കെ.എസ്.ആര്.ടി.സിയില്‍ ശമ്പളവിതരണം ആഴ്ചകള്‍ വൈകിയേക്കും; ടി.ഡി.എഫ് നേതൃത്വത്തില്‍ ഇന്ന് പണിമുടക്ക്
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായി തുടരുന്ന കെ.എസ്.ആര്.ടി.സിയില്‍ ഒക്ടോബര്‍ മാസത്തെ ശമ്പളം വിതരണം ചെയ്യുന്നത് ആഴ്ചകള്‍ വൈകാന്‍ സാധ്യത. കഴിഞ്ഞ മാസം പത്താം തിയതിയോടെ ശമ്പളം വിതരണം ചെയ്തിരുന്നെങ്കിലും സാമ്പത്തികാവസ്ഥ അതിനേക്കാള്‍ രൂക്ഷമായ സാഹചര്യത്തിലാണ് ഇത്തരത്തില്‍ വൈകാന്‍ പോകുന്നത്.
ജീവനക്കാര്‍ക്കുള്ള ശമ്പളം കൊടുക്കാനായി സര്‍ക്കാര്‍ നല്കുന്ന 20 കോടി രൂപയില്‍ 15 കോടി കെ.എസ്.ആര്.ടി.സിക്ക് നല്‍കിക്കഴിഞ്ഞു. ബാക്കിയുള്ള അഞ്ച് കോടി ഡീസല്‍ വാങ്ങിയ വകയില്‍ എണ്ണ കമ്പനികള്‍ക്കും വായ്പയായും മറ്റും ജീവനക്കാരില്‍നിന്നു പിടിച്ച ശേഷം ബാങ്കുകള്‍ക്ക് അടയ്ക്കാതിരുന്ന തുകയുമായി സര്‍ക്കാര്‍ നല്‍കിയിരിക്കുകയാണ്. ശമ്പളവിതരണത്തിനായി മാത്രം 85 കോടി രൂപ ആവശ്യമായിരിക്കേ ബാക്കിയുള്ള പണം എങ്ങനെ കണ്ടെത്തുമെന്നതില്‍ കെ.എസ്.ആര്.ടി.സി മാനേജ്മെന്റിന് ഒരു നിശ്ചയവുമില്ല. കഴിഞ്ഞ മാസത്തെ കളക്ഷനില്‍ മിച്ചമായി 20 കോടി രൂപ കെ.എസ്.ആര്.ടി.സിയുടെ കൈയിലുണ്ടെന്നാണ് പറയുന്നത്. എങ്കിലും 50 കോടി രൂപകൂടി ആവശ്യമായതിനാല്‍ ഈ മാസം പകുതി കഴിഞ്ഞെങ്കില്‍ മാത്രമേ ഇത്രയും തുക കളക്ഷനായി വരാനും സാധ്യതയുള്ളൂ. ഈ സാഹചര്യത്തില്‍ ജീവനക്കാര്‍ക്കുള്ള ഒക്ടോബര്‍ മാസത്തെ ശമ്പളം ഈ മാസം അവസാനത്തോടെയേ വിതരണം ചെയ്യാന്‍ കെ.എസ്.ആര്.ടി.സിക്ക് കഴിയൂ.
അതേസമയം ശമ്പളം മുടക്കുന്നതില്‍ പ്രതിഷേധിച്ച് ട്രാന്‍സ്പോര്‍ട്ട് ഡമോക്രാറ്റിക് ഫെഡറേഷന്റെ നേതൃത്വത്തില്‍ ഇന്ന് പണിമുടക്കും. സര്‍വിസുകള്‍ മുടങ്ങുന്ന തരത്തില്‍ സമരം ചെയ്യരുതെന്ന് മന്ത്രി എ.കെ ശശീന്ദ്രന് അഭ്യര്‍ഥിച്ചിട്ടുണ്ട്. എ.ഐ.ടി.യു.സിയുടെ നേതൃത്വത്തിലും ഒരു വിഭാഗം ജീവനക്കാര്‍ സമരത്തിനൊരുങ്ങുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."