വറ്റാത്ത പുഴയിലെ നിറപ്പാടുകള്‍
മുത്ത്മുഹമ്മദ് നബി,
സ്വല്ലല്ലാഹു അലാ മുഹമ്മദ്, സ്വല്ലല്ലാഹു അലൈഹി വസല്ലം. കാലത്തിന്റെ നിര്‍ജീവങ്ങളായ ഉത്തരങ്ങളെ എല്ലാ കാലത്തും കാലഹരണപ്പെടുത്തുവാന്‍ നിയോഗിക്കപ്പെട്ട് റബ്ബിന്റെ റസൂല്‍. ഒരു പൂന്തോട്ടത്തിലേക്ക് ഖല്‍ബിന്റെ നനവോടെ വിതറപ്പെട്ട നിറപ്പകിട്ടാര്‍ന്ന ഒരു പിടി വിത്തുകള്‍. അത് മഴയായും നിലാവായും ഇളംചൂടായും മനുഷ്യജീവിതത്തില്‍ അലിഞ്ഞുചേരവേ തന്നെ, ഒരു കുടക്കീഴിനുള്ളില്‍ ആത്മാവിന്റെയും ആത്മ നൊമ്പരത്തിന്റെയും ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും തത്വശാസ്ത്രത്തിന്റെയും ധാര്‍മ്മിക ബോധത്തിന്റെയും രാഷ്ട്രീയത്തിന്റെയും സാമൂഹികതയുടെയും കാരുണ്യത്തിന്റെയും പ്രകാശം ലോകത്ത് പരക്കപ്പെട്ടു.
യാ അല്ലാഹ് നിന്റെ മുന്നിലെ സുജൂദല്ലോ പ്രവാചകര്‍. നിറവാര്‍ന്ന നിയ്യത്ത്. തനിമയാര്‍ന്ന ഇബാദത്ത്. മൊഹബ്ബത്തിന്റെ ഇമ്പമാര്‍ന്ന ഇന്നും ജീവിക്കുന്ന ആള്‍രൂപം. അല്ലയോ പ്രവാചകരേ... അങ്ങില്ലായിരുന്നുവെങ്കില്‍ ഏതു വഴിയിലൂടെ ഞങ്ങള്‍ റബ്ബിലേക്കണയുമായിരുന്നു? അകലുംതോറും അടുക്കുന്ന ചുറ്റും സ്‌നേഹമായി നിറയുന്ന ഒരു ഇടവഴി തന്നെ റസൂല്‍ ഇസ്‌ലാമില്‍.
വലിയവരെ ആദരിക്കണമെന്നും ചെറിയവരോട് കരുണ കാണിക്കണമെന്നും നല്ലത് കല്‍പ്പിച്ച് ചീത്ത വിരോധിക്കണമെന്നും സ്ത്രീകളുടെ അവകാശങ്ങളും ആലംബഹീനരുടെ നിലനില്‍പ്പും നിര്‍വ്വഹിക്കപ്പെടണമെന്നും പറഞ്ഞ മുഹമ്മദ് നബി. ഹൃദയങ്ങള്‍ യോജിച്ചിരിക്കുമ്പോള്‍ വിശുദ്ധ ഖുര്‍ആന്‍ ഓതുവാനും ഭിന്നിച്ച് പോയാല്‍ എഴുന്നേറ്റ് പോകുവാനും നിര്‍ദേശിച്ച പ്രവാചകന്‍. സാമൂഹിക പരിഷ്‌കരണത്തിന് ശേഷം രാഷ്ട്രത്തെപ്പറ്റിയും രാഷ്ട്രീയത്തെപ്പറ്റിയും സമുദായത്തെപ്പറ്റിയും ചിന്തിച്ച റസൂല്‍. സമം എന്ന് ലോകത്തു വയ്ക്കാന്‍ മറ്റൊന്നില്ലാത്ത