ഗുരുദ്വാരകളില്‍ താമസം, ഭക്ഷണവും വെള്ളവും നല്‍കി എ.എ.പി
ന്യൂഡല്‍ഹി: അവകാശങ്ങള്‍ ചോദിച്ച് കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്നായി രാജ്യതലസ്ഥാനത്തെത്തിയ കര്‍ഷകരെ ആതിഥ്യമര്യാദയോടെ സ്വീകരിച്ച് ഡല്‍ഹി. മാര്‍ച്ചിനായി ബുധനാഴ്ച രാത്രിയും വ്യാഴ്യാഴ്ച രാവിലെയും തന്നെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ ഡല്‍ഹിയിലെത്തിയിരുന്നു. ഇവര്‍ക്കായി സമരസിരാകേന്ദ്രമായ രാംലീലാ മൈതാനിയില്‍ പ്രത്യക ടെന്റുകളാണ് ഒരുക്കിയത്. എന്നാല്‍, ഡല്‍ഹിയിലെ ഈ തണുപ്പ് കാലത്ത് അവകാശം ചോദിച്ചെത്തിയ കര്‍ഷകരെ തങ്ങളുടെ സ്ഥാപനങ്ങളിലേക്കു ക്ഷണിക്കുകയായിരുന്നു രാജ്യതലസ്ഥാനത്തെ സിഖ് ഗുരുദ്വാരാ കമ്മിറ്റികള്‍. പാര്‍ലമെന്റ് സ്ട്രീറ്റിനടുത്തുള്ള ബന്‍ഗ്ലാ സാഹിബ് ഗുരുദ്വാര, സിസ്ഗഞ്ച് സാഹിബ്, റകബ്ഗഞ്ച്, ബാപ് സാഹിബ്, മഞ്ചു കാ തില എന്നീ സിഖ് ആരാധനാലയങ്ങളില്‍ നൂറുകണക്കിനു കര്‍ഷകര്‍ അന്തിയുറങ്ങി. ഇവിടെ നിന്ന് ചായയും പ്രാതലും കഴിച്ചാണ് ഇവര്‍ രാംലീലാ മൈതാനിയിലെത്തിയത്.
മാര്‍ച്ചിനെത്തിയവര്‍ക്ക് പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാനുള്ള സൗകര്യങ്ങള്‍ ഡല്‍ഹി ഭരിക്കുന്ന എ.എ.പി സര്‍ക്കാരും ഒരുക്കി. ഇതിനായി രാംലീലാ മൈതാനിയിലും റാലി സമാപിച്ച പാര്‍ലമെന്റ് സ്ട്രീറ്റിലും സഞ്ചരിക്കുന്ന ടോയ്‌ലറ്റുകള്‍ സ്ഥാപിച്ചു. ഡല്‍ഹിയിലെ വിവിധ ആശുപത്രികളില്‍ ജോലിചെയ്യുന്ന ഡോക്ടര്‍മാര്‍, അഭിഭാഷകര്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പ്രക്ഷോഭകര്‍ക്ക് സഹായങ്ങള്‍ ചെയ്യുന്നതിനായി വളന്റിയര്‍മാരായും പ്രവര്‍ത്തിച്ചു. കര്‍ഷകര്‍ക്കാവശ്യമായ വൈദ്യപരിചരണം നല്‍കാനായി എയിംസിലെ ഡോക്ടര്‍മാരുള്‍പ്പെടുന്ന 30 അംഗസംഘം പ്രത്യേക കൗണ്ടറും തുടങ്ങി. സമരക്കാര്‍ക്കുള്ള വെള്ളവും ഭക്ഷണവും എ.എ.പി നേതാക്കളുടെ വകയായിരുന്നു. ഇവ വിതരണംചെയ്യാനും മറ്റുമായി ഡല്‍ഹിയിലെ വിവിധ സര്‍വകലാശാലാ വിദ്യാര്‍ഥികളും സജീവമായി. സമരക്കാര്‍ക്ക് ആവശ്യമായ വെള്ളം ലഭിക്കുന്നുണ്ടെന്ന് ഡല്‍ഹി ജലബോര്‍ഡും ഉറപ്പിച്ചു.
സി.പി.എം കര്‍ഷക സംഘടനയായ അഖിലേന്ത്യാ കിസാന്‍സഭ ജന. സെക്രട്ടറി ഹനന്‍ മുല്ലയും എ.എ.പി മുന്‍ നേതാവും സ്വരാജ് അഭിയാന്‍ സ്ഥാപകനുമായ യോഗേന്ദ്രയാദവുമായിരുന്നു പ്രധാനമായും കര്‍ഷകപ്രക്ഷോഭത്തിന്റെ ആസൂത്രകര്‍. കഴിഞ്ഞ രണ്ടുദിവസവും രാംലീലാ മൈതാനിയില്‍ ഇരുന്നാണ് സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം കൂടിയായ ഹനന്‍ മുല്ല സമരത്തെ നിയന്ത്രിച്ചത്. ഡല്‍ഹി അതിര്‍ത്തിയിലുള്ള ബിജവസനില്‍നിന്ന് വ്യാഴാഴ്ച 26 കിലോമീറ്ററോളം കാല്‍നട ജാഥയായാണ് യാദവ് രാംലീലാ മൈതാനിയിലെത്തിയത്. അതേസമയം, ആത്മഹത്യ ചെയ്ത കര്‍ഷകരുടെ തലയോട്ടിയുമേന്തിയായിരുന്നു തമിഴ്‌നാട്ടില്‍ നിന്നുള്ള കര്‍ഷകരെത്തിയത്. 1,200 ഓളം കര്‍ഷകരാണ് തമിഴ്‌നാട്ടില്‍ നിന്നെത്തിയത്. ഇവര്‍ പാര്‍ലമെന്റ് ലക്ഷ്യമാക്കി നീങ്ങിയതോടെ പൊലിസ് തടഞ്ഞപ്പോള്‍ പൂര്‍ണനഗ്നരായി നിലത്തുകിടന്നാണ് പ്രതിഷേധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."