അടിസ്ഥാന സൗകര്യവികസനത്തിന് ജില്ലക്ക് ആയിരം കോടി രൂപ
കല്‍പ്പറ്റ: ജില്ലയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്ക് പൊതുമരാമത്ത് വകുപ്പ് രണ്ടരവര്‍ഷത്തിനകം ആയിരം കോടി രൂപകൂടി അനുവദിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന് പറഞ്ഞു.
കിഫ്ബിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന കല്‍പ്പറ്റ- വാരാമ്പറ്റ, മേപ്പാടി-ചൂരല്‍മല, കണിയാമ്പറ്റ-മീനങ്ങാടി റോഡുകളുടെയും നബാര്‍ഡിലുള്‍പ്പെടുത്തി നിര്‍മിക്കുന്ന താളിപ്പാറക്കടവ്, മാമ്പിള്ളിച്ചിക്കടവ് പാലങ്ങളുടെയും നിര്‍മാണ പ്രവൃത്തികളും പുതുക്കി പണിത കല്‍പ്പറ്റ റസ്റ്റ് ഹൗസിന്റെയും ഉദ്ഘാടനം കല്‍പ്പറ്റ ടൗണില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രളയാനന്തര പുനര്‍നിര്‍മാണത്തില്‍ ജില്ലക്ക് പ്രഥമ പരിഗണനയാണ് നല്‍കുന്നത്. 110 കോടി രൂപയാണ് ഇതിനായി ആദ്യഘട്ടത്തില്‍ നീക്കിവച്ചത്. മാനന്തവാടി നിയോജക മണ്ഡലത്തിന് 50 കോടിയും കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലങ്ങള്‍ക്ക് 30 കോടി രൂപ വീതവുമാണ് അനുവദിച്ചിരിക്കുന്നത്.കേന്ദ്ര റോഡ് ഫണ്ടില്‍ നിന്ന് 30 കോടി രൂപ ലഭ്യമാക്കിയിട്ടുണ്ട്. കല്‍പ്പറ്റയിലെ മണ്ണാര്‍ക്കുന്ന് പാലം, ചുഴലിപാലം,ഞെട്ടാറപ്പാലം, കോട്ടത്തറ ഡാം സൈറ്റ് പാലം എന്നിവക്കും 40 കോടി രൂപയും അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സി.കെ ശശീന്ദ്രന് എം.എല്‍.എ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."