തിരിഞ്ഞുകടിച്ച പൊലിസ്
പണ്ട് നക്‌സലുകള്‍ എന്നാണ് വിളിക്കാറുള്ളത്. അടുത്ത കാലത്താണ് പേരു ഒന്നു കൂടി പ്രാകൃതമാക്കിയത്. മാവോയിസ്റ്റുകള്‍. പണ്ടാണ് അവര്‍ ശരിക്കും മാവോയിസ്റ്റുകളായിരുന്നത്. ഇന്നിപ്പോള്‍ മാവോ സെ തൂങ്ങിന്റെ നാട്ടില്‍പ്പോലും മാവോയിസ്റ്റുകളില്ല. ഉള്ളത് അസ്സല്‍ മുതലാളിത്ത തീവ്രവാദികളാണ്. അമേരിക്കക്കാര്‍ക്കു വരെ അസൂയ ഉണ്ടാക്കുന്ന ഇനം മാവോയിസ്റ്റുകള്‍.
അതവിടെ നില്‍ക്കട്ടെ. കുറേക്കാലമായി, മാവോയിസ്റ്റ് ഭീഷണി എന്നു പരക്കെ കേള്‍ക്കുന്നുണ്ടെങ്കിലും കേരളത്തിലൊരു പൂച്ചക്കുട്ടിയെപ്പോലും അവര്‍ കൊന്നതായി വാര്‍ത്തയില്ല. കൊല്ലുന്ന പണി മൊത്തം സംസ്ഥാനം ഭരിക്കുന്നവരും കേന്ദ്രം ഭരിക്കുന്നവരുമാണല്ലോ ഏറ്റെടുത്തിട്ടുള്ളത്. കാട്ടില്‍ ഗതികിട്ടാ പട്ടിണിക്കാരായി നടക്കാറുണ്ടത്രെ കുറെ മാവോയിസ്റ്റുകള്‍. എന്തിനാണ് കാട്ടില്‍ നടക്കുന്നത് എന്നു മാത്രം മനസിലാവുന്നില്ല. അവരെ നേരിടാന്‍, എടുത്താല്‍ പൊങ്ങാത്ത ആയുധങ്ങളും വാഹനങ്ങളും കോടിക്കണക്കിനു രൂപയും കേന്ദ്രം സംസ്ഥാനത്തിനു കൊടുക്കുന്നുണ്ട്. അതുംവാങ്ങി ചുമ്മാ ഇരിക്കുന്നതെങ്ങനെ, അതാണ് തങ്ങളുടെ ഒരു രോമത്തിനു പോലും കേടു പറ്റാതെ നിഷ്പ്രയാസം നാലു മനുഷ്യരെ അട്ടപ്പാടിയില്‍ തട്ടിയത്. ഇനി അതിനുള്ള പരമവീരചക്രമോ വെറും ചക്രമോ കേന്ദ്രപൊലിസ് തസ്തികയോ ചിലര്‍ക്കൊക്കെ കിട്ടുമായിരിക്കും. കിട്ടട്ടെ.
മാവോയിസ്റ്റ് ഉന്മൂലനത്തിന്റെ ഭരണകൂട സ്പിരിട്ട് സി.പി.എം സഹധര്‍മ പാര്‍ട്ടിയായ സി.പി.ഐക്ക് ഉണ്ടായില്ല. മഹാകഷ്ടം. പൊലിസ് വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി അനുഭവിക്കുന്ന പെടാപ്പാടിനെക്കുറിച്ച് അവര്‍ക്ക് ഒരു സഹതാപവും ഇല്ല. മാവോയിസ്റ്റാവുന്നതുതന്നെ വെടിവെച്ചു കൊല്ലാന്‍ മതിയായ പ്രകോപനമാണെന്ന് എന്തേ മനസിലാക്കാത്തത്! കീഴടങ്ങാന്‍ വന്നവരെ വെടിവെച്ചിട്ടുവെന്നു മാത്രമല്ല, ഒരു അശു നേതാവിനെ കസ്റ്റഡിയില്‍ വെടിവെച്ചുകൊന്നു എന്നും സി.പി.ഐക്കാര്‍ ആരോപിച്ചിട്ടുണ്ട്. കണ്ടാലും മിണ്ടാതിരിക്കുകയല്ലേ ഭരണമുന്നണി ഘടകത്തിന്റെ മുന്നണിധര്‍മം? സി.പി.ഐക്കാര്‍ക്ക് ഇതൊന്നും മനസിലാവില്ല. പഴയ രാജന്‍കേസിന്റെ കുറ്റബോധം ഉള്ളില്‍കുത്തുന്നുണ്ട്. അടിയന്തരാവസ്ഥയില്‍ മുഖ്യമന്ത്രിസ്ഥാനത്ത് ഇരുന്നു സുഖിച്ച പാര്‍ട്ടിയല്ലേ.... അതുകൊണ്ട് ഇപ്പോള്‍ എല്ലാത്തിനും ഒരു മുഴം മുന്നെ എറിയണം. എങ്കിലേ ഇടതിനേക്കാള്‍ വലിയ ഇടതാവാനാവൂ.
