ഊതിക്കാച്ചിയ ജീവിതപൊന്ന്
ല്‍പവന്റെ പൊന്ന് കാതിലിടാന്‍ കൊതിച്ചവര്‍ക്ക് മുന്‍പില്‍ ഇന്ന് കോടികളുടെ മഞ്ഞലോഹം വാര്‍ത്തെടുക്കാന്‍ മെഷിനുകളും വില്‍ക്കുന്നവരും. ഇതോടെ തൊഴിലും പദവിയും നഷ്ടപ്പെടുന്ന പരമ്പരാഗത സ്വര്‍ണപ്പണിക്കാര്‍ ഇന്ന് ജീവിതം വിളക്കിച്ചേര്‍ക്കാനായി പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടുകയാണ്. സ്വര്‍ണം പവന് 21 രൂപയുളള കാലത്ത് തുടങ്ങിയ രാഘവന്റെ പൊന്നുരുക്കല്‍ ജീവിതം പൊന്നിന് 28,000 രൂപയില്‍ എത്തി നില്‍ക്കുമ്പോഴും തുടരുന്നു. വീടിന്റെ തിണ്ണയില്‍ ചമ്രംപടിഞ്ഞിരുന്ന് ചുളിവുകള്‍ വീണ കവിളുകള്‍ വീര്‍പ്പിച്ച് രാഘവന്‍ നെരിപ്പോടിലേക്ക് ഊതുന്നത് ഇന്നും ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാനാണ്. പരിഷ്‌കാരത്തിന്റെ പടിവാതിലില്‍ കൈമോശം വന്നുപോയിട്ടില്ലാത്ത അടയാളമാകുന്ന പൊന്നുരുക്കുന്നവരുടെ ജീവിതം ടി.പി രാഘവന്‍ വിവരിക്കുമ്പോള്‍ തിമിര്‍ത്തു പെയ്യുന്ന മഴച്ചാറ്റലിനും സ്വര്‍ണ നൂലിഴകളായിരുന്നു.
പൊന്‍ ഭ്രമത്തിന്റെ പത്തരമാറ്റ്
നൂറ്റാണ്ടുകളായി വിശ്വകര്‍മ്മ വിഭാഗത്തില്‍ പെട്ട സമുദായത്തിലെ തട്ടാന്മാരാണ് സ്വര്‍ണത്തിന്റെ ജോലി ഏറ്റെടുക്കുന്നത്. ആശാരി, മൂശാരി, പൊരുങ്കൊല്ലന്‍, ശില്‍പി, തട്ടാന്‍ എന്നിവയാണ് വിശ്വകര്‍മ്മ വിഭാഗത്തില്‍ പെടുന്നത്. സ്വര്‍ണം വിളക്കിച്ചേര്‍ത്തവര്‍ ആദ്യകാലത്ത് സ്വര്‍ണാചര്യന്മാരായിരുന്നു. മലബാറില്‍ പൂണില്ലാത്ത സ്വര്‍ണാചാര്യന്മാരും തിരുവിതാംകൂറില്‍ പാണ്ടിത്തട്ടാന്മാരുമാണ് സ്വര്‍ണ്ണപ്പണിക്കാര്‍.
ജനിച്ചുവീഴുന്ന കുഞ്ഞുങ്ങളില്‍ നിന്ന് തുടങ്ങുന്നുണ്ട് അക്കാലത്തും മലയാളിയുടെ സ്വര്‍ണത്തോടുളള ഇമ്പം. സ്വര്‍ണമോതിരം തേനില്‍ മുക്കി കുഞ്ഞിന്റെ നാവില്‍ തേച്ചുനല്‍കുന്നത് ഇന്നും ആചാരമായി കേരളത്തിലുണ്ട്. ഇതില്‍ ജാതിമത വ്യത്യാസമില്ലാന്നാണ് വസ്തുത. അതുകഴിഞ്ഞ് നൂലുകെട്ട് ചടങ്ങും സ്വര്‍ണംകൊണ്ട് നിറക്കാനാണ് മാതാപിതാക്കളുടെ വെമ്പല്‍. കുഞ്ഞിന് ആദ്യാക്ഷരം കുറിക്കുമ്പോള്‍ ഹരിശ്രീ എഴുതിക്കുന്നതിലുമുണ്ട് സ്വര്‍ണം. മകള്‍ക്ക് ആദ്യ പ്രസവമാണെങ്കില്‍ കുഞ്ഞിന് അരയിലും കഴുത്തിലും പെണ്‍വീട്ടുകാര്‍ സ്വര്‍ണം കെട്ടണമെന്നാണ് നാട്ടാചാരം. കുടുംബത്തില്‍ ജനിച്ചത് പെണ്‍കുഞ്ഞായാല്‍ സ്വര്‍ണത്തിന്റെ സാന്നിധ്യം പിന്നെയും കൂടും. ധനികനും പാമരനും സ്വര്‍ണത്തിന്റെ തൂക്കത്തില്‍ മാത്രമാണ് വ്യത്യാസം കാണിക്കുന്നത്. കാതുകുത്ത് കല്യാണം അടുത്ത കാലം വരെയുണ്ടായിരുന്നു. വിവാഹ പന്തലില്‍ സ്വര്‍ണത്തിന്റെ തൂക്കമാണ് പലപ്പോഴും കുടുംബത്തിന്റെ അന്തസ്സ്.
