ആള്‍ത്താമസമില്ലാത്ത വീട്ടില്‍ അഗ്നിബാധ: മോഷണശ്രമത്തിനിടെ കത്തിച്ചതാണെന്നു നിഗമനം
വടക്കാഞ്ചേരി: ചാവക്കാട് - വടക്കാഞ്ചേരി സംസ്ഥാന പാതയില്‍ കാഞ്ഞിരക്കോട് പാലാ ബസ്‌സ്റ്റോപ്പിനു സമീപം ആളൊഴിഞ്ഞ വീട്ടില്‍ കഴിഞ്ഞ ദിവസം നടന്ന അഗ്നിബാധയുടെ പിറകില്‍ മോഷ്ടാക്കളാണെന്നു പൊലിസ് വിലയിരുത്തല്‍. പുറത്തൂര്‍ ഗിരിജാവല്ലഭന്റെ വീട്ടിലാണു കഴിഞ്ഞ ദിവസം തീ പടര്‍ന്നു പിടിച്ചത്. വീടിന്റെ പുറകു വശത്തെ വാതില്‍ കുത്തിത്തുറന്ന നിലയില്‍ കണ്ടെത്തിയത് ദുരൂഹതയ്ക്ക് ഇടയാക്കിയിരുന്നു. ഗിരിജാവല്ലഭനും കുടുംബവും ഒന്നരമാസമായി ബംഗളൂരുവിലാണു താമസം. ഇന്നലെ കാലത്ത് വടക്കാഞ്ചേരി എസ്.ഐ കെ.സി രതീഷിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണു മോഷണം സ്ഥിരീകരിച്ചത്. വീടിനുള്ളിലെ സാധന സാമഗ്രികളെല്ലാം വാരിവലിച്ചിട്ട നിലയിലാണ്. വ്യാപക തിരച്ചില്‍ നടന്നതായാണ് ഇതു തെളിയിക്കുന്നത്. ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍, വില പിടിപ്പുള്ള വാച്ചുകള്‍ നഷ്ടപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ വിലപിടിപ്പുള്ള സാധന സാമഗ്രികള്‍ ലഭിക്കാത്തതിനാല്‍ മോഷ്ടാക്കള്‍ തീയിട്ട് മടങ്ങിയതാകുമെന്ന നിഗമനത്തിലാണു പൊലിസ്. വീടിനുള്ളിലുണ്ടായിരുന്ന കംപ്യൂട്ടര്‍, ടി.വി, ഫാന്‍, തുണികള്‍ തുടങ്ങിയവ ഉള്‍പ്പെടെ മുഴുവന്‍ സാധനങ്ങളും അഗ്നിക്കിരയായിട്ടുണ്ട്. വിരലടയാള വിദഗ്ധരായ കെ.എസ് ദിനേശന്‍, കെ.പി ബാലകൃഷ്ണന്‍, റിനി തോമാസ് എന്നിവരുടെ നേതൃത്വത്തില്‍ തെളിവുകള്‍ ശേഖരിച്ചു. സമഗ്ര അന്വേഷണം ആരംഭിച്ചതായി പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."