നാലു സോകോള്‍ഡ് മാവോയിസ്റ്റുകളെ കൊന്നതുകൊണ്ടൊന്നും കേന്ദ്രത്തിലെയും കേരളത്തിലെയും ഇരട്ടച്ചങ്കന്മാര്‍ക്ക് തൃപ്തി വരില്ല എന്നാശങ്കിച്ചാവണം രാത്രി റോഡോരത്തു നിന്ന രണ്ടുപേരെ ജയിലിലിട്ടത്. റോഡോരത്തു നില്‍ക്കുന്നത് കുറ്റമാവുമോ എന്തോ. സഞ്ചി തപ്പിയപ്പോള്‍ മാവോയിസ്റ്റുകളുടെ നോട്ടിസ് കണ്ടത്രെ. മഹാപരാധംതന്നെ. ഒരു തരത്തില്‍ നോക്കിയാല്‍ മാന്യന്മാരാണ് ആ പൊലിസുകാര്‍. നഗരമാവോയിസ്റ്റുകളാണ് എന്നു പറഞ്ഞ് അപ്പടി വെടിവെച്ചു കൊല്ലാമായിരുന്നല്ലോ. അതു ചെയ്തില്ല. ആ അമ്മമാരുടെ ഭാഗ്യം. പിടിക്കപ്പെട്ടവര്‍ ആര്, എന്ത് എന്നു നോക്കിയതു മാരകവിഷമുള്ള യു.എ.പി.എ കുത്തിവെച്ച ശേഷമാണ്. ചെറുപ്പക്കാര്‍ മുഖ്യമന്ത്രിയുടെ പാര്‍ട്ടിയുടെ പ്രവര്‍ത്തകരാണ് എന്നറിയുമ്പോഴേക്കും വൈകിയിരുന്നു. ഇനി ഊരാന്‍ കുറച്ച് പാടുണ്ട്.
ഇരട്ടച്ചങ്കുള്ള സഖാവ് പൊലിസിനെ ഭരിക്കുമ്പോള്‍തന്നെ വേണം ഇങ്ങനെ സംഭവിക്കാന്‍. പാര്‍ട്ടി സംസ്ഥാനകമ്മിറ്റിക്കുതന്നെ മുഖം നഷ്ടപ്പെട്ടതുകൊണ്ടാണ് അവരെ വിട്ടയക്കണമെന്നു ആലോചിക്കുന്നതുതന്നെ. വല്ല സാധാരണക്കാരനും ആയിരുന്നെങ്കില്‍ ആരും ഒരക്ഷരം മിണ്ടില്ലായിരിന്നു. ഈ തോതില്‍ എന്തായിരിക്കും സംഘ് പരിവാര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സ്ഥിതി? എത്ര ചെറുപ്പക്കാരെ ഭീകരലേബിള്‍ നെറ്റിയിലൊട്ടിച്ച് എത്ര വര്‍ഷമായി ജയിലിലിട്ടിട്ടുണ്ടാവും. ഇടതുപക്ഷമോ സംഘ്പക്ഷമോ എന്ന വ്യത്യാസമെല്ലാം ഇല്ലാതാവും. ജമ്മു കശ്മിരിലെ പൊലിസ് ഭരണം കേന്ദ്രം ഏറ്റെടുത്തത് അങ്ങനെ നിയമം മാറ്റിക്കൊണ്ടുതന്നെയാണ്. കേരളം പോലുള്ള അപ്രധാനസംസ്ഥാനങ്ങളില്‍ പറയാതെയും അതു ചെയ്യാവുന്നതേ ഉള്ളൂ. ചെയ്തു കഴിഞ്ഞോ എന്തോ...
