കാന്‍സര്‍ സെന്റര്‍ ഒ.പി അടുത്തമാസം ആദ്യം തുടങ്ങണം
കൊച്ചി: മധ്യകേരളത്തിലെ ജനങ്ങള്‍ക്ക് ഓണസമ്മാനമായി അടുത്തമാസാദ്യം കൊച്ചി കാന്‍സര്‍ സെന്ററിന്റെ ഒ.പി വിഭാഗം ആരംഭിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ അടിയന്തിരമായി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍.
ഒ.പി പ്രവര്‍ത്തനം ആരംഭിക്കാനായി മെഡിക്കല്‍ ഓങ്കോളജിസ്റ്റ്, സര്‍ജിക്കല്‍ ഓങ്കോളജിസ്റ്റ്, റേഡിയേഷന്‍ ഓങ്കോളജിസ്റ്റ്, പാലിയേറ്റീവ് കെയര്‍ വിദഗ്ദ്ധന്‍ എന്നിങ്ങനെ നാല് ഡോക്ടര്‍മാരെയും ആവശ്യമായ ജീവനക്കാരെയും ഉടന്‍ നിയമിക്കണമെന്നും കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി കോശി ആവശ്യപ്പെട്ടു. നിര്‍ദ്ദിഷ്ട കാന്‍സര്‍ സെന്റര്‍ സന്ദര്‍ശിച്ച ശേഷം സര്‍ക്കാരിനു നല്‍കിയ നടപടിക്രമത്തിലാണ് നിര്‍ദ്ദേശമുള്ളത്. വ
ിദഗ്ദ്ധരുടെ നിര്‍ദ്ദേശ പ്രകാരം ഒ.പി വിഭാഗത്തിന് ഏതെങ്കിലും ഉപകരണം വാങ്ങാനുണ്ടെങ്കില്‍ അവ വാങ്ങി എത്രയും വേഗം ഒ.പി സജ്ജമാക്കണമെന്നും കമ്മിഷന്‍ നിര്‍ദ്ദേശിച്ചു. ആശുപത്രി ലിഫ്റ്റിന്റെ നിര്‍മ്മാണം എത്രയും വേഗം പൂര്‍ത്തിയാക്കണം. സെന്റര്‍ ഗവേണിംഗ് ബോഡി ഉടന്‍ വിളിച്ചു ചേര്‍ത്ത് അടിയന്തിരമായി നടപ്പിലാക്കേണ്ട കാര്യങ്ങളെ കുറിച്ച് തീരുമാനമെടുത്ത് നടപ്പിലാക്കണം.
കമ്മിഷന്‍ പാസാക്കിയ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കിയ ശേഷം മൂന്നു മാസത്തിനകം കാന്‍സര്‍ സെന്റര്‍ സ്‌പെഷ്യല്‍ ഓഫീസര്‍ കമ്മിഷനില്‍ വിശദീകരണം സമര്‍പ്പിക്കണം. എറണാകുളം മെഡിക്കല്‍ കോളേജില്‍ ഒരു ഹൃദ്‌രോഗ വിദഗ്ദ്ധനെ അടിയന്തിരമായി നിയമിക്കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു.
സഹകരണ മെഡിക്കല്‍ കോളേജില്‍ നിന്നും ഏറ്റെടുത്ത ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകള്‍ അംഗീകരിക്കണം. നാലായിരം രൂപയ്ക്ക് ജോലി ചെയ്യുന്ന നഴ്‌സുമാര്‍ അടിമവേലയാണ് ചെയ്യുന്നതെന്നും കമ്മിഷന്‍ കണ്ടെത്തി. പോരായ്മകള്‍ വിദഗ്ദ്ധ സമിതി അന്വേഷിക്കണം.
കാന്‍സര്‍ സെന്ററിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്ന സ്വകാര്യ ലോബിക്ക് കീഴടങ്ങരുതെന്നും കമ്മിഷന്‍ നിര്‍ദ്ദേശിച്ചു.
തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമാനമായി എറണാകുളം മെഡിക്കല്‍ കോളേജിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതു സംബന്ധിച്ച് മൂന്നു മാസത്തിനകം വിശദീകരണം നല്‍കാന്‍ കൊച്ചി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍, ജില്ലാകലക്ടര്‍ എന്നിവര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ജസ്റ്റിസ് പി ഷംസുദ്ദീന്‍, പി രാജീവ്, പ്രൊഫ.എം.കെ സാനു, ഡോ.എന്‍.കെ സനില്‍കുമാര്‍, തമ്പി സുബ്രഹ്മണ്യന്‍, അഡ്വ.ടി.ബി മിനി, പി രാമചന്ദ്രന്‍, സി.ജി രാജഗോപാല്‍ എന്നിവര്‍ നല്‍കിയ പരാതിയിലാണ് നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."