ഒറ്റമരക്കാട്. ആവശ്യം കഴിച്ച് ബാക്കിയുള്ളത് ദാനം ചെയ്യാനും അല്ലാഹുവില്‍ സൂക്ഷ്മതയുള്ളവരായിരിക്കാനും ആഹാരം തേടുന്നതില്‍ മിതത്വം പാലിക്കാനും സാധുവായി ജീവിച്ച് മരിക്കാനും ലാളിത്യം മനോഹരമാണെന്നും പുഷ്പംപോലെ ചടുലമാണെന്നും നമ്മളെ പഠിപ്പിച്ച റസൂല്‍. നമ്മുടെ ഇടയില്‍ എത്ര ബാക്കിയുണ്ട് എന്ന അന്വേഷണമാണ് മുഹമ്മദ് നബിയുടെ ഓര്‍മകള്‍ നല്‍കേണ്ടത്. ഇസ്‌ലാമിന്റെ ആത്മാവാണ് റസൂല്‍. പടച്ചവന് മുന്നിലെ സുജൂദിന്റെ നട്ടെല്ലാണ് ഇസ്‌ലാമിലെ രാഷ്ട്രീയം. ആ സുജൂദിന്റെ വീണ്ടെടുപ്പ് ആത്മാര്‍ഥമായ ത്യാഗത്തിന്റെ വീണ്ടെടുപ്പ് ഒന്നു മാത്രമാണ് ഇസ്‌ലാമിന് ആധുനിക ഇന്ത്യയുടെ മുന്‍പില്‍ വക്കാനുള്ളത്. പ്രവാചകനില്‍ തുടങ്ങി പ്രവാചകനില്‍ അവസാനിക്കുന്നതാണ് ഭാരതം നേരിടുന്ന വര്‍ത്തമാന കാല സാമൂഹിക പ്രതിസന്ധികളും.
മുഹമ്മദ് എന്ന സ്വത്വത്തിന്റെ (സുഗന്ധം) വീണ്ടെടുപ്പ് ദീനിന്റെ ആകെയുള്ള വീണ്ടെടുപ്പാവുകയും ഇസ്‌ലാമിന്റെ ജീവശാസ്ത്രപരമായ ഉണര്‍വ്വ് മുസ്‌ലിംകളുടേയും ചുറ്റുപാടിന്റേയും ഉണര്‍വ്വായി മാറുകയും ചെയ്യും. സാഹോദര്യവും സമാധാനവും മതേതരത്വവും ഇസ്‌ലാമിനോളം മുന്നോട്ടുവയ്ക്കാന്‍ ജ്ഞാനശാസ്ത്രപരമായും തത്വശാസ്ത്രപരമായും വിശ്വാസപരമായും മറ്റൊന്നിനുമാവില്ല. ഈ പ്രവാചക ജീവിതം ഇസ്‌ലാമിന്റെ പുനര്‍ വായനയും വീണ്ടെടുപ്പും ആവശ്യപ്പെടുന്നു. ചട്ടക്കൂട്, പ്രതിലോമപരത തുടങ്ങിയ അര്‍ഥങ്ങളില്‍ ഉപയോഗിച്ച് യാന്ത്രികവല്‍ക്കരിക്കപ്പെട്ട മതം എന്ന നിര്‍ജീവത സ്വയം പൊളിക്കപ്പെട്ട് ആധുനിക പുരോഗമന നാട്യങ്ങളെ തട്ടിത്തെറിപ്പിച്ച് ഒരു അവസ്ഥ എന്ന നിലയിലേക്ക്, സമ്പൂര്‍ണ്ണ നീതിശാസ്ത്രം എന്ന നിലയിലേക്ക് ഇസ്‌ലാം ലോകത്ത് ഒന്നും നഷ്ടപ്പെടുത്താതെ തന്നെ പുതിയ കാല്‍വയ്പ്പുകള്‍ നടത്തുന്നു. ഏതു കൊടുങ്കാറ്റത്തും വളഞ്ഞുകൊടുക്കുന്ന ചെറിയ ചെടിയാണ് ഇസ്‌ലാം.