പാട്ടത്തിന് പട്ടേല്‍
കോണ്‍ഗ്രസ് നേതാവായിരുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിനെ ബി.ജെ.പിക്കാര്‍ എന്തിന് തലയില്‍ പേറി നടക്കുന്നു എന്നു പലരും ചോദിക്കുന്നുണ്ട്. അങ്ങനെ പാടില്ലെന്ന് ഭരണഘടനയിലില്ല. ശ്രീരാമന്‍ മുതല്‍ സ്വാമി വിവേകാനന്ദന്‍ വരെ ആരും എതിരു പറയാത്ത മഹാബിംബങ്ങളെ സ്വന്തമാക്കി വെക്കുന്നതിന് നിയമതടസമില്ലെന്നിരിക്കെ എന്തു കൊണ്ട് ഒരു പരേതനായ കോണ്‍ഗ്രസ് നേതാവിനെ പൊക്കിപ്പിടിച്ചു കൂടാ. എന്തിന് സ്വന്തം നേതൃദാരിദ്ര്യം വെളിപ്പെടുത്തുന്നത് എന്ന ചോദ്യമുണ്ട്. ദേശീയ സ്വാതന്ത്ര്യസമരം നടക്കുമ്പോള്‍ സംഘ്പരിവാറിനു കൊടിപിടിക്കാനും ജയിലില്‍ പോകാനുമൊന്നും സമയം കിട്ടിയില്ല. മസില്‍ ഉരുട്ടല്‍, ദണ്ഡ് പ്രയോഗം, കബഡികളി തുടങ്ങിയ അടിയന്തരപ്രാധാന്യമുളള വിഷയങ്ങളിലായിരുന്നു ശ്രദ്ധ. അതുകൊണ്ടാണ് 1930,47 കാലത്തെ ഒരു നേതാവിന്റെയും ഫോട്ടോ ഫ്രെയിം ചെയ്തു ചുവരില്‍ തൂക്കാന്‍ കിട്ടാതെ പോയത്. അങ്ങനെ വരുമ്പോള്‍ അത്യാവശ്യം ചിലരെ ചരിത്രപുസ്തകത്തില്‍നിന്നു പാട്ടത്തിനെടുക്കാവുന്നതേ ഉള്ളൂ.
പട്ടേല്‍ ഗുജറാത്തുകാരനാണെന്നത് മുഖ്യഘടകമാണ്. ഇന്ത്യയെ ഒന്നാക്കിയ ആളെന്ന ക്രഡിറ്റുണ്ട്. ആര്‍.എസ്.എസിനെ നിരോധിച്ച ആളെന്ന ഒരു ദുഷ്‌പേരുണ്ട്. അത് അവഗണിക്കാം. നെഹ്‌റുവിന്റെ പണിയാണെന്നു പറഞ്ഞുനില്‍ക്കാം. മോദിയും അമിത്ഷായും വരുന്ന സംസ്ഥാനമാണല്ലോ ഗുജറാത്ത്. ആ ഗുജറാത്തില്‍ പിന്നെ പരിഗണിക്കേണ്ട ഒരാള്‍ ഗാന്ധിജിയാണ്. ഗോഡ്‌സെ, സവാര്‍ക്കര്‍മാരെ ഇവര്‍ക്കൊപ്പം ചേര്‍ക്കാം. ചിലരെല്ലാം കുരച്ചുചാടുമെങ്കിലും ചരിത്രം മാറ്റിയെഴുതുന്ന പണി പൂര്‍ത്തിയാകുമ്പോഴേക്ക് എല്ലാം അപ്രസക്തമാകും. മഹാത്മാഗാന്ധി, സര്‍ദാര്‍ പട്ടേല്‍, നരേന്ദ്ര മോദി, അമിത് ഷാ എന്നിവര്‍ ഒരു വരിയില്‍ അണിനിരക്കും. കണ്ടോളിന്‍.