പൊന്നുരുക്കുന്ന തട്ടാന്‍
സ്വര്‍ണാഭരണങ്ങളില്‍ ഇന്ന് മെഷിന്‍കട്ടിങിന്റെ കാലമാണ്. ജ്വല്ലറിയില്‍ പുതുപുത്തന്‍ ഡിസൈന്‍ ലഭിക്കും. എന്നാല്‍ ചമ്രംപടിഞ്ഞിരുന്ന് സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കുന്ന തട്ടാന്മാര്‍ ഇന്ന് വിളമാണ്. ചെമ്പ് ചേര്‍ത്ത് നിര്‍മിക്കുന്ന ആഭരണം 22 കാരറ്റിലായിരുന്നു ആദ്യകാലത്ത് നിര്‍മിച്ചിരുന്നത്. പൊന്നുരുക്കാന്‍ വൈദ്യുതിയും ഗ്യാസുമാണിന്നുളളത്. എന്നാല്‍ അന്ന് ചീനച്ചട്ടിയിലും മണ്‍ചട്ടിയിലും ഉമി നിറച്ച് നെരിപ്പോടുണ്ടാക്കും. ഉമിയില്‍ ചിരട്ടക്കനലിട്ട് ഓടക്കുഴല്‍ കൊണ്ട് ഊതിയാണ് സ്വര്‍ണം ഉരുക്കി എടുക്കുന്നത്. ഇതിനായി മൂശ എന്ന ചെറിയ പാത്രം തയ്യാറാക്കും. മൂശയിലാക്കിയാണ് നെരിപ്പോടിലെ കനലിലേക്ക് സ്വര്‍ണം ഇറക്കി വയ്ക്കുക. ചിതല്‍ പുറ്റുകളെ കൊണ്ടാണ് പഴയകാലത്ത് മൂശ നിര്‍മിച്ചിരുന്നത്. ചിതല്‍പുറ്റുകളോടൊപ്പം പഴയ ദ്രവിച്ച തുണിശീലകളുടെ കഷ്ണങ്ങളും ഉപ്പും ചേര്‍ത്ത് അരിച്ചെടുക്കും. ഈ കുഴമ്പല്‍ കൊണ്ട് മധ്യത്തില്‍ ഒരു ദ്വാരമുണ്ടാക്കിയാണ് മൂശ നിര്‍മിക്കുന്നത്. പൊന്നുരുകുന്ന ഏത് ചൂടും താങ്ങാന്‍ ഇത്തരത്തിലുണ്ടാക്കുന്ന മൂശക്ക് കഴിയും. ഇന്ന് മൂശയും വാങ്ങാന്‍ കിട്ടും.
