വിഷം കഴിച്ചു മരിച്ചാല്‍ നരകത്തിലും ശാശ്വതമായി അവന്‍ വിഷം കഴിച്ചു കൊണ്ടിരിക്കും. ഇരുമ്പുപയോഗിച്ചു മരിച്ചവന്‍ ആ ലോഹായുധം കൈയില്‍വച്ച് എക്കാലവും നരകത്തില്‍ കഴുത്തില്‍ കുരുക്കിട്ടു കൊണ്ടിരിക്കും. ശരീരത്തില്‍ കുത്തിപ്പരുക്കേല്‍പ്പിച്ചവന്‍ നരകത്തിലും കുത്തിനോവിച്ചു കൊണ്ടിരിക്കും''.
നിസാര ജീവിതപ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ ഇത്രയധികം ഭയാനകമായ ആത്മഹത്യക്ക് പുറകെ പോകാതെ, ശാശ്വതമായ ജീവിത വിജയത്തിനായി ക്ഷമ കൈകൊണ്ടു നന്മയും തിന്മയും അല്ലാഹുവിന്റെ പക്ഷത്തു നിന്നുള്ളതാണെന്നു കരുതി സായൂജ്യമടയുക. ഈ മേഖലയില്‍ സമൂഹത്തിന്റെ കാഴ്ചപ്പാട് വളരെ പ്രധാനപ്പെട്ടതാണ്. ഒരിക്കലും അതു പ്രോത്സാഹജനകമാവാന്‍ പാടില്ല. ഈ വിഷയത്തിലും നല്ല ബോധവല്‍കരണങ്ങളും ഉദ്‌ബോധനങ്ങളും നടക്കേണ്ടതുണ്ട്. ആത്മഹത്യയെന്ന പാപത്തിന്റെ കാഠിന്യത്തെക്കുറിച്ചു മദ്‌റസാ പാഠപുസ്തകങ്ങളില്‍ പോലും പഠിപ്പിക്കേണ്ടതുണ്ട്.
വിദ്യാര്‍ഥികളില്‍ ചെറുപ്രായത്തിലേ ആത്മഹത്യയോടുള്ള വെറുപ്പ് ഹൃദയത്തില്‍ സ്ഥാനം പിടിക്കേണ്ടതുണ്ട്. പതിനെട്ടും ഇരുപതും വയസുള്ളവര്‍ നിസാര കാര്യങ്ങളാല്‍ ആത്മഹത്യ ചെയ്യുമ്പോള്‍ അവര്‍ നഷ്ടപ്പെടുത്തുന്നത് സ്വന്തം ജീവിതം മാത്രമല്ല തന്നെ ലാളിച്ചു വളര്‍ത്തി വലുതാക്കിയ ഇത്രയും കാലം സ്വയം ജീവിക്കാന്‍ മറന്നു തനിക്കു വേണ്ടി ജീവിച്ച മാതാപിതാക്കളുടെ ശിഷ്ടകാലം നരകതുല്യമാക്കുകയാണ്. ആത്മഹത്യ ചെയ്തവന്റെ പിതാവ്, മാതാവ്, സഹോദരന്‍, സഹോദരി എന്നീ പ്രയോഗങ്ങളും സമൂഹത്തിന്റെ സമീപനങ്ങളും ഉണ്ടാക്കുന്ന അസ്വസ്ഥതകള്‍ ചില്ലറയല്ല. ഇത്തരം കാര്യങ്ങളെക്കുറിച്ചൊക്കെ കൗമാരക്കാര്‍ക്കു ബോധം നല്‍കേണ്ടതുണ്ട്. മതത്തെക്കുറിച്ചുള്ള അറിവല്ല, തിരിച്ചറിവാണു വേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."