അതിര്‍ത്തി കടന്നെത്തിയ ഡ്രോണ്‍ വീഴ്ത്തി ഇറാന്
തെഹ്റാന്: പശ്ചിമേഷ്യയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നതിനിടെ വീണ്ടും വിദേശ ഡ്രോണ്‍ വീഴ്ത്തി ഇറാന്. തുറമുഖനഗരമായ മഹ്ശറില്‍ ഇന്നലെ രാവിലെയാണ് സംഭവം.
മിസൈല്‍ വിട്ടു വീഴ്ത്തിയ ഡ്രോണ്‍ വിദേശരാജ്യത്തിന്റേതാണെന്ന് വ്യക്തമാക്കിയ ഇറാന് വ്യോമസേന ഡ്രോണ്‍ സൈനിക വിമാനമാണോ വാണിജ്യ ആവശ്യങ്ങള്ക്കുള്ളതാണോ എന്നു വ്യക്തമാക്കിയില്ല.
അതേസമയം തകര്‍ന്ന ആളില്ലാവിമാനത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയതായും അവ പരിശോധിച്ചുവരുകയാണെന്നും ഖുസിസ്താന് പ്രവിശ്യാ ഗവര്‍ണര്‍ ഗുലാം റാസ ശരീഅത്തി പറഞ്ഞു.
ഇറാന് അതിര്‍ത്തി കടന്നെത്തിയ ഡ്രോണ്‍ തദ്ദേശ നിര്‍മിതമായ ഉപരിതല-വായു മിസൈലായ മിര്‍ഷാദ് ഉപയോഗിച്ച് വീഴ്ത്തുകയായിരുന്നെന്ന് വാര്‍ത്താ ഏജന്‍സിയായ തസ്നീം അറിയിച്ചു.
ഇമാം ഖുമേനി തുറമുഖനഗരത്തിലെ ആളുകള്‍ വെള്ളിയാഴ്ച രാവിലെ മിസൈല്‍ പറക്കുന്നത് കണ്ടതായി അറബ് ടി.വി റിപ്പോര്‍ട്ട് ചെയ്തു.
ജൂണില്‍ യു.എസിന്റെ നിരീക്ഷണഡ്രോണ് ഇറാന്‍സേന വെടിവച്ചിട്ടിരുന്നു. ഇറാന്റെ വ്യോമപരിധി ലംഘിച്ചതിനെ തുടര്‍ന്നാണ് വീഴ്ത്തിയതെന്ന് ഇറാന് പറഞ്ഞപ്പോള്‍ ഹൊര്‍മുസ് കടലിടുക്കിനു മുകളില്‍ അന്താരാഷ്ട്ര വ്യോമമാര്‍ഗത്തിലൂടെ പറക്കുന്ന ആളില്ലാവിമാനമാണ് വീഴ്ത്തിയതെന്ന് യു.എസ് ആരോപിച്ചു. ഇതേത്തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുടലെടുത്ത വാക് പോര് യുദ്ധത്തിന്റെ അടുത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."