പൊലിസ് അനാസ്ഥ:മൃതദേഹം അനാഥമായി കിടന്നത് നാലര മണിക്കൂര്‍
ഗാന്ധിനഗര്‍: അപകടത്തില്‍ മരിച്ച യുവാവിന്റെ മൃതദേഹം പൊലിസിന്റെ അനാസ്ഥയെ തുടര്‍ന്ന് അനാഥമായി കിടന്നത് നാലര മണിക്കൂര്‍.
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് കഴിഞ്ഞ ദിവസം മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റാനാവാതെ ബന്ധുക്കള്‍ കുഴങ്ങിയത്.
കഴിഞ്ഞ ഏഴിന് രാത്രി കാഞ്ഞിരപ്പള്ളി തമ്പലക്കാട് ബൈക്കും ലോറിയും ഇടിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലിരിക്കെ മരണമടഞ്ഞ എലിക്കുളം വട്ടശേരി സുരേഷിന്റെ മൃതദേഹമാണ് ഇപ്രകാരം അനാദരിക്കപ്പെട്ടത്.
പരുക്കേറ്റ സുരേഷിനെ ആദ്യം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പിന്നീട് ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകിട്ട് സുരേഷ് മരണത്തിന് കീഴടങ്ങി. പോസ്റ്റ് മോര്‍ട്ടത്തിന് മുമ്പ് ഇന്‍ക്വസ്റ്റ് നടത്തേണ്ട ചുമതല കാഞ്ഞിരപ്പള്ളി പൊലിസിനായിരുന്നു.
മരണം നടന്നത് വൈകിട്ടായതിനാല്‍ പോസ്റ്റ്‌മോര്‍ട്ടം വെള്ളിയാഴ്ചയേ നടക്കു എന്നതിനാല്‍ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കണമെന്ന അപേക്ഷ കാഞ്ഞിരപ്പള്ളി പൊലിസ് നേരിട്ടെത്തി ആശുപത്രി അധികൃതര്‍ക്ക് കൈമാറണമായിരുന്നു. എന്നാല്‍ എസ്.ഐയുടെ കത്ത് പൊലിസ് ബന്ധുക്കളുടെ കൈയില്‍ കൊടുത്തു വിടുകയായിരുന്നു.
പൊലിസിന് പകരം ബന്ധുക്കള്‍ കത്ത് നല്‍കിയത് സ്വീകരിക്കാന്‍ നിയമപരമായി ആശുപത്രി അധികൃതര്‍ക്ക് കഴിയാതെ വന്നതോടെ മൃതദേഹം ആംബുലന്‍സില്‍ നിന്നിറക്കാന്‍ കഴിയാതെ ബന്ധുക്കള്‍ ബുദ്ധിമുട്ടിലായി.
ഏഴ് മണിക്ക് ആശുപത്രിയിലെത്തിയ മൃതദേഹം പിന്നീട് കാഞ്ഞിരപ്പള്ളിയില്‍ നിന്ന് പൊലിസ് എത്തി മോര്‍ച്ചറിയിലേക്ക് മാറ്റിയപ്പോള്‍ സമയം രാത്രി പതിനൊന്നര. വെള്ളിയാഴ്ച പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
തുടര്‍ന്ന് വീട്ടുവളപ്പില്‍ സംസ് കരിച്ചു. രമാദേവിയാണ് ഭാര്യ. ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളജ് വിദ്യാര്‍ഥിനി ദിവ്യ എസ് നായര്‍ ഏകമകളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."