വിവാദ ഭീകരവിരുദ്ധ നിയമം രാഷ്ട്രപതി അംഗീകരിച്ചു
ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി മൂന്നുതവണ മടക്കി അയച്ച വിവാദ ഗുജറാത്ത് ഭീകരവിരുദ്ധ നിയമം (ജിക്ടോക്) രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകരിച്ചു. സംശയമുള്ള ആരുടെയും ടെലിഫോണ്‍ ചോര്‍ത്താന്‍ പൊലിസിന് അനുവാദം നല്‍കുന്നതുള്‍പ്പെടെയുള്ള വ്യവസ്ഥകളടങ്ങിയ ബില്ലിനാണ് ഇന്നലെ രാഷ്ട്രപതി ഭവന്‍ അനുമതി നല്‍കിയത്.
ഗുജറാത്ത് ആഭ്യന്തരമന്ത്രി പ്രതീപ് സിന്‍ഹ് ജഡേജയാണ് ബില്ല് പ്രാബല്യത്തില്‍ വന്നതായി അറിയിച്ചത്. പ്രണബ് തള്ളിയ ബില്ല് പേരുമാറ്റം ഉള്‍പ്പെടെ നിസാര ഭേദഗതിയോടെ നാലാമതും രാഷ്ട്രപതിയുടെ അംഗീകാരത്തിന് അയച്ചിരുന്നു. 2016ല്‍ പ്രണബ് ബില്ല് തിരിച്ചയക്കുമ്പോള്‍ ഗുജറാത്ത് സംഘടിത കുറ്റകൃത്യം തടയല്‍ നിയമം (ഗുജ്‌കോക്) എന്നായിരുന്നു ബില്ലിന്റെ പേര്.
സംശയിക്കപ്പെടുന്നവരുടെ ടെലിഫോണ്‍ സംഭാഷണങ്ങള്‍ പൊലിസിന് ചോര്‍ത്താനും അതു തെളിവായി കോടതിയില്‍ സമര്‍പ്പിക്കാമെന്നുമാണ് പുതിയ നിയത്തിലെ പ്രധാന വ്യവസ്ഥ. പൊലിസ് കസ്റ്റഡിയിലിരിക്കെ പ്രതി നല്‍കുന്ന മൊഴി തെളിവായി സ്വീകരിക്കും, അന്വേഷണ ഏജന്‍സികള്‍ക്ക് കുറ്റപത്രം സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം ലഭിക്കും, കുറ്റം ആരോപിക്കപെടുന്നവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാം, കുറ്റപത്രം തയ്യാറാക്കാതെ 180 ദിവസം വരെ ആരോപണവിധേയരെ കസ്റ്റഡിയില്‍ വയ്ക്കാം എന്നീ വകുപ്പുകളാണ് ഗുജ്‌കോക്കിനെ വിവാദമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."