യൂത്ത്‌ലീഗ് യുവജനയാത്രക്ക് ക്ഷേത്രാങ്കണത്തില്‍ വരവേല്‍പ്പ്
ഉദുമ(കാസര്‍കോട്): മുസ്‌ലിംയൂത്ത് ലീഗ് യുവജനയാത്രാ നായകന്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ക്ഷേത്രാങ്കണത്തില്‍ വരവേല്‍പ്പ്. തൃക്കണ്ണാട് ത്രയമ്പകേശ്വര ക്ഷേത്രത്തിലാണ് ഭാരവാഹികളും ഭക്തജനങ്ങളും ചേര്‍ന്ന് തങ്ങളെ വരവേറ്റത്. ഇന്നലെ രാവിലെ ഉദുമയില്‍ നിന്നും പ്രയാണം ആരംഭിച്ച യാത്ര പള്ളിക്കരയിലേക്കു നീങ്ങും വഴിയാണ് ക്ഷേത്രാങ്കണത്തില്‍ സ്വീകരണം നല്‍കിയത്.
കടന്നു പോയ വഴികളില്‍ ആവേശം വിതറിയ യാത്രയില്‍ നൂറുകണക്കിന് യുവാക്കളാണ് അണിനിരന്നത്. സംഘ്പരിവാര്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കെതിരേ ദേശീയ തലത്തില്‍ രൂപപ്പെടുന്ന മതേതര ഐക്യത്തിന് കരുത്ത് പകരുകയാണ് വര്‍ഗീയ മുക്ത ഭാരതം, അക്രമ രഹിത കേരളം എന്ന പ്രമേയത്തില്‍ നടത്തുന്ന യാത്രയുടെ ലക്ഷ്യമെന്ന് ജാഥാ നായകന്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. രാജ്യം ആകുലപ്പെടുന്ന ഘട്ടങ്ങളിലെല്ലാം ആശ്വാസത്തുരുത്തായി നിന്ന പ്രദേശമാണ് കേരളം. പുതിയ വെല്ലുവിളികള്‍ക്ക് മുന്നിലും മതേതരത്വവും സൗഹാര്‍ദവും ശക്തിപ്പെടുത്തി കേരളം മാതൃകയാകണമെന്ന് അദ്ദേഹം പറഞ്ഞു.
യാത്രക്ക് വിവിധ കേന്ദ്രങ്ങളില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു തങ്ങള്‍. ഉദുമയില്‍ മുസ്‌ലിം യൂത്ത്‌ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍ ഉദ്ഘാടനം ചെയ്തു.
ഇന്നലെ രാവിലെ ഉദുമയില്‍ നിന്നാരംഭിച്ച യാത്ര പള്ളിക്കര കല്ലിങ്കാലിലെ സ്വീകരണത്തിന് ശേഷം കാഞ്ഞങ്ങാട് പുതിയ കോട്ടയില്‍ മഹാ സമ്മേളനത്തോടെ സമാപിച്ചു.
കാസര്‍കോട് ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കിയ യാത്ര ഇന്ന് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."