പൊതുമാര്‍ക്കറ്റില്‍ ശൗചാലയം നിര്‍മിച്ചതില്‍ അഴിമതിയെന്ന് ആക്ഷേപം
കല്ലമ്പലം: വര്‍ക്കല ഇടവ പഞ്ചായത്തിലെ വെണ്‍കുളം പൊതുമാര്‍ക്കറ്റില്‍ പുതുതായി നിര്‍മിച്ച രണ്ട് ശൗചാലയങ്ങള്‍ക്ക് ചെലവ് മൂന്ന് ലക്ഷം രൂപ. കോഴിക്കൂട് പോലുള്ളതും സാധാരണ സൗകര്യങ്ങള്‍ മാത്രമുള്ളതുമായ ശൗചാലയത്തിന് ചെലവായ തുക കണ്ട് ഞെട്ടിരിയിക്കുകയാണ് നാട്ടുകാര്‍.
നിര്‍മാണം പൂര്‍ത്തിയായെങ്കിലും ശൗചാലയങ്ങള്‍ ഉപേക്ഷിക്കപ്പെട്ട നിലയിലുമാണ്. ഇടവ പഞ്ചായത്തിന്റെ 2017-18 വാര്‍ഷിക പദ്ധതി പ്രകാരമാണ് പഞ്ചായത്തില്‍ ആകെയുള്ള പൊതുമാര്‍ക്കറ്റായ വെണ്‍കുളത്ത് ടോയ്‌ലെറ്റ് ബ്ലോക്ക് നിര്‍മിച്ചത്. മൂന്ന് ലക്ഷം രൂപയാണ് അടങ്കല്‍ തുക. പദ്ധതി പ്രകാരം ശൗചാലയ നിര്‍മാണം പൂര്‍ത്തിയാക്കി രണ്ടുമാസം കഴിഞ്ഞെങ്കിലും പ്രവര്‍ത്തിപ്പിക്കാനയിട്ടില്ല. 10 അടി നീളവും അഞ്ചടിയോളം വീതിയുമുള്ളതാണ് പുതിയ ടോയ്‌ലെറ്റ് ബ്ലോക്ക്. നാല് ഇഞ്ച് കനമുള്ള താലൂക്ക് ഉപയോഗിച്ചാണ് നിര്‍മിതി. അകവും പുറവും സിമന്റ് പ്ലാസ്റ്ററിങ്ങ് നടത്തി പെയിന്റടിക്കുകയും ചെയ്തിട്ടുണ്ട്.
ഓരോ വാട്ടര്‍ടാപ്പും സാധാരണ നിലയിലുള്ള ക്ലോസൈറ്റുമാണ് ഉള്ളില്‍ സ്ഥാപിച്ചിട്ടുള്ളത്. ഫൈബര്‍ വാതിലുകളും പിടിപ്പിച്ചിട്ടുണ്ട്. അകത്ത് ടൈലും മുന്‍വശത്ത് അല്‍പം സ്ഥലത്ത് തറയോടുകളും വിരിച്ചിട്ടുണ്ട്. കഷ്ടിച്ച് നാല് ഇഞ്ച് കനമുള്ള കോണ്‍ക്രീറ്റ് മേല്‍ക്കൂരയുടെ മുകളില്‍ വാട്ടര്‍ ടാങ്കും സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ വാട്ടര്‍ കണക്ഷന്‍ ഇതുവരെയും ലഭിച്ചിട്ടില്ല. വാട്ടര്‍ കണക്ഷനുവേണ്ടി പഞ്ചായത്ത് അധികൃതര്‍ വാട്ടര്‍ അതോറിറ്റിക്ക് അപേക്ഷ നല്‍കിയിട്ടുമില്ല. കരാറുകാരന് ബില്‍ തുക നല്‍കിയതായും സൂചനയുണ്ട്. മാസങ്ങളായി ശൗചാലയങ്ങള്‍ അടഞ്ഞു തന്നെ കിടക്കുകയാണ്. വാതിലുകള്‍ക്ക് പൂട്ട് ഇല്ലാത്തതിനാല്‍ വെള്ളം ഇല്ലാതിരുന്നിട്ടും സാമൂഹിക വിരുദ്ധര്‍ ശൗചാലയങ്ങള്‍ ഉപയോഗിക്കുന്നുണ്ട്.
ഇതോടെ അവ വൃത്തിഹീനമായ അവസ്ഥയിലാണ്. മാര്‍ക്കറ്റിലെത്തുന്നവര്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനാണ് ശൗചാലയങ്ങള്‍ സ്ഥാപിച്ചത്. എന്നാലിപ്പോള്‍ മാര്‍ക്കറ്റിന് മുന്നിലെ ദുര്‍ഗന്ധം വമിക്കുന്ന കാഴ്ച വസ്തുവായി ശൗചാലയം മാറിയിരിക്കുകയാണ്. പരിസര വാസികള്‍ പരാതി ഉന്നയിച്ചിട്ടും അധികൃതര്‍ക്ക് കുലുക്കമൊന്നുമില്ല. ശൗചാലയത്തിന്റെ ഭിത്തിയില്‍ രേഖപ്പെടുത്തിയിരിക്കുന്ന അടങ്കല്‍ തുക മൂന്ന് ലക്ഷം എന്നത് വായിച്ച് നാട്ടുകാരും മാര്‍ക്കറ്റിലെത്തുന്നവരും വായ് പൊളിച്ച് നില്‍ക്കുന്നത് നിത്യേന കാഴ്ചയാണ്.
വീടില്ലാത്തവര്‍ക്ക് ഭവന പദ്ധതി പ്രകാരം സര്‍ക്കാര്‍ നല്‍കുന്നത് നാല് ലക്ഷം രൂപ മാത്രമാണ്. ഈ തുക ഉപയോഗിച്ച് 400 ചതുരശ്ര അടിയുള്ള കോണ്‍ക്രീറ്റ് വീട് നിര്‍മിക്കുകയും വേണം. പഞ്ചായത്തിലെ പ്രതിപക്ഷം ഈ വിഷയം ചൂണ്ടികാട്ടി പ്രചാരണത്തിനിറങ്ങുമെന്നും പരാതിയുമായി ബന്ധപ്പെട്ടവരെ സമീപിക്കുമെന്നും സൂചനയുണ്ട്. നിര്‍മാണത്തില്‍ അഴിമതി നടന്നതായും ആക്ഷേപമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."