മൂശയില്‍ തിളച്ചുമറിയുന്ന സ്വര്‍ണം ഒഴിക്കാനായി പ്രത്യേക ഇടമുണ്ടാക്കും. മരപ്പലകയില്‍ നാലുഭാഗവും ഉയര്‍ത്തി പെട്ടി രൂപത്തിലാക്കി അതിനുളളില്‍ തവിടുനിരത്തും. പിന്നീട് തവിടില്‍ കൈവിരലുകള്‍ അമര്‍ത്തി ചാലുകളാക്കും. ഈ ചാലുകളിലേക്കാണ് സ്വര്‍ണം ഉരുക്കി ഒഴിക്കുക. ഇത് പിന്നീട് അടക്കല്ലില്‍ വച്ച് മേടിപ്പരത്തി വിവിധ രൂപത്തിലാക്കും. പിച്ചളയുടെ വിവിധ രൂപത്തിലുളള അച്ചുകളുണ്ടാക്കി ഇതിനനുസരിച്ച് സ്വര്‍ണം അടിച്ചു പരത്തി വിവിധ രൂപത്തിലുളള ആഭരണങ്ങളാക്കി മാറ്റും. ആഭരണങ്ങള്‍ ഒട്ടിച്ചെടുക്കാന്‍ ഇന്ന് മാര്‍ക്കറ്റില്‍ പശ ലഭിക്കും. എന്നാല്‍ മുന്‍കാലത്ത് കുന്നിക്കുരു ഉപയോഗിച്ചാണ് പശയുണ്ടാക്കുക. കുന്നിക്കുരു പൊടിച്ച് അരച്ച് ഓടിന്റെ ചാലിലിട്ട് പൊന്‍കാരം ചേര്‍ത്താണ് പശയുണ്ടാക്കുക. ഇന്ന് ഇരുമ്പിന്റെ അച്ചിലേക്ക് ഒഴിച്ചാണ് ആഭരണങ്ങള്‍ നിര്‍മിക്കുന്നത്.
വിവാഹ വീട്ടിലെ പൊന്നുരുക്ക്
വിവാഹം ഉറപ്പിച്ചാല്‍ ഇന്ന് നാട്ടിലെ ജ്വല്ലറിക്കാര്‍ വീട്ടിലേക്ക് ഓടുന്ന കാഴ്ചയാണ്. എന്നാല്‍ ആദ്യകാലത്ത് വിവാഹം ഉറപ്പിക്കല്‍ തന്നെ നാട്ടിലെ തട്ടാന്റെ സമയം കൂടി നോക്കിയാണ്. തട്ടാന്റെ ഒഴിവിന് അനുസരിച്ച് ആറ് മാസത്തേക്ക് വരെ വിവാഹങ്ങള്‍ നീട്ടി നിശ്ചയിക്കും. മകള്‍ക്ക് നല്‍കുന്ന സ്വര്‍ണാഭരണങ്ങളെ കുറിച്ച് വീട്ടുകാര്‍ക്ക് നിശ്ചയമുണ്ടാകും. അന്നു തൊട്ട് സ്വര്‍ണപ്പണിക്കാരന്റെ ജോലി വിവാഹ വീട്ടിലാണ്. ആഭരണങ്ങള്‍ വിളക്കിയെടുക്കാന്‍ മാത്രം വീടിന്റെ ഒരു ഭാഗത്ത് തട്ടാന്മാര്‍ക്ക് പ്രത്യേകം മുറിയൊരുക്കും. ദിവസങ്ങളോളം അവിടെയിരുന്നാണ് സ്വര്‍ണാഭരണമുണ്ടാക്കുക.
വാഹന സൗകര്യങ്ങളില്ലാത്ത കാലമാണ്. ഇടവഴികളും കുന്നുകളും ഏറെ താണ്ടിവേണം ഓരോ വിവാഹ വീട്ടിലുമെത്താന്‍. ആയതിനാല്‍ പുലര്‍ച്ചെ പുറപ്പെടും. ഇരുട്ടുമ്പോഴേക്കും മടങ്ങും. ദൂരമേറെയാണെങ്കില്‍ അവിടെ താമസിച്ച് ആഭരണമുണ്ടാക്കും. സ്വന്തം വീട്ടിലെ അംഗങ്ങളെ പോലെയാണ് തട്ടാന്മാരോടുളള വീട്ടുകാരുടെ പെരുമാറ്റം.
