ആളും ആരവങ്ങളും കുറഞ്ഞു; സഊദിയില്‍ പാര്‍പ്പിട വാടക കുറയുന്നു
ജിദ്ദ: സഊദിയില്‍ വിദേശികളുടെ കൊഴിഞ്ഞ് പോക്ക് മൂലം പാര്‍പ്പിട വാടക കുത്തനെ കുറയുന്നതായി റിപ്പോര്‍ട്ട്. 19 ലക്ഷം വിദേശികള്‍ തൊഴില്‍ പ്രതിസന്ധിമൂലം രാജ്യം വിട്ടു. അല്‍ റിയാദ് ക്യാപിറ്റല്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മൂന്നു വര്‍ഷത്തിനിടെ പാര്‍പ്പിട വാടക 14 ശതമാനം തോതില്‍ കുറഞ്ഞു.
കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം മൊത്തം ആഭ്യന്തരോല്‍പാദനത്തില്‍ റിയല്‍ എസ്‌റ്റേറ്റ് മേഖലയുടെ സംഭാവന 5.2 ശതമാനമാണ്. ഭൂരിഭാഗം ലോക രാജ്യങ്ങളിലും ഇത് ഏഴു മുതല്‍ പതിമൂന്നു ശതമാനം വരെയാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ മൊത്തം ആഭ്യന്തരോല്‍പാദനത്തില്‍ 11.5 ശതമാനമാണ് റിയല്‍ എസ്‌റ്റേറ്റ് മേഖലയുടെ ശരാശരി സംഭാവന.
2009 മുതല്‍ 2015 വരെയുള്ള കാലത്ത് സഊദിയില്‍ പാര്‍പ്പിട വാടക 58 ശതമാനം തോതില്‍ വര്‍ധിച്ചിരുന്നു. 2011 മുതല്‍ 2013 വരെയുള്ള കാലത്ത് പാര്‍പ്പിട വാടക വര്‍ധന മന്ദഗതിയിലായിരുന്നു. ശേഷിക്കുന്ന വര്‍ഷങ്ങളില്‍ പാര്‍പ്പിട വാടക വലിയ തോതില്‍ വര്‍ധിച്ചു.
സഊദിയില്‍ റിയല്‍ എസ്‌റ്റേറ്റ് വിപണിയുടെ ആകെ ശേഷി 5000 കോടി റിയാലാണ്. സഊദി ഓഹരി വിപണിയുടെ ആകെ ശേഷി 2000 കോടി റിയാലാണ്. റിയല്‍ എസ്‌റ്റേറ്റ് വിപണിയില്‍ ഈ വര്‍ഷം ആദ്യ പകുതിയില്‍ 19 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. 2014 മുതല്‍ റിയല്‍ എസ്‌റ്റേറ്റ് വിപണിയില്‍ 26 ശതമാനം ഇടിവ് രേഖപ്പെടുത്തിയിരുന്നു.
2014 ലാണ് റിയല്‍ എസ്‌റ്റേറ്റ് വിപണിയില്‍ ഏറ്റവും കൂടുതല്‍ ഇടപാടുകള്‍ നടന്നത്. ആ കൊല്ലം 44,000 കോടി റിയാലിന്റെ ഇടപാടുകള്‍ നടന്നു. കഴിഞ്ഞ കൊല്ലം 14,300 കോടി റിയാലിന്റെ ഇടപാടുകളാണ് നടന്നത്. ഈ വര്‍ഷം രണ്ടു ലക്ഷം പാര്‍പ്പിട, വായ്പാ ഉല്‍പന്നങ്ങള്‍ വിതരണം ചെയ്യപ്പെടുമെന്നാണ് കരുതുന്നത്. റിയല്‍ എസ്‌റ്റേറ്റ് ഫണ്ടില്‍ വായ്പാ അപേക്ഷകരുടെ വെയ്റ്റിംഗ് ലിസ്റ്റ് അടുത്ത വര്‍ഷത്തോടെ ഇല്ലാതാവും.
നിലവില്‍ പാര്‍പ്പിട കാര്യ മന്ത്രാലയത്തിനു കീഴില്‍ 50 പദ്ധതികള്‍ നടപ്പാക്കി വരികയാണ്. ഈ പദ്ധതികളില്‍ ആകെ 1,22,000 പാര്‍പ്പിട യൂനിറ്റുകളാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."