സുരേഷ് ഗോപിയുടെ കഷ്ടപ്പാട്
പാര്‍ട്ടി പ്രസിഡന്റുമാരായിരുന്ന പല വിദ്വാന്മാരും കണ്ണടച്ചു തുറക്കുമ്പോഴേക്ക് ഗവര്‍ണര്‍മാരായി സുഖവാസത്തിന് പോകുന്നത് കണ്ടില്ലേ? വാസ്തവത്തില്‍ ഇങ്ങനെ സുഖവാസം ലഭിക്കേണ്ട ഒരാളല്ലേ നമ്മുടെ സുരേഷ് ഗോപിജി. എന്തെല്ലാം വീരകൃത്യങ്ങളാണ് അദ്ദേഹം വെള്ളിത്തിരയില്‍ ചെയ്തിട്ടുള്ളത്. എത്രയെത്ര അടിപൊളി തട്ടുപൊളിപ്പന്‍ പ്രസംഗങ്ങളാണ് ഡയലോഗായി അടിച്ചുവിട്ടിട്ടുള്ളത്. ആ ദേഹത്തിനു ബി.ജെ.പിയില്‍ ചേര്‍ന്ന ശേഷം ഇരിക്കപ്പൊറുതി കിട്ടിയിട്ടില്ല.
രാജ്യസഭാംഗത്വം കൊടുത്തു, ശരിതന്നെ. പക്ഷേ, എന്തുകൊണ്ട് ഒരു കേന്ദ്രമന്ത്രി കൊടുത്തില്ല? അതുപോട്ടെ, വലിയ ശല്യമൊന്നുമില്ലാത്ത പണിയാണ് രാജ്യസഭയിലേത്. ഒരു സൈഡില്‍ മിണ്ടാതിരിക്കാം. അങ്ങനെ ഇരിക്കുമ്പോഴാണ് തൃശൂരില്‍ മത്സരിക്കാന്‍ ആവശ്യപ്പെട്ടത്. പറ്റില്ല എന്നു പറയാന്‍ പറ്റുമോ? പറ്റില്ല. എന്തു വിചാരിക്കും മോദിജിയും ഷാജിയുമൊക്കെ. മത്സരിച്ചു. ജയിക്കരുതേ എന്നു തനിക്കുവേണ്ടിത്തന്നെ പലരും പ്രാര്‍ഥിച്ചുകാണണം. ഇരിക്കപ്പൊറുതി കിട്ടുമോ ലോക്‌സഭാംഗമായാല്‍ വീട്ടിലെ കോളിങ് ബെല്ലില്‍ വഴിപോകുന്നവരൊക്കെ കയറി വിരലമര്‍ത്തില്ലേ? ഭാഗ്യം, ജയിച്ചില്ല.
അങ്ങനെ മനസ്സമാധാനത്തോടെ കഴിഞ്ഞുകൂടാന്‍ തുടങ്ങുമ്പോഴതാ വീണ്ടും വിളി വരുന്നു. ശ്രീധരന്‍പിള്ളയിരുന്ന കസേര ഒഴിവാണത്രെ. ഒരു കാര്യം വ്യക്തം. സുരേഷ് ഗോപിയോട് കടുത്ത ശത്രുതയുള്ള ആരോ ഡല്‍ഹിയില്‍ പാര്‍ട്ടി നേതൃത്വത്തില്‍ ഇരുന്നു ചരടുവലിക്കുന്നുണ്ട്. കേരളത്തില്‍ എന്തു പണിക്കും കോപ്പുള്ള അര ഡസന്‍ നേതാക്കളുള്ളപ്പോള്‍ പാര്‍ട്ടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പോലുമായിട്ടില്ലാത്ത ആ ചങ്ങാതിയെ സംസ്ഥാന പ്രസിഡന്റാക്കാമെന്ന് ബുദ്ധിയുദിച്ച ആള്‍ക്ക് അടിയന്തര ചികിത്സ നല്‍കേണ്ടതുതന്നെയാണ്. എന്തിനും വേണ്ടേ പരിധി?
മുനയമ്പ്
നിര്‍മിതബുദ്ധി സേവനങ്ങള്‍ പൊലിസിലും നടപ്പാക്കും: മുഖ്യമന്ത്രി
നിര്‍മിത ബുദ്ധിശൂന്യതയാണ് വാളയാര്‍ മുതല്‍ അട്ടപ്പാടിവരെയും പിന്നെ കോഴിക്കോട്ടും നടപ്പാക്കിയത്. അതുമതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."