മുസ്‌ലിംകള്‍ക്കും ഹിന്ദുക്കള്‍ക്കും കൃസ്ത്യാനികള്‍ക്കും ആഭരണങ്ങളില്‍ വ്യത്യസ്ത കാഴ്ചപ്പാടുകളുണ്ട്. കടംവന്ന് മുടിഞ്ഞാലും ബീവിയുടെ കാതിലെ ചുറ്റ് വിറ്റ് കൂടാ.. എന്നാണ് പഴഞ്ചൊല്ല്. കാതില്‍ ചിറ്റിടുന്ന വല്യുമ്മമാര്‍ ഇന്ന് നാട്ടിലില്ല. തുണിക്കോന്തലയില്‍ താക്കോല്‍ കൂട്ടം വയ്ക്കാന്‍വരെ കോന്തല മോതിരം പണിയുന്ന വല്യുമ്മമാര്‍ അന്നുണ്ടായിരുന്നു. ചിറ്റ്, ചങ്കേലസ്സ്, കൊരലാരം, മണിക്കാതില, കുമ്മത്ത്, ചക്രമാല, മുല്ലപ്പൂമാല, ഇളക്കത്താലി, കഴുത്തുകെട്ടി, കൂട്ടുമോതിരം തുടങ്ങി ആഭരണങ്ങളുടെ അന്നത്തെ മോഡല്‍ ഏറെയാണ്. കാതിലണിയുന്ന അലുക്കുകളുളള കുത്ത് ലോപിച്ചാണ് ജാലി അലുക്കത്തുണ്ടായത്. അലുക്കത്തിലെ എണ്ണം ഇരട്ടി സംഖ്യയാവാരുതെന്നാണ് കണക്ക്. 13 എണ്ണമായിരുന്നു പഴയ കാലത്ത് ഉപയോഗിച്ചിരുന്നത്. ജാലി അലുക്കത്തിട്ടാല്‍ ഇബ്‌ലീസ് കൂടില്ലെന്നാണ് അന്നത്തെ വിശ്വാസം. അലുക്കത്ത് മാറിയാണ് പിന്നീട് ചിറ്റ്‌വരുന്നത്. കീഴ്ക്കാതിലെ ലോലാക്കുകള്‍ മാറി ജിമിക്കി കമ്മലുമായി. വിവാഹ പെണ്ണിന് കേശാലങ്കാരത്തിന് പ്രത്യേക ഇനം തന്നെയുണ്ട്. മാലയും തരിവളയും ഒറ്റവളയും നടുവളയും പറങ്ങിവളയുമായി ഫാഷനുകള്‍ ഏറെയാണ്.
പൊന്ന് സൂക്ഷിക്കാന്‍ നെട്ടൂര്‍പെട്ടി
സ്വര്‍ണം സൂക്ഷിക്കാന്‍ മാത്രം നെട്ടൂര്‍പെട്ടി കടഞ്ഞുണ്ടാക്കുന്ന വലിയ ഹിന്ദു തറവാട് വീടുകള്‍ അക്കാലത്തുണ്ടായിരുന്നു. ആഭരണ പെട്ടി പുതുതായി വീട്ടിലെത്തുന്നവര്‍ക്ക് കാഴ്ച വസ്തുക്കളാക്കും. ഹിന്ദുസ്ത്രീകളുടെ മാറുമറക്കുന്ന ഉപാധി കൂടിയായിരുന്നു സ്വര്‍ണാഭരണങ്ങള്‍. ഉയര്‍ന്ന ജാതിയിലുളളവരുടെ മുന്‍പിലും കാവിലും മാറ് മറക്കുന്നത് മഹാ അപരാധമായിരുന്ന കാലത്ത് ആഭരണങ്ങള്‍ മേനിമൂടാന്‍ സഹായിച്ചിരുന്നു. അരയോളം വസ്ത്രമില്ലെങ്കിലും കാതിലെ തക്കയും കഴുത്തിലെ മാലകളും വാരിക്കോരി അണിയുന്ന ഭഗവതിമാരാവണം സ്ത്രീകളെന്നാണ് വിശ്വാസം. ഇന്ന് സൗന്ദര്യത്തിന് മാറ്റു കൂട്ടാനാണ് സ്ത്രീകള്‍ക്ക് ആഭരണം. പാമ്പിന്റെ ശല്യമില്ലാതിരിക്കാന്‍ നാഗഫണിമാല, യക്ഷിബാധയില്‍ നിന്ന് പെണ്‍കിടാങ്ങള്‍ രക്ഷപ്പെടാന്‍ പാലക്കാ മോതിരം, പുലിനഖ മോതിരമാല തുടങ്ങിയവയും വിശ്വാസപരമായാണ് അണിയുന്നത്.
അന്തര്‍ജനങ്ങളാണ് മുന്‍കാലത്ത് സ്വര്‍ണം ഏറെ ധരിച്ചിരുന്നത്. വിവാഹത്തിന് ശേഷമാണ് നമ്പൂതിരി സ്ത്രീകള്‍ ആഭരണം അണിയുന്നത്. അതുവരെ ഓട് കൊണ്ടുളള പ്രത്യേക ആഭരണങ്ങളാണ് ധരിക്കാറുളളത്. ചിറ്റും ചെറുതാലിയുമാണ് അന്നത്തെ ഫാഷന്‍. വേളി കഴിക്കുന്ന പെണ്ണ് കാതില്‍ ചിറ്റും കഴുത്തില്‍ ചരടിന്മേല്‍ കോര്‍ത്ത മുക്കോല കല്ലുമാണ് ധരിക്കാറുള്ളത്. വിവാഹത്തിന് വരന്റെ അച്ഛന്റെ സമ്മാനമാണ് ചെറുതാലിക്കൂട്ടം. സ്വര്‍ണ മുത്തുകള്‍ ചേര്‍ത്തുണ്ടാക്കുന്ന മണിമാല വരന്റെ അമ്മയുടെ സമ്മാനവും. കുഴലേലസ്സ്, പപ്പടത്താലി, ചെറുതാലി തുടങ്ങിയ ആഭരണങ്ങളും പ്രചാരത്തിലുണ്ടായിരുന്നു. ഭര്‍ത്താവ് മരിച്ച പെണ്ണ് ചെറുതാലി അഴിക്കണമെന്നാണ് വിശ്വാസം. വിശേഷ ദിവസങ്ങളില്‍ ധരിക്കാനും അന്ന് ആഭരണങ്ങള്‍ ഏറെയുണ്ട്. അന്തര്‍ജനങ്ങള്‍ ധരിച്ചിരുന്ന അന്നത്തെ മാലകള്‍ ഇന്ന് വിപണിയില്‍ സജീവമാണ്. നാട്ടുപ്രമാണിമാരായ പുരുഷന്മാര്‍ കാതില്‍ കടുക്കനും കഴുത്തില്‍ ചങ്ങലമാലയും ധരിച്ചിരുന്നു. സ്റ്റഡ് എന്ന പേരില്‍ കടുക്കന്‍ ഇന്ന് മാര്‍ക്കറ്റിലുണ്ട്.
ക്രിസ്തീയ ആഭരണ ശൈലി ഇവയില്‍ നിന്ന് വ്യത്യസ്തമാണ്. ബ്രോച്ചുകളാണ് ക്രിസ്ത്യന്‍ സ്ത്രീകള്‍ കൂടുതലായി ഉപയോഗിച്ചിരുന്നത്. പൂവ്, പൂമ്പാറ്റ, ഇല തുടങ്ങിയ വിവിധ രൂപത്തിലുളള ബ്രോച്ചുകളാണ് പ്രചാരത്തിലുണ്ടായിരുന്നത്. കര്‍ണാഭരണങ്ങളിലും ഇവര്‍ക്കുമുണ്ട് തനത് മാതൃക. കുരിശ് ചിത്രമുളള തോടയാണ് ഇവര്‍ കാതിലണിയുക. ചിറ്റിന് പകരം മേക്കാ മോതിരവും അണിയും. കഴുത്തിനോട് ചേര്‍ന്നുളള കൊക്കിക്കുറുക്കി എന്ന ആഭരണവുമുണ്ട്. വിക്ടോറിയ രാജ്ഞിയുടെ മുഖം കൊത്തിയ പതിമൂന്ന് കാശുകള്‍ കോര്‍ത്ത കാശുകോര്‍ന്തല്‍ മാലയും മാങ്ങാമാലയും കരുമുളക് മാലയും ക്രിസ്ത്യാനികളുടെ ഇടയില്‍ ഏറെ പ്രചാരത്തിലുണ്ടായിരുന്നു.
ജീവിതം ഉരുകിത്തീരുന്ന തട്ടാന്മാര്‍
സ്വര്‍ണാഭരണ തൊഴില്‍ ജീവിതോപാധിയാക്കാന്‍ കഴിയാതെ മറ്റുമേഖലകള്‍ തേടുകയാണ് പുതുതലമുറ. അമ്മാവന്റെ കൂടെ കോഴിക്കോട്ടും കോയമ്പത്തൂരും ചെറുപ്രായത്തില്‍ ജോലി തുടങ്ങിയതാണ് ഞാന്‍. പിന്നീട് മക്കള്‍ നിര്‍ബന്ധിപ്പിച്ച് തൊഴില്‍ നിര്‍ത്താന്‍ തുനിഞ്ഞെങ്കിലും മാസങ്ങള്‍ക്ക് മുന്‍പ് ഒരു മകന്‍ മരിച്ചതോടെ അവന്റെ കുടുംബത്തിനായി വീണ്ടും തൊഴിലിലേക്ക് തിരിച്ചുവന്നു. ജ്വല്ലറിക്കാര്‍ കൊണ്ടുവരുന്നത് വീട്ടിലിരുന്ന് ആഭരണമാക്കി നല്‍കുകയാണ് ഇപ്പോഴുളള ജോലി.
സ്വര്‍ണാഭരണ മേഖല ഇന്ന് തീര്‍ത്തും ഒറ്റപ്പെടുകയാണ്. കേരളത്തില്‍ തട്ടാന്‍വിഭാഗത്തിലുളളവര്‍ തന്നെ ഇന്ന് തൊഴിലില്‍ കുറവാണ്. കാരണം ഇന്ന് കുടുംബം പുലര്‍ത്താന്‍ വരെ ഈ തൊഴിലുകൊണ്ട് കഴിയുന്നില്ല. മൊറാര്‍ജി ദേശായിയുടെ ഭരണകാലത്താണ് സ്വര്‍ണാഭരണങ്ങള്‍ക്ക് ലൈസന്‍സ് കൊണ്ടുവന്നത്. ഇതിനെതിരെ തട്ടാന്മാര്‍ നടത്തിയ സമരത്തില്‍ പങ്കെടുത്തിട്ടുണ്ട്. സ്വര്‍ണാഭരണ മേഖല ലൈസന്‍സുളളവരും അല്ലാത്തവരും കളളക്കടത്തുകാരും കയ്യടക്കിയതോടെ നെരിപ്പോട് ഊതി സ്വര്‍ണമുരുക്കുന്ന തട്ടാന്മാര്‍ക്ക് തൊഴിലില്ലാതായി. ഇന്ന് ചെറിയ ഗ്രാമങ്ങള്‍ തൊട്ട് പട്ടണങ്ങള്‍ വരെ സ്വര്‍ണാഭരണ ശാലകള്‍ കുമിഞ്ഞുകൂടുകയാണ്. ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവരാണ് ഇന്ന് സ്വര്‍ണാഭരണം നിര്‍മിക്കുന്നത്. സ്വര്‍ണാഭരണ ഫാക്ടറികളുളള സംസ്ഥാനമായി ഇന്ന് കേരളം മാറി. പറയുന്ന ഡിസൈനില്‍ ഞൊടിയിടയില്‍ ആഭരണങ്ങളുണ്ടാക്കാന്‍ മെഷിനുകള്‍ വഴി സാധ്യമാകുന്നു.
സയനൈഡ് ചേര്‍ക്കേ@ാത്ത കാലം
പണ്ട് കാലത്ത് ചെമ്പിന്റെ നിറമായിരുന്നു സ്വര്‍ണത്തിന്. ആയതിനാല്‍ സയനൈഡ് ഉള്‍പ്പടെയുളള കെമിക്കലുകള്‍ സ്വര്‍ണമുരുക്കുന്ന തട്ടാന്മാര്‍ക്ക് ആവശ്യമില്ല. എന്നാല്‍ ഇന്ന് 24 കാരറ്റില്‍ ഒരുങ്ങുന്ന മഞ്ഞലോഹത്തിന് കളറിന് സയനൈഡ് ആവശ്യമാണ്. കൂടത്തായി കൂട്ടക്കൊല കേസില്‍ സയനൈഡിന്റെ പേരില്‍ പഴികേള്‍ക്കുന്നതും തട്ടാന്മാരാണ്.
കാലത്തിന്റെ കുത്തൊഴുക്കില്‍ കുലത്തൊഴിലും നഷ്ടപ്പെടുന്നവരുടെ ജീവിതം അധികാരികള്‍ കാണണമെന്നു തട്ടാന്‍ പങ്കുണ്ണി രാഘവന്‍ എന്ന 102 വയസുകാരന്‍ പറയുമ്പോഴും ഓടുമേഞ്ഞ ആ വീടിനപ്പുറത്ത് മഴ തിമിര്‍ത്ത് പെയ്യുന്നുണ്ടായിരുന്നു. നെരിപ്പോടില്‍ കനല് കത്താത്ത രീതിയില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."