പടച്ചവന്റെ പൂന്തോട്ടത്തിലേക്ക് ത്യാഗം, കാരുണ്യം, സ്‌നേഹം, ക്ഷമ, മൗനം, നീതിബോധം, ആത്മശുദ്ധി എന്നു തുടങ്ങി ഒക്കെയും വിതറപ്പെട്ടത് റസൂലിലൂടെയാണ്. മനം കുളിരുന്ന പുണ്യഭൂമിയില്‍ ഒരു കവിത വായിക്കുന്നതു പോലെയാണ് റസൂല്‍, മനസിനടിത്തട്ടില്‍ ഒരു പുഴ ഒഴുകുന്നതു പോലെയാണ്. അതുകൊണ്ടു തന്നെ നബിചര്യ മുറുകെ പിടിച്ചല്ലാതെ ഇസ്‌ലാമില്‍ മറ്റൊരു വഴിയില്ല. ഒന്നും സാധ്യവുമല്ല. നബിചര്യയുടെ അകക്കാമ്പ് ഉള്‍ക്കൊള്ളുമ്പോഴാണ് ഇസ്‌ലാമിക വ്യക്തിത്വങ്ങളില്‍ വിശ്വാസം തിളങ്ങുന്നത്. തിളക്കമാര്‍ന്ന വിശ്വാസത്തിനേ രാഷ്ട്രീയസ്ഥാനമുള്ളൂ. സ്വയം പൊളിഞ്ഞുകൊണ്ടും തകര്‍ന്നുകൊണ്ടും മുഹമ്മദ് നബിയിലൂടെ നിങ്ങള്‍ തെളിമയാര്‍ന്ന ഒരു വഴിയിലെത്തും. വെളിച്ചവും അകംപൊരുളുള്ളതുമായ ഒരാളായി നിങ്ങള്‍ മാറും. ഇസ്‌ലാമില്‍ വിപ്ലവം ആത്മീയതയാണ്. യാ.. ഇലാഹീ.. നിന്റെ മുന്നിലെ സുജൂദിനേക്കാള്‍ വലിയ വിപ്ലവം ഉണ്ടായിട്ടുണ്ടോ? ഇനി ഉണ്ടാകാനിടയുണ്ടോ?
റബ്ബിനെ സമ്പുഷ്ടമാക്കുന്ന, റബ്ബ് കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന, റബ്ബിനോട് നന്ദിയുള്ള പ്രാര്‍ഥനകള്‍, കര്‍മങ്ങള്‍ എല്ലാം നിങ്ങളെ സ്വതന്ത്രനാക്കുന്നു. ഇസ്‌ലാം സമ്പൂര്‍ണമായ സ്വാതന്ത്ര്യമാണ്. ഒരു സങ്കീര്‍ണമായ വഴി. അസാധാരണമായ ഈ വഴി തന്നെ മുഹമ്മദ് നബി എന്ന വിശ്വ മാനവിക വ്യക്തിത്വം. ഇസ്‌ലാം ഒരു വിമോചക പ്രത്യശാസ്ത്രമാവുന്നത് റബ്ബിന്റെ മുന്നിലെ അനുസരണത്തിലും നബിചര്യയുടെ പൂര്‍ത്തീകരണത്തിലുമാണ്. സമുദായം ആകെത്തന്നെയും സുജൂദിന്റെ വേരില്‍ നിന്നും നബിയെ വീണ്ടെടുക്കണം.
ആ വീണ്ടെടുപ്പ്, ലളിതമായ ജീവിതത്തിലേക്കുള്ള തുടര്‍ച്ചയാവണം. മുറതെറ്റാതെ നിറവാര്‍ന്ന നിസ്‌കാരങ്ങളാവണം, കയ്യഴിയുന്ന സക്കാത്താവണം, ത്യാഗനിര്‍ഭരമായ ഹജ്ജാവണം. പുഞ്ചിരിപോലും ഒരു ദാനധര്‍മമാണെന്നു വിട്ടുപോവാത്ത ഒരു ജീവിതമാണ് നബിയെ ഓര്‍ക്കുമ്പോള്‍ നമുക്ക് പകരം കൊടുക്